'സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ല'; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
25 Dec 2021 2:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സമാധാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും മാര്‍ ജോര്‍ജ് പറഞ്ഞു.
കൊച്ചിയില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പാതിരാ കുര്‍ബാനയ്ക്കിടെയായിരുന്നു പരാമര്‍ശം. സാധാരണ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിക്കാറുള്ളത്.
എന്നാല്‍ ഏകീകൃത കുര്‍ബാനയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കര്‍ദിനാള്‍ സെന്റ് തോമസ് മൗണ്ടില്‍ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു. ഏകീകൃത കുര്‍ബാന ക്രമം അനുസരിച്ചാണ് കര്‍ദിനാള്‍ ദിവ്യബലി അര്‍പ്പിച്ചത്. അതേസമയം സെന്റ് മേരീസ് ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന നടന്നു. പള്ളി വികാരി ഫാദര്‍ ഡേവിഡ് മാടവന കാര്‍മികത്വം വഹിച്ചു.