Top

'രോഹിത്തിന് ഇപ്പോഴും ആഗ്രഹം ചാമ്പ്യനാകാന്‍; പക്ഷെ കോച്ച് അനുവദിക്കില്ല'; സ്പോര്‍ട്സ് കൗണ്‍സില്‍ ഇടപെടണമെന്ന് ആവശ്യം ശക്തം

ധന്യ രാമന്‍, അജയ് കുമാര്‍ അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരാണ് രോഹിത്തിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

12 July 2022 11:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രോഹിത്തിന് ഇപ്പോഴും ആഗ്രഹം ചാമ്പ്യനാകാന്‍; പക്ഷെ കോച്ച് അനുവദിക്കില്ല; സ്പോര്‍ട്സ് കൗണ്‍സില്‍ ഇടപെടണമെന്ന് ആവശ്യം ശക്തം
X

തിരുവന്തപുരം: ബോക്സിംഗ് പരിശീലകന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി രോഹിത്തിന് നീതി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകര്‍.ധന്യ രാമന്‍, അജയ് കുമാര്‍ അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരാണ് രോഹിത്തിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

പരിശീലകന്റെ ജാതീയമായ അധിക്ഷേപങ്ങളില്‍ മനം നൊന്താണ് രോഹിത്ത് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അയാളുടെ കീഴില്‍ തുടര്‍പരിശീലനത്തിന് പോകാന്‍ രോഹിത്തിന് സാധിക്കില്ലെന്നും അജയ് കുമാര്‍ ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ സംസ്ഥാന പട്ടികജാതി കമ്മീഷന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ തുടങ്ങിയ സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അജയ് കുമാര്‍ പറഞ്ഞത്: ''രാജാജിനഗര്‍ സ്വദേശിയായ രോഹിത്ത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് കൗണ്‍സിലിലാണ് എട്ടാം ക്ലാസ് മുതല്‍ പരിശീലനത്തിനായി ചേര്‍ന്നത്. പഠനത്തിന് അടുത്തുള്ള അവനഞ്ചേരി സ്‌കൂളിലും ചേര്‍ന്നു. പരിശീലനത്തില്‍ മികവ് പുലര്‍ത്തി മുന്നോട്ട് പോകവെ ഈ വര്‍ഷം ജനുവരിയിലാണ് പുതിയ ബോക്സിംഗ് പരിശീലകനെത്തുന്നത്.''

''രോഹിത്ത് ഉള്‍പ്പെടെ രാജാജി നഗറില്‍ നിന്നുള്ള കുട്ടികളോട് അപമര്യാദയോടെയാണ് ഇയാള്‍ ആദ്യം മുതല്‍ പെരുമാറിയത്. താനാണ് സെലക്ഷന്‍ നടത്തുന്നത് എങ്കില്‍ ഈ കോളനി വേസ്റ്റുകള്‍ ഇവിടെ വരില്ല എന്ന് പറഞ്ഞായിരുന്നു തുടക്കം. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി, പരിശീലനത്തില്‍നിന്നും, മത്സരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തല്‍, നിരന്തരമായി കുട്ടിയെ 'നീ വെറും പാഴാണ്' എന്ന് പറഞ്ഞ് ആക്ഷേപിക്കല്‍. നിരന്തരമായ ആക്ഷേപങ്ങളിലൂടെയും അവഗണനയിലൂടെയും കുട്ടികളെ മാനസികമായി തളര്‍ത്തുകയായിരുന്നു പരിശീലകന്‍.''

''ജൂണ്‍ 15നായിരുന്നു രോഹിത്തിന്റെ ആത്മഹത്യാശ്രമം. കൃത്യസമയത്ത് ആശുപത്രില്‍ എത്തിച്ചതിനാലാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയില്‍ രോഹിത്ത് നടന്നതെല്ലാം വിശദീകരിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. പരിശീലകന്‍ ഇപ്പോഴും സ്പോര്‍ട്സ് കൗണ്‍സിലില്‍ തുടരുകയുമാണ്. കൂടാതെ ഇയാളുടെ ഭാഗത്ത് നിന്ന് ബോക്സിങ്ങില്‍ രാഹുലിനെ ഒന്നുമാകാന്‍ സമ്മതിക്കില്ല എന്ന് ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭീഷണിയുമുണ്ട്. പരിശീലകനായി ഇയാള്‍ തുടരുന്ന സംവിധാനത്തിലേക്ക് പഠനത്തിനായി പോകാനും ബുദ്ധിമുട്ടാണ്.''

പഠനവും പരിശീലനവും മുടങ്ങിയ സാഹചര്യത്തിലും ചാമ്പ്യനാകണമെന്ന് തന്നെയാണ് രോഹിത്തിന്റെ മോഹമെന്നും അജയ് കുമാര്‍ പറഞ്ഞു.

Story Highlights: boxing coach shows caste discrimination against students


Next Story