ബ്രഹ്മപുരം തീപിടിത്തം: 'ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണം', കൃത്യമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് വേണമെന്ന് നിര്‍ദേശം
മാലിന്യ സംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച സംഭവിക്കുന്നുവെന്നാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്
18 March 2023 5:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴയിട്ട ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിയും വകുപ്പുതലനടപടിയും വേണം. രണ്ട് മാസത്തിനകം ഇതുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു.
കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച സംഭവിക്കുന്നുവെന്നാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. വായുവിലും ചതുപ്പിലും മാരക വിഷപദാര്‍ത്ഥം കണ്ടെത്തിയിട്ടുണ്ടെന്നും തീ അണയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും പൂര്‍ണപരാജയമാണെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചു.
കോര്‍പ്പറേഷനില്‍ നിന്ന് ഈടാക്കുന്ന 100 കോടി രൂപ പിഴ, തീപിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെയ്ക്കാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. തീപിടിത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികള്‍ക്കും തുക ഉപയോഗിക്കണം. കൊച്ചിയിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. കൃത്യമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
Story Highlights: Brahmapuram Fire NGT Direction To Take Action Against Officers