Top

എംജി യൂണിവേഴ്‌സിറ്റിയിലെ ജാതിവിവേചനം; കളക്ട്രേറ്റില്‍ നടന്നത് ഏകപക്ഷീയ ചര്‍ച്ച, കോട്ടയം കളക്ടറുടെ വാദങ്ങള്‍ തള്ളി ഗവേഷക

6 Nov 2021 1:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംജി യൂണിവേഴ്‌സിറ്റിയിലെ ജാതിവിവേചനം; കളക്ട്രേറ്റില്‍ നടന്നത് ഏകപക്ഷീയ ചര്‍ച്ച, കോട്ടയം കളക്ടറുടെ വാദങ്ങള്‍ തള്ളി ഗവേഷക
X

ജാതി വിവേചനം ആരോപിച്ച് എംജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക നടത്തുന്ന സമരം പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടത് വിദ്യാര്‍ത്ഥിനി യോഗത്തില്‍ പങ്കെടുക്കാത്തത് കൊണ്ടാണെന്ന കോട്ടയം കളക്ടറുടെ വാദം തള്ളി ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍. നിരുത്തരവാദിത്തപരവും നിരാഹാര സമരം നടത്തുന്ന തന്നെ അവഹേളിക്കുന്ന നിലയിലുമാണ് സമീപനമാണ് കോട്ടയം കളക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ഗവേഷക ദീപ പി മോഹന്‍ ആരോപിച്ചു. കളക്ടറേറ്റില്‍ നടന്നത് താന്‍ പങ്കെടുക്കാത്ത ഏകപക്ഷീയ ചര്‍ച്ചയാണ് എന്നും കോട്ടയം വരെ യാത്ര ചെയ്തു പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ചര്‍ച്ചക്ക് പോകാതിരുന്നത്. ജീവന്‍ അപകടത്തിലാണ് എന്ന് അങ്ങോട്ട് അറിയിച്ചിട്ടു പോലും കളക്ടര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ദീപ ആരോപിച്ചു.

ഗവേഷണ വിദ്യാര്‍ഥിനിയുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചതെന്നും എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഇതോടെ യോഗത്തില്‍ സമവായം ഉണ്ടായില്ലെന്നു കളക്ടര്‍ അറിയിച്ചതിന് പിന്നാലെയാണ് ദീപാ മോഹന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ദീപ നിലപാട് വ്യക്തമാക്കിയത്.

നിരാഹാര സമരത്തിനിടെ ആരോഗ്യസ്ഥിതി വഷളായെങ്കിലും നവംബര്‍ രണ്ടിന് താന്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചത് കളക്ടര്‍ പിറ്റേന്ന് നേരിട്ടെത്തി വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്തി എനിക്കെതിരെ നടന്നിട്ടുള്ള ജാതി വിവേചനത്തിന് പരിഹാരം കാണുമെന്ന തഹസീല്‍ദാരുടെ ഉറപ്പിന്മേലാണ്. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പ്രശ്‌നത്തില്‍ ഇടപെടൂ എന്ന് ഒരു മാധ്യമ സുഹൃത്ത് വഴി അറിയിക്കുകയും ചെയ്തു. ഇതോടെ പരാതി ഡ്രാഫ്റ്റ് ചെയ്ത് സ്‌കാന്‍ ചെയ്ത് ഇ മെയില്‍ ചെയ്തു. എന്നിട്ടും കളക്ടര്‍ സര്‍വ്വകലാശാലയില്‍ എത്തിയില്ല. തുടര്‍ന്നാണ് കളക്ട്രേറ്റിലേക്ക് ചര്‍ച്ചക്ക് പങ്കെടുക്കാന്‍ ചെല്ലാന്‍ നിര്‍ദേശിച്ച് കത്ത് കൊടുത്തുവിട്ടത്. കോട്ടയം വരെ യാത്ര ചെയ്തു പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ചര്‍ച്ചക്ക് പോകാതിരുന്നത് എന്നും ദീപ മോഹന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അതേസമയം, ദീപാ മോഹന്‍ സമരത്തില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യമായ ആരോപണവിധേയനായ അധ്യാപകനെ പുറത്താക്കുക എന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ സമവായ ചര്‍ച്ചയില്‍ കലക്ടറെ അറിയിച്ചു. വിദ്യാര്‍ഥിനിക്ക് പഠിക്കാന്‍ എല്ലാ സൗകര്യമൊരുക്കി കൊടുക്കാമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചിട്ടെന്നും കളക്ടര്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. അതേവിഷയം, നിയമസഭയില്‍ അടക്കം ഉന്നയിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചിരുന്നു.

ദീപ പി മോഹന്റെ പോസ്റ്റ് പൂര്‍ണരൂപം-

കോട്ടയം കളക്ടറുടെ ഇടപെടലില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. തികച്ചും നിരുത്തരവാദിത്തപരവും നിരാഹാര സമരം നടത്തുന്ന എന്നെ അവഹേളിക്കുന്ന നിലയിലുമാണ് സമീപനം ഉണ്ടായിരിക്കുന്നത്. ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് 02/11/2021 ല്‍ ഞാന്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചത് കളക്ടര്‍ 03/11/2011 ല്‍ നേരിട്ടെത്തി വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്തി എനിക്കെതിരെ നടന്നിട്ടുള്ള ജാതി വിവേചനത്തിന് പരിഹാരം കാണുമെന്ന തഹസീല്‍ദാരുടെ ഉറപ്പിന്മേലാണ്. എന്നാല്‍ പിറ്റേന്ന് കളക്ടര്‍ സര്‍വ്വകലാശാലയില്‍ എത്തിയില്ല. മാത്രമല്ല വയ്യാതെ കിടക്കുന്ന ഞാന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പ്രശ്‌നത്തില്‍ ഇടപെടൂ എന്ന് ഒരു മാധ്യമ സുഹൃത്ത് വഴി അറിയിക്കുകയും ചെയ്തു!. അങ്ങനെ ഞാന്‍ ഒപ്പിട്ട പരാതി വയ്യാതെയാണെങ്കിലും ഡ്രാഫ്റ്റ് ചെയ്ത് സ്‌കാന്‍ ചെയ്ത് ഇ മെയില്‍ ചെയ്തു കൊടുത്തു.

എന്നിട്ടും കളക്ടര്‍ സര്‍വ്വകലാശാലയില്‍ എത്തിയില്ല. തുടര്‍ന്ന് എന്നോട് കളക്ട്രേറ്റിലേക്ക് ചര്‍ച്ചക്ക് പങ്കെടുക്കാന്‍ ചെല്ലാന്‍ പറഞ്ഞ് കത്ത് കൊടുത്തുവിടുകയാണുണ്ടായത്!

കോട്ടയം വരെ യാത്ര ചെയ്തു പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ചര്‍ച്ചക്ക് പോകാതിരുന്നത്.

ജീവന്‍ അപകടത്തിലാണ് എന്ന് അങ്ങോട്ട് അറിയിച്ചിട്ടു പോലും കളക്ടര്‍ എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.....

ഇന്നലെ കളക്ട്രേറ്റില്‍ നടന്നിരിക്കുന്നത് എന്റെ സാനിധ്യമില്ലാത്ത ഏകപക്ഷീയ ചര്‍ച്ചയാണ്....

Next Story