Top

കെ റെയില്‍: കല്ല് മോഷ്ടിച്ചെന്ന് കെഎസ്‌യുക്കാര്‍ക്കെതിരെ കേസ്; പൊലീസിന്റെ കണ്ണില്‍ മണ്ണെണ്ണ ഒഴിച്ചെന്നാരോപിച്ച് മാടപ്പള്ളിയില്‍ 150 പേര്‍ക്കെതിരെ കേസ്

വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ കണ്ണില്‍ മണ്ണെണ്ണ വീണെന്നും കാഴ്ച്ചയ്ക്ക് തകരാറുണ്ടായതായും പൊലീസ് പറഞ്ഞു.

21 March 2022 4:01 AM GMT
റെയ്ക്കാഡ് അപ്പു ജോർജ്ജ്

കെ റെയില്‍: കല്ല് മോഷ്ടിച്ചെന്ന് കെഎസ്‌യുക്കാര്‍ക്കെതിരെ കേസ്; പൊലീസിന്റെ കണ്ണില്‍ മണ്ണെണ്ണ ഒഴിച്ചെന്നാരോപിച്ച് മാടപ്പള്ളിയില്‍ 150 പേര്‍ക്കെതിരെ കേസ്
X

കൊല്ലം/കോട്ടയം: കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടികളുമായി സര്‍ക്കാര്‍. കൊല്ലത്ത് പൊലീസ് സ്റ്റേഷനു മുന്നില്‍ സര്‍വ്വേക്കല്ലിട്ട് പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിര മോഷണക്കുറ്റം ചുമത്തി കേസെടുത്തു. കെ റെയിലിന് വേണ്ടി സര്‍ക്കാര്‍ മറ്റെവിടെയോ സ്ഥാപിച്ച കല്ലാണ് പ്രതിഷേധക്കാര്‍ സമരത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസ് അനുമാനം. കെ റെയില്‍ അധികൃതരെത്തി കല്ലിലെ നമ്പര്‍ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കും. കെ.എസ്.യു ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുന്നിലാണ് പ്രതീകാത്മകമായി കല്ലിട്ടത്. കല്ല് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാത്തതിനാല്‍ ഉപേക്ഷിച്ചു. ഇതിന് പിന്നാലെ പൊലീസെത്തി കല്ല് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടല്‍ തടയാന്‍ ശ്രമിച്ച 150 പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. മണ്ണെണ്ണയുമായി ആത്മഹത്യഭീഷണി പ്രതിഷേധം നടത്തിയതിനേത്തുടര്‍ന്നാണിത്. വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ കണ്ണില്‍ മണ്ണെണ്ണ വീണെന്നും കാഴ്ച്ചയ്ക്ക് തകരാറുണ്ടായതായും പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം സ്റ്റേഷനിലെ ദിവ്യ മോള്‍ എന്ന ഉദ്യോഗസ്ഥയുടെ കണ്ണില്‍ മണ്ണെണ്ണ വീഴ്ത്തിയെന്നാണ് കേസ്. പൊലീസ് വലിച്ചിഴച്ച ജിജി ഫിലിപ്പടക്കം കേസില്‍ പ്രതിയാണ്. ഒമ്പതുവയസുകാരി മകളെ സമരസ്ഥലത്തെത്തിച്ചെന്ന പേരില്‍ ജിജിക്ക് മറ്റൊരു കേസുകൂടിയുണ്ട്. കോട്ടയം ജില്ലയില്‍ ഇന്ന് മുതല്‍ കല്ലിടലും സര്‍വ്വേയും പുനരാരംഭിക്കും.

കല്ല് പിഴുതെറിയലിനെ പിഴയിട്ടും കേസെടുത്തും നേരിടാനാണ് സര്‍ക്കാര്‍ നീക്കം. സമര്‍ക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കലിനെതിരായ നിയമപ്രകാരം നടപടിയെടുക്കും. അറസ്റ്റിലാകുന്നവരെ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക കെട്ടിവെച്ചാലേ ജാമ്യം നല്‍കി വിട്ടയക്കൂ. ഒരു കല്ലിന് മാത്രം 1,000 രൂപയും സ്ഥാപിക്കാനുള്ള ചെലവ് 4,500 രൂപയുമാണ്. 530 കിലോമീറ്റര്‍ നീളമുള്ള പദ്ധതിയില്‍ ഇതുവരെ 155 കിലോമീറ്റര്‍ സര്‍വ്വേയാണ് പൂര്‍ത്തിയാക്കിയത്. 6,000 കല്ലുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.

Highlights: police case agianst 150 madappally k rail protesters for carrying kerosene

Next Story