ചാല 'റെയിന്‍ബോ കോംപ്ലക്‌സ്' ലേബര്‍ ക്യാമ്പ് അനധികൃതം; അടച്ചുപൂട്ടാന്‍ ഉത്തരവ്
സംസ്ഥാനത്തെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ മന്ത്രി ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
31 Jan 2023 12:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ചാല പ്രധാന തെരുവില്‍ അതിഥി തൊഴിലാളികള്‍ തിങ്ങിക്കൂടി താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം മേയര്‍ എസ് ആര്യ രാജേന്ദ്രനും ലേബര്‍ കമ്മീഷണര്‍ കെ വാസുകി ഐഎഎസും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ് )കെഎം സുനിലും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും മന്ത്രി അടങ്ങുന്ന സംഘം പരിശോധിച്ചു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. സംസ്ഥാനത്തെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ മന്ത്രി ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാമ്പ് അടച്ചുപൂട്ടാന്‍ തിരുവനന്തപുരം നഗരസഭ നിര്‍ദേശം നല്‍കി. കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണം ഉണ്ടെങ്കില്‍ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എന്‍ജിനീയറോട് നിര്‍ദ്ദേശിച്ചു. കെട്ടിടത്തില്‍ ലൈസന്‍സ് ഇല്ലാത്ത കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി.
അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റര്‍സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മാന്‍ ആക്ട് 1979 പ്രകാരം കോണ്‍ട്രാക്ടര്‍ക്ക് ലേബര്‍ കമ്മീഷണറേറ്റ് നോട്ടീസ് നല്‍കും. അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ട്രാക്ടറോട് നിര്‍ദ്ദേശിച്ചു.