Top

'ഇങ്ങനെയുണ്ടോ ഇരട്ടത്താപ്പ്?'; കേന്ദ്രത്തിന്റെ ഓഫ് ബജറ്റ് ബോറോയിങ്ങിനേക്കുറിച്ച് സിഎജിക്ക് മൗനമെന്ന് തോമസ് ഐസക്

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ എത്ര പരതിയിട്ടും ഇതു കേന്ദ്രത്തിന്റെ വാര്‍ഷിക വായ്പയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശം കണ്ടെത്താനായില്ലെന്നും മുതിര്‍ന്ന സിപിഐഎം നേതാവ്

13 Aug 2022 6:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇങ്ങനെയുണ്ടോ ഇരട്ടത്താപ്പ്?; കേന്ദ്രത്തിന്റെ ഓഫ് ബജറ്റ് ബോറോയിങ്ങിനേക്കുറിച്ച് സിഎജിക്ക് മൗനമെന്ന് തോമസ് ഐസക്
X

ആലപ്പുഴ: ഓഫ് ബജറ്റ് ബോറോയിങ്ങിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാരിനോടും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് വ്യത്യസ്ത സമീപനമാണെന്ന് ടി എം തോമസ് ഐസക്. കേരളത്തിന്റെ ഓഫ് ബജറ്റ് ബോറോയിംഗിനെതിരെയും മറ്റും വാള് വീശി ഇറങ്ങുന്ന സിഎജി മൃദുവായിട്ടാണ് കേന്ദ്രത്തിന്റെ സമ്പൂര്‍ണ്ണ പരാജയത്തെക്കുറിച്ച് പറയുന്നതെന്ന് മുന്‍ ധനമന്ത്രി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗ് 3.17 ലക്ഷം കോടി രൂപ വരും. ബജറ്റിന്റെ അനുബന്ധത്തില്‍ ഓഫ് ബജറ്റ് ബോറോയിംഗ് പ്രത്യേകം എടുത്തുകൊടുക്കുന്നുണ്ടെങ്കിലും ആ തുക കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക വായ്പയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിഎജി കണ്ടുപിടിച്ചതുകൂടി ഉള്‍പ്പെടുത്തിയാല്‍ ധന കമ്മി കുത്തനെ ഉയരും. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ എത്ര പരതിയിട്ടും ഇതു കേന്ദ്രത്തിന്റെ വാര്‍ഷിക വായ്പയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശം കണ്ടെത്താനായില്ലെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ചൂണ്ടിക്കാട്ടി.

'പക്ഷേ, കേരള സര്‍ക്കാര്‍ പെന്‍ഷന്‍ കമ്പനി വഴിയും കിഫ്ബി വഴിയും എടുത്തിരിക്കുന്ന വായ്പകള്‍ സര്‍ക്കാരിന്റെ വായ്പാ കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് സിഎജിക്കു വലിയ ശാഠ്യമാണ്. ഇങ്ങനെയുണ്ടോ ഇരട്ടത്താപ്പ്? കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന കാര്യം അവിതര്‍ക്കിതമാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന് ഇപ്പോഴും വലിയ റവന്യു കമ്മി ഉണ്ട്. വായ്പയെടുക്കുന്നതിന്റെ പകുതി റവന്യു ചെലവിനാണ് വിനിയോഗിക്കുന്നത്. 2006-07/2013-14 കാലത്ത് കേരളത്തിന്റെ വാറ്റ് നികുതി ഏതാണ്ട് 20 ശതമാനംവച്ച് പ്രതിവര്‍ഷം ഉയര്‍ന്നുവന്നു. ഈ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിന്റെ നിലയും ഏതാണ്ട് മറ്റു സംസ്ഥാനങ്ങളെപ്പോലെ ആയേനേ,' തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ കുറിപ്പ്

"മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന ഒരു കമന്റിനുവേണ്ടി വിളിച്ചപ്പോഴാണ് സി&എജിയുടെ ഈ മാസം എട്ടാം തീയതി പുറത്തിറങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ ധന ഉത്തരവാദിത്വ നിയമ നിര്‍വ്വഹണ അവലോകന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടത്. കേരളത്തിന്റെ ഓഫ് ബജറ്റ് ബോറോയിംഗിനെതിരെയും മറ്റും വാള് വീശി ഇറങ്ങുന്ന സി&എജി എത്ര മൃദുവായിട്ടാണ് കേന്ദ്രത്തിന്റെ സമ്പൂര്‍ണ്ണ പരാജയത്തെക്കുറിച്ച് പറയുന്നത്.

സംസ്ഥാനങ്ങള്‍ മൊത്തത്തില്‍ എടുത്താല്‍ ധന ഉത്തരവാദിത്വ നിയമങ്ങള്‍ കഴിഞ്ഞൊരു ദശാബ്ദക്കാലത്തു പാലിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷംപോലും കേന്ദ്ര സര്‍ക്കാരിന് അതിനു കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗ് സംബന്ധിച്ച് ബജറ്റിന് അനുബന്ധമായി നല്‍കുന്ന രേഖയിലെ കണക്കുകള്‍ പൂര്‍ണ്ണമല്ല.

2019-20ല്‍ ഇത് 1.48 ലക്ഷം കോടി രൂപ ആയിരുന്നു. എന്നാല്‍ ഇതില്‍ ഉള്‍പ്പെടുത്താതെ 1.69 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഒളിപ്പിച്ചുവെന്നുവെന്നാണ് സി&എജിയുടെ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നത്. സി&എജി ഇവ അക്കമിട്ട് നല്‍കുന്നുണ്ട്. എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് കമ്പനിയുടെ 14985 കോടി രൂപയും, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ 36,440 കോടി രൂപയും, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 43483 കോടി രൂപയും, നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 74,988 കോടി രൂപയും ഉണ്ട്. ഇവകൂടി ചേര്‍ത്താല്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗ് 3.17 ലക്ഷം കോടി രൂപ വരും!

രസകരമായ മറ്റൊരു കാര്യവുംകൂടിയുണ്ട്. ബജറ്റിന്റെ അനുബന്ധത്തില്‍ ഓഫ് ബജറ്റ് ബോറോയിംഗ് പ്രത്യേകം എടുത്തുകൊടുക്കുന്നുണ്ട് എന്നതു ശരിതന്നെ. എന്നാല്‍ ആ തുക കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക വായ്പയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. സി&എജി കണ്ടുപിടിച്ചതുകൂടി ഉള്‍പ്പെടുത്തിയാല്‍ ധന കമ്മി കുത്തനെ ഉയരും. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള സി&എജി റിപ്പോര്‍ട്ടില്‍ എത്ര പരതിയിട്ടും ഇതു കേന്ദ്രത്തിന്റെ വാര്‍ഷിക വായ്പയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശം കണ്ടെത്താനായില്ല.

പക്ഷേ, കേരള സര്‍ക്കാര്‍ പെന്‍ഷന്‍ കമ്പനി വഴിയും കിഫ്ബി വഴിയും എടുത്തിരിക്കുന്ന വായ്പകള്‍ സര്‍ക്കാരിന്റെ വായ്പാ കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് സി&എജിക്കു വലിയ ശാഠ്യമാണ്. ഇങ്ങനെയുണ്ടോ ഇരട്ടത്താപ്പ്? കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന കാര്യം അവിതര്‍ക്കിതമാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന് ഇപ്പോഴും വലിയ റവന്യു കമ്മി ഉണ്ട്. വായ്പയെടുക്കുന്നതിന്റെ പകുതി റവന്യു ചെലവിനാണ് വിനിയോഗിക്കുന്നത്. 2006-07/2013-14 കാലത്ത് കേരളത്തിന്റെ വാറ്റ് നികുതി ഏതാണ്ട് 20 ശതമാനംവച്ച് പ്രതിവര്‍ഷം ഉയര്‍ന്നുവന്നു. ഈ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിന്റെ നിലയും ഏതാണ്ട് മറ്റു സംസ്ഥാനങ്ങളെപ്പോലെ ആയേനേ.

എന്നാല്‍ പ്രവേശന നികുതി സുപ്രിംകോടതി അസ്ഥിരപ്പെടുത്തിയതോടെ വാറ്റ് നികുതി വര്‍ദ്ധനവ് 10 ശതമാനമായി താഴ്ന്നു. ജി.എസ്.ടി വന്നിട്ടും ഇതില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ഈ ദൗര്‍ബല്യം വലിയൊരു പരിധിവരെ ഭാവിയില്‍ മറികടക്കാനാവുമെന്ന ശുഭാപ്തിവിശ്വാസമാണ് എനിക്കുള്ളത്.

മറ്റ് ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ വ്യവസായ അടിത്തറ ദുര്‍ബലമാണ്. അതുകൊണ്ട് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളെല്ലാം പുറത്തുനിന്നും വരുന്നവയാണ്. ഇത്തരത്തിലുള്ള അന്തര്‍സംസ്ഥാന വ്യാപാരത്തിനുമേല്‍ അന്തര്‍സംസ്ഥാന ജി.എസ്.ടി നികുതിയാണുള്ളത്. ഇതു വര്‍ദ്ധിക്കാത്തതാണ് ജി.എസ്.ടി വരുമാനം ഉയരാത്തതിനു കാരണം. ഈ ചോര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന നികുതി വകുപ്പ്. ഒരുപക്ഷേ, ഇന്‍പുട്ട് ക്രെഡിറ്റ് കൊടുക്കുന്ന ഇന്നത്തെ രീതിയിലും ചില മാറ്റങ്ങള്‍ വേണ്ടിവന്നേയ്ക്കാം.

ഫിനാന്‍സ് കമ്മീഷന്റെ അവാര്‍ഡ് പ്രകാരമുള്ള സംസ്ഥാനത്തെ വിഹിതം അടിക്കടി കുറഞ്ഞുവരുന്നതും കേന്ദ്രസര്‍ക്കാരിനു നാനാവിധ വിചേനങ്ങളും ഉണ്ടെങ്കിലും സംസ്ഥാനത്തിന് ധനദൃഡീകരണ പാതയിലേക്ക് നീങ്ങിയേ തീരൂ. പക്ഷേ അതിനു സമയമെടുക്കും. അതിനുള്ള സമയം കേരളത്തിന് അനുവദിച്ചേതീരൂ. ഒരേ തൊപ്പി എല്ലാവരുടെ തലയിലും ഒരേപോലെ വച്ചുകെട്ടാന്‍ നോക്കിയിട്ടു കാര്യമില്ല.

എന്നാലും കേരളത്തെ പഠിപ്പിക്കാന്‍ വരുന്ന കേന്ദ്രത്തിന്റെ ധനകാര്യം പോലെ കേരളത്തിലെ സ്ഥിതി കുത്തഴിഞ്ഞിട്ടില്ല. സി&എജിയുടെ വിമര്‍ശനം പ്രത്യക്ഷമായും പരോക്ഷമായും എടുക്കുന്ന വായ്പകള്‍ സുതാര്യമായിരിക്കണമെന്നതെങ്കില്‍ അതിനു സംസ്ഥാനത്തിനു വിരോധം ഉണ്ടാകേണ്ട ആവശ്യമില്ല. ബജറ്റിന് അനുബന്ധമായിട്ട് എല്ലാ ഓഫ് ബജറ്റ് ബോറോയിംഗും സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ എടുക്കുന്ന പൊതുമേഖലാ വായ്പകളുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കാവുന്നതേയുള്ളൂ. അതെല്ലാം സര്‍ക്കാരിന്റെ വായ്പയായി കരുതി വാര്‍ഷിക വായ്പാ പരിധി വെട്ടിക്കുറയ്ക്കണമെന്നു മാത്രം ശഠിക്കരുത്. ഈയൊരു ശാഠ്യം കേന്ദ്രത്തോട് ഇല്ലല്ലോ. അവിടെ അനുബന്ധത്തില്‍ ഉള്ളവ കണക്കില്‍ ഇല്ലല്ലോ.

Story Hihlights: cag shows double standard in off budget borrowing alleges ex fm tm thomas isaac

Next Story