Top

താത്കാലിക ആശ്വാസം: 5,000 കോടി രൂപ വായ്പയെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്രാനുമതി

ഗുരുതര സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് താത്കാലിക അനുമതി നല്‍കിയത്.

13 May 2022 4:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താത്കാലിക ആശ്വാസം: 5,000 കോടി രൂപ വായ്പയെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്രാനുമതി
X

തിരുവനന്തപുരം: 5,000 കോടി രൂപ വായ്പയെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കി കേന്ദ്രധനകാര്യമന്ത്രാലയം. 20,000 കോടി വായ്പയെടുക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ തേടിയതെങ്കിലും 5,000 കോടിയുടെ അനുമതി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പൊതുവിപണിയില്‍ നിന്ന് കടമെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഗുരുതര സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് താത്കാലിക അനുമതി നല്‍കിയത്.

കഴിഞ്ഞദിവസം വായ്പ എടുക്കുന്നതിന് കടുത്ത നിബന്ധനകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നത്. കിഫ്ബിയും പൊതുമേഖല സ്ഥാപനങ്ങളും എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കണമെന്ന കേന്ദ്ര നിലപാടാണ് സംസ്ഥാനത്ത് തിരിച്ചടിയായത്. വായ്പ മുടങ്ങുന്ന നിലയുണ്ടായാല്‍ സംസ്ഥാനത്തെ പെന്‍ഷന്‍, ശമ്പള വിതരണങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാകുമായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വായ്പ കണക്കുകള്‍ വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പഴയ വായ്പ കണക്കുകളില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇവയില്‍ വ്യക്തത വരുത്തിയ ശേഷമാണ് കടമെടുക്കല്‍ ആവശ്യങ്ങളില്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.

32,425 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിനു കടമെടുക്കാവുന്ന പരിധി. പതിവനുസരിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടപത്രങ്ങളിലൂടെ വായ്പയെടുക്കാനും അനുമതി ലഭിക്കുമായിരുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 4,000 കോടി രൂപ കടമെടുക്കാനുള്ള തയാറെടുപ്പുകളും സംസ്ഥാനം നടത്തിയിരുന്നു. ഒന്നിലധികം തവണയായി കേന്ദ്ര സര്‍ക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് ഇതുപ്രകാരം 4,000 കോടി പല ഘട്ടമായി ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരാണ് കേന്ദ്രം നിലപാട് സ്വീകരിച്ചിരുന്നത്. 5000 കോടിയുടെ വായപ് അനുമതി ലഭിച്ചതോടെ താത്കാലിക ആശ്വാസമാണ് സംസ്ഥാന സര്‍ക്കാരിന്.


Next Story

Popular Stories