'കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ല'; ഷാരോണിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്
നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും ജയരാജ്.
3 Nov 2022 11:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് ഷാരോണിന്റെ പിതാവ് ജയരാജ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉറപ്പു നല്‍കിയതായി ഷാരോണിന്റെ അച്ഛന് ജയരാജ് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും ജയരാജ് അറിയിച്ചു.
അതേസമയം, ഷാരോണ്‍ കേസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷിക്കാമെന്നാണ് നിയമോപദേശം. തമിഴ്നാടിന് അന്വേഷണം കൈമാറണമെന്ന് നിര്‍ബന്ധമില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പൊലീസും കോടതിയുമാണ്. കേസ് കൈമാറുന്നതില്‍ പ്രതിഭാഗത്തിന്റെ വാദവും നിര്‍ണായകമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചാണ് നിയമോപദേശം തേടിയത്.
ഗ്രീഷ്മയുടെ വീട്ടില്‍ വച്ച് കഷായം നല്‍കിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടിയത്. കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കില്‍ തമിഴ്നാട് പൊലീസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്വേഷണ വിവരങ്ങള്‍ കൈമാറാനായിരുന്നു തീരുമാനം.
പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവര്‍മന്‍ചിറ തമിഴ്നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന് അതിര്‍ത്തിയിലാണ്. എന്നാല്‍ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ വീട്ടിലേക്ക് ഗ്രീഷ്മ വിളിച്ചുവരുത്തിയതും വിഷം നല്‍കിയതെന്നതിനാലും കേരള പൊലീസിന് കേസ് അന്വേഷിക്കാമെന്ന നിയമവശവുമുണ്ടെന്ന് വിദദ്ധര്‍ പറയുന്നു. സിആര്‍പിസി 179 പ്രകാരം ഇതിന് നിയമസാധുതയുണ്ടെന്നാണ് വിലയിരുത്തല്‍.