Top

നേമം പദ്ധതി ഉപേക്ഷിക്കാന്‍ കാരണം വി മുരളീധരനാണെന്ന് മന്ത്രിമാര്‍; 'ഗൂഢാലോചന, മന്ത്രിയെന്ന നിലയില്‍ നാടിന് ഒരു സഹായവുമില്ല'

20 Jun 2022 11:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേമം പദ്ധതി ഉപേക്ഷിക്കാന്‍ കാരണം വി മുരളീധരനാണെന്ന് മന്ത്രിമാര്‍; ഗൂഢാലോചന, മന്ത്രിയെന്ന നിലയില്‍ നാടിന് ഒരു സഹായവുമില്ല
X

തിരുവനന്തപുരം: നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നുവെന്ന് മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ പറഞ്ഞു. പദ്ധതി വേണ്ടെന്നു വച്ചതിന്റെ കാരണമെന്താണെന്നും പദ്ധതി ഉപേക്ഷിച്ച കാര്യം മറച്ചു വെക്കാൻ ശ്രമിച്ചത് എന്തുകൊണ്ടാണെന്നും മന്ത്രിമാർ ചോദിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ കേന്ദ്ര സർക്കാരും റെയിൽവേയും തയ്യാറാവണം. നേമം ടെർമിനൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി.

'കേരളം അടിസ്ഥാനമാക്കിയുള്ള റെയിൽവേ സോൺ എന്ന ആവശ്യത്തോടും കേന്ദ്രം പുറംതിരിഞ്ഞ് നിൽക്കുകയാണ്. റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രം എക്കാലത്തും കേരളത്തോട് മുഖം തിരിച്ചു നിന്നിട്ടേയുള്ളൂ. അത് ആവർത്തിക്കുകയാണ്. ഈ നിലപാട് മാറാൻ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണം'

'നേമം ടെർമിനലിന്റെ നിർമ്മാണ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനെ സംബന്ധിച്ച് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി പലതവണ ഉന്നയിച്ചിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയം ഡിപിആർ ഇപ്പോഴും പരിശോധിച്ചു വരുകയാണെന്നും അംബ്രലാ വർക്കിന്റെ കീഴിൽ ഉൾപ്പെടുത്താൻ നേമം തെരഞ്ഞെടുത്തിട്ടുണ്ട് എന്നും മറ്റുമുള്ള ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ജോൺ ബ്രിട്ടാസ് എം പിയ്ക്ക് നൽകിയത്'.

'പിന്നീട് എം പി രാജ്യസഭാദ്ധ്യക്ഷന് നൽകിയ പരാതിയിൽ തിരുവനന്തപുരം സെൻട്രലിന്റെ ഉപടെർമിനലായി കൊച്ചുവേളിയുള്ള സ്ഥിതിക്ക് നേമം ടെർമിനൽ പദ്ധതി തന്നെ ഉപേക്ഷിച്ചു എന്ന വിവരം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന എംപിയെ അറിയിക്കുകയായിരുന്നു. ഇപ്രകാരം രാജ്യസഭാദ്ധ്യക്ഷന് പരാതി നൽകിയതിനെ തുടർന്ന് മാത്രമാണ് തികച്ചും രഹസ്യാത്മകമായി 2022 ഫെബ്രുവരിയിൽ തന്നെ പദ്ധതി ഉപേക്ഷിച്ച കാര്യം തുറന്നു പറയാൻ റെയിൽവേ ഇപ്പോൾ നിർബന്ധിതമായത്'.

നേമം ടെർമിലനെ കുറിച്ച് കേന്ദ്രമന്ത്രി വി മുരളിധരന് എന്താണ് പറയാനുള്ളതെന്നും മന്ത്രിമാർ ചോദിച്ചു. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ഒരു സഹായവും മുരളീധരനെ കൊണ്ട് കേരളത്തിനില്ല. പദ്ധതി ഉപേക്ഷിക്കാൻ പ്രധാന കാരണം വി മുരളീധരനാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ശശി തരൂരിന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്നും എംപി ആയിരുന്നിട്ട് തരൂർ മണ്ഡലത്തിന് വേണ്ടി എന്താണ് ചെയ്തതെന്നും ശിവൻകുട്ടി ചോദിച്ചു.

2011ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 116 കോടി രൂപയുടെ നേമം കോച്ചിംഗ് ടെർമിനൽ പദ്ധതിയാണ് കേന്ദ്രസർക്കാർ പിൻവലിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തേക്ക് കൂടുതൽ ട്രെയിനുകൾ വരാനുള്ള സാദ്ധ്യതയും ഇല്ലാതായി. കൊച്ചുവേളിയിൽ ടെർമിനൽ നിർമ്മിക്കുകയാണെന്നും, കൂടുതൽ സൗകര്യമൊരുക്കേണ്ട ആവശ്യം കേരളത്തിനില്ലെന്നമുള്ള പേരിലാണ് നേമത്തിന്റെ വിശദമായ പദ്ധതിരേഖ പരിഗണിക്കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചത്.

നേമത്ത് 14.5 ഹെക്ടർ ഭൂമി റെയിൽവേക്കുണ്ട്. ടെർമിനലിനായി 7.8ഹെക്ടർ കൂടിവേണമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നലതിന് 142.5കോടി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്രം തയ്യാറായത്. മുൻ റെയിൽവേ സഹമന്ത്രി ഒ. രാജഗോപാലിന്റെ ആശയമായിരുന്നു നേമം കോച്ചിംഗ് ടെർമിനൽ. ചെന്നൈയിലെ ബേസിൻ ബിഡ്ജിന്റെ മാതൃകയിലായിരുന്നു നേമത്തെ പദ്ധതി.

STORY HIGHLIGHTS: Central govt is not taking action on Nemom railway terminal project says kerala ministers

Next Story