Top

ഉമ്മൻചാണ്ടിക്കെതിരായ ആക്രമണം; വിചാരണ അന്തിമ ഘട്ടത്തിലേക്ക്

കേസിൽ ഇതുവരെ 27 സാക്ഷികളെ വിസ്തരിച്ചു

30 Sep 2022 3:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മൻചാണ്ടിക്കെതിരായ ആക്രമണം; വിചാരണ അന്തിമ ഘട്ടത്തിലേക്ക്
X

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ച കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്ക്. കോൺ​ഗ്രസ് നേതാക്കളായ കെ സി ജോസഫിനേയും ടി സിദ്ദിഖിനേയും ഇന്ന് വിസ്തരിക്കും. വിസ്താരത്തിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഉമ്മൻചാണ്ടിയടക്കമുളളവർക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്. കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിന്‍റെ വിചാരണ നടപടികൾ നടക്കുന്നത്.

കേസിൽ ഇതുവരെ 27 സാക്ഷികളെ വിസ്തരിച്ചു. ആകെ 258 പ്രോസിക്യൂഷൻ സാക്ഷികളാണ് കേസിലുളളത്. അന്നത്തെ ടൗൺ എസ്ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പ്രധാന സാക്ഷികളാണ്. മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്ടോബർ 27ന് കണ്ണൂരിൽ വെച്ച് ആണ് ഉമ്മൻചാണ്ടിക്കെതിരെ കല്ലേറുണ്ടായത്. സംസ്ഥാന പൊലീസ് മീറ്റിന്‍റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ ടി സിദ്ദിഖ്, കെ സി ജോസഫ് എന്നിവർക്കും പരുക്കേറ്റിരുന്നു.

സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളടക്കം 113 പേർ പ്രതിപ്പട്ടികയിലുണ്ട്. മുൻ എംഎൽഎ സി കൃഷ്ണനാണ് ഒന്നാം പ്രതി. കല്ലെറിയുക, വധിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്ന് ആക്രമിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. മുൻ എംഎൽഎമാരായ സി കൃഷ്ണൻ, കെ കെ നാരയാണൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയി കുര്യൻ, എകെജി സെൻ്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടെകൈ എന്നിവരടക്കം പ്രതിപ്പട്ടികയിലുണ്ട്.

STORY HIGHLIGHTS: case of attack against Oommen Chandy trial is at its final stage

Next Story