Top

വി മുരളീധരന്റെ അഭിപ്രായം 'മിഷന്‍ വാമനജയന്തി'യുടെ ഭാഗമോ?; മഹാബലിയെ തള്ളി കേന്ദ്രമന്ത്രി

17 Sep 2022 3:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വി മുരളീധരന്റെ അഭിപ്രായം മിഷന്‍ വാമനജയന്തിയുടെ ഭാഗമോ?; മഹാബലിയെ തള്ളി കേന്ദ്രമന്ത്രി
X

തിരുവനന്തപുരം: കേരളത്തിലെ ഭൂരിപക്ഷം മനുഷ്യരും ആവേശത്തോടെ ഏറ്റെടുത്ത ഒന്നായിരുന്നു ഈ വർഷത്തെ ഓണോഘോഷം. എല്ലാ മേഖലയിൽ നിന്നുള്ള മനുഷ്യരും ഒരുമിച്ച ഓണാഘോഷം അവസാനിച്ചിട്ടും ചർച്ചയിൽ വീണ്ടും നിറയുകയാണ്.

മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരൻ പറഞ്ഞതാണ് ഓണത്തെ വീണ്ടും ചർച്ചകളിൽ നിറക്കുന്നത്. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നർമദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി മുരളീധരൻ ആരോപിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് ഐതിഹ്യം തളളിക്കൊണ്ടുളള കേന്ദ്ര മന്ത്രിയുടെ പരാമർശം.

മഹാബലി ഐതിഹ്യവുമായി ബന്ധപ്പെട്ട് കേരളത്തിൽ ആഘോഷിക്കുന്ന ഓണത്തെ വാമനജയന്തിയാക്കി മാറ്റണമെന്ന ബിജെപി തീരുമാനത്തിന്റെ ഭാഗമാണോ മുരളീധരന്റെ വിദേശത്തെ വാക്കുകൾ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. മതേതര ആഘോഷമായി കേരളം കൊണ്ടാടുന്ന ഓണത്തെ അതിൽ നിന്നും മാറ്റി ഹിന്ദു ആഘോഷമായി മാത്രം ആഘോഷിപ്പിക്കാനുള്ള നീക്കം നടത്താൻ ബിജെപി തീരുമാനിച്ചെന്ന് റിപ്പോർട്ടറും മാതൃഭൂമിയും അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.

കേരളീയതയെ ഹൈന്ദവികതയുമായി ചേർക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഓണത്തിൻമേലുള്ള പരീക്ഷണം ആദ്യം നടത്താനുള്ള തീരുമാനമെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പുതുനയത്തിന് ദേശീയ സംഘടന സെക്രട്ടറി ബിഎൽ സന്തോഷ് അനുമതി നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താൻ പ്രചാരണം സംഘടിപ്പിക്കും. തിരുവോണം ഹൈന്ദവ ഉത്‌സവമാണെന്നും ആചാരങ്ങൾ പാലിക്കണമെന്നുമാകും ഈ പ്രചരണം ഊന്നുക. അത്തപ്പൂക്കളത്തിൽ തൃക്കാക്കരയപ്പനെ വെക്കാൻ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നടത്തും. തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കാനും പ്രചാരണം നടത്തും. ചിങ്ങം ഒന്നിന് കർഷക സംഗമവും നടത്തും, എന്നൊക്കെയാണ് തീരുമാനങ്ങളെന്നാണ് റിപ്പോർട്ടുകളിലുണ്ടായിരുന്നത്.

മഹാബലി സങ്കൽപ്പത്തിനാണ് ഇപ്പോൾ കേരളത്തിലെ ഓണാഘോഷത്തിൽ മുഖ്യപങ്ക്. ഇത് മാറ്റി വാമനാവതാരവുമായി ബന്ധപ്പെടുത്തി ആഘോഷിക്കാൻ വിവാദങ്ങളുണ്ടാവാത്ത തരത്തിൽ പ്രചാരണപരിപാടികൾ നടത്താൻ തീരുമാനമെടുത്തെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ബിജെപി നേതാവ് അമിത് ഷാ തന്നെ ഓണത്തെ വാമനനുമായി ബന്ധപ്പെടുത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആശംസകൾ നേർന്നിരുന്നു.

Story Highlights: central minister v muraleedharan about onam and mahabali

Next Story