സഭാ ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാവില്ല
16 May 2022 1:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാവില്ല. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില്‍ രാവിലെ 11 ന് എത്താനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതല വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ സ്വഭാവമനുസരിച്ച് നേരിട്ട് ഹാജരാവേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം കര്‍ദിനാളിന്റെ ആവശ്യം പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്. കര്‍ദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി പോവുന്നുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. മാത്രമല്ല കോടതിയില്‍ നിന്നും നാല് കിലോ മീറ്റര്‍ മാത്രം അകലെ മാത്രമാണ് കര്‍ദിനാള്‍ താമസിക്കുന്നതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് നേരത്തെ കെസിബിസി രംഗത്തെത്തിയിരുന്നു. ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നും ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്നും അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു.
story highlight: cardinal mar George alanchery will not appear before court today