Top

'സതീശന്റെ ജാതി നോക്കി വീടുകയറല്‍ പരാമര്‍ശം അസംബന്ധം'; ജനങ്ങളോട് പറയേണ്ടത് വസ്തുതകളെന്ന് മുഖ്യമന്ത്രി

ആരാണ് അവരവരുടെ ജാതിയും മതവും നോക്കിയിട്ട് വീടുകളില്‍ പോകുന്നതെന്ന് മുഖ്യമന്ത്രി.

20 May 2022 2:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സതീശന്റെ ജാതി നോക്കി വീടുകയറല്‍ പരാമര്‍ശം അസംബന്ധം; ജനങ്ങളോട് പറയേണ്ടത് വസ്തുതകളെന്ന് മുഖ്യമന്ത്രി
X

തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതിയും മതവും നോക്കി വോട്ട് പിടിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സതീശന്റെ പരാമര്‍ശം അസംബന്ധമാണെന്നും ജനങ്ങളോട് പറയേണ്ടത് വസ്തുതകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

''അസംബന്ധമായ വര്‍ത്തമാനമാണ് പ്രതിപക്ഷ നേതാവിന്റേത്. അദ്ദേഹത്തെ പോലെ ഒരാള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. വസ്തുതകളായിരിക്കണം നാട്ടുകാരോട് പറയേണ്ടത്. ആരാണ് അവരവരുടെ ജാതിയും മതവും നോക്കിയിട്ട് വീടുകളില്‍ പോകുന്നത്. പൊതുവിലുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായാണ് പോകുന്നത്. ഇതൊന്നും രഹസ്യമല്ല. തെറ്റായ കാര്യങ്ങള്‍ അദ്ദേഹം വിളിച്ച് പറയരുത്.''- മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അതത് രാഷ്ട്രീയപാര്‍ട്ടികളുടെ ആളുകള്‍ പ്രചരണത്തിന് പോകില്ലേ. അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാര്‍ ചിലവിലാണ് പോകുന്നുണ്ടെങ്കില്‍ അതാണ് തെറ്റെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതി നോക്കിയാണ് വീടുകളില്‍ കയറി വോട്ട് ചോദിക്കുന്നതെന്നായിരുന്നു വിഡി സതീശന്റെ പരാമര്‍ശം. ''മന്ത്രിമാര്‍ ജാതി, മതം നോക്കി വീട് കയറുന്നു. മതേതര കേരളത്തിന് ഇത് അപമാനമാണ്. മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെ.'' പ്രതിപക്ഷ നേതാവിന്റെ ഈ പരാമര്‍ശങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.



Next Story