Top

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മര്‍ദനം; പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിക്കെതിരെ അന്വേഷണം

സ്‌കെയില്‍ വെച്ചാണ് വിജയകുമാര്‍ കുഞ്ഞുങ്ങളെ തല്ലാറുള്ളത് എന്നും ഫോണില്‍ സംസാരിക്കുന്നതിനിടെ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിന് കാരണമെന്നും ആയയുടെ പരാതി

29 March 2022 3:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മര്‍ദനം; പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിക്കെതിരെ അന്വേഷണം
X

പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദിച്ചെന്ന് പരാതി. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രത്തിലെ ആയയുടെ പരാതിയിലാണ് നടപടി. വിജയകുമാര്‍ പല തവണയായി കുഞ്ഞുങ്ങളെ മര്‍ദിച്ചുവെന്നാണ് പരാതി.

പരാതി ഉയരുകയും ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ രാജിവെച്ചു. സിപിഐഎം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വിജയകുമാര്‍. പരാതി ഉയര്‍ന്നതിന് പിന്നാലെ വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിജയകുമാറിനെതിരെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

നവജാതശിശുക്കള്‍ മുതല്‍ അഞ്ചുവയസ് പ്രായമായ കുട്ടികളെയുള്‍പ്പെടെ പരിചരിക്കുന്ന ഇടമാണ് ശിശുപരിചരണ കേന്ദ്രം. ഇവിടെയുള്ള കുട്ടികളെ വിജയകുമാര്‍ പല തവണ മര്‍ദിച്ചെന്നാണ് പരാതി. സ്‌കെയില്‍ വെച്ചാണ് വിജയകുമാര്‍ കുഞ്ഞുങ്ങളെ തല്ലാറുള്ളത് എന്നും ഫോണില്‍ സംസാരിക്കുന്നതിനിടെ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിന് കാരണമെന്നും ആയയുടെ പരാതിയില്‍ പറയുന്നു. വിജയകുമാറിന്റെ പെരുമാറ്റത്തെ കുറിച്ച് നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിന്ന സഹചര്യം ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടറെ സമീപിച്ചത്.

Content Highlight: Bullying of children Inquiry against Palakkad District Child Welfare Committee Secretary

Next Story

Popular Stories