Top

ബൈക്കപകടത്തിൽപെട്ട യുവാവിന്റെ ഹെൽമറ്റിനുളളിൽ നിന്ന് കഞ്ചാവ്; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകളിലേയും യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണു

12 Nov 2022 3:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബൈക്കപകടത്തിൽപെട്ട യുവാവിന്റെ ഹെൽമറ്റിനുളളിൽ നിന്ന് കഞ്ചാവ്; പൊലീസ് അന്വേഷണം ആരംഭിച്ചു
X

ഇടുക്കി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽപെട്ട യുവാവിന്റെ ഹെൽമറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. പൂച്ചപ്ര ചുള്ളിമ്യാലിൽ ബിബിൻ ബാബു(23)ന്റെ ഹെൽമെറ്റിനുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അപകടം നടന്നയുടൻ യുവാവ് പൊലീസ് എത്തുന്നതിന് മുമ്പെ രക്ഷപ്പെടുകയായിരുന്നു. ഹെൽമറ്റിനുളളിൽ നിന്ന് 4.5 ഗ്രാം കഞ്ചാവ് ആണ് പൊലീസിന് ലഭിച്ചത്.

വ്യാഴാഴ്ച വൈകിട്ട് കരുപ്പാറയിലെ സ്വാകാര്യ ​ഗ്യാസ് ഏജൻസിക്ക് മുമ്പിലായിരുന്നു അപകടം. ബിബിൻ സ‍ഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകളിലേയും യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണു. തെറിച്ചുവീണ ബിബിൻ ബൈക്കും ഹെൽമറ്റും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ബിബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഇയാളുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബിബിൻ ഇതിന് മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. അപകടത്തിൽപെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രികനെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

STORY HIGHLIGHTS: Cannabis found inside in helmet of a youth who was involved in a bike accident

Next Story