Top

എംജി സർവകലാശാല തട്ടിപ്പ്; ഫലത്തിലെ അപാകതകൾ മുതലെടുത്ത്; അന്വേഷണം ശക്തമാക്കാൻ വിജിലൻസ്

എൽസി സി ജെ മുൻപും കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടുതൽ ഉദ്യോഗസ്ഥർ കേസിൽ ഉൾപെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.

30 Jan 2022 7:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംജി സർവകലാശാല തട്ടിപ്പ്; ഫലത്തിലെ അപാകതകൾ മുതലെടുത്ത്; അന്വേഷണം ശക്തമാക്കാൻ വിജിലൻസ്
X

എംജി സര്‍വകലാശാലയിലെ കൈകൂലി കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി വിജിലൻസ്. അറസ്റ്റിലായ എൽസി സി ജെ മുൻപും കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടുതൽ ഉദ്യോഗസ്ഥർ കേസിൽ ഉൾപെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇത്തവണത്തെ എംബിഎ ഫലത്തിലെ അപാകതകൾ മുതലെടുത്താണ് ഉദ്യോഗസ്ഥ തട്ടിപ്പ് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് സര്‍വകലാശാലയുടെ നീക്കം.

എംജി സർവകലാശാലയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വ്യാപകമാണെന്ന ആക്ഷേപങ്ങൾ നിലനിൽക്കെയാണ് വിജിലൻസിന്റെ നീക്കം. എൽസി സിജെ മുമ്പ് കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇവരുടെ അർപ്പൂക്കരയിലെ വീട്ടിൽ ഇന്നലെ വിജിലൻസ് പരിശോധന നടത്തിയിരുന്നു.

കൊവിഡ് കാലത്ത് പലതവണ മാറ്റിവെച്ച പരീക്ഷകളുടെ ഫലം പുറത്തു വന്നപ്പോൾ ജയിച്ചവർ തോറ്റിരുന്നു. ഇതോടെ പോസ്റ്റ് കറക്ഷൻ എന്ന നടപടിയിലൂടെ പരീക്ഷാഭവൻ പിഴവുകൾ തിരുത്തുകയായിരുന്നു. ഇതിൻ്റെ മറവിലാണ് വിദ്യാർഥിനിയെ ജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി എൽസി സിജെ പണം തട്ടിയതെന്നാണ് സൂചന. അന്വേഷണ വിധേയമായി സർവകലാശാല ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു.

മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് സെക്ഷന്‍ അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇവ ലഭിക്കുന്നതിനായുള്ള കാലതാമസം ഒഴിവാക്കാമെന്ന് പറഞ്ഞ എൽസി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയില്‍ നിന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി.

സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാക്കി തുക വേണമെന്ന് ഇവര്‍ വാശിപിടിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി വിജിലന്‍സില്‍ പരാതി പെടുകയും ബാക്കി തുകയില്‍ 15000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച് കൈപ്പറ്റിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുകളുമായി വിജിലന്‍സ് വിദ്യാര്‍ത്ഥിയെ സര്‍വകലാശാലയിലേക്ക് അയച്ചു. ഇത് കൈപറ്റുന്നതിനിടെയണ് എല്‍സിയെ വിജിലന്‍സ് സംഘം പിടികൂടിയത്. കോട്ടയം ആര്‍പ്പൂക്കര സ്വദേശിയാണ് എല്‍സി. വിജിലന്‍സ് എസ്പി വിജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കങ്ങളാണ് ഉദ്യോഗസ്ഥയെ കുടുക്കിയത്. ഇടത് യൂണിയന്‍ അംഗമായിരുന്നു എല്‍സി. അവരെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റുകള്‍ക്കും മാര്‍ക്ക്‌ലിസ്റ്റിനുമൊക്കയായി സര്‍വ്വകലാശാലയില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി ഇത്തരത്തില്‍ കൈക്കൂലി വാങ്ങുന്ന സംഭവങ്ങള്‍ എംജി സര്‍വകലാശാലയില്‍ നിരന്തരം ഉണ്ടാകാറുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യ സമയത്ത് ലഭിച്ചില്ലെങ്കില്‍ ഉപരിപഠനം മുടങ്ങുമോയെന്ന വിദ്യാര്‍ത്ഥികളുടെ ആശങ്കയാണ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നത്.

Next Story