Top

സംസ്ഥാനത്ത് കുപ്പിവെള്ള വിപണി കുതിക്കുന്നു; വേനല്‍ക്കാലത്ത് 80 കോടിയുടെ വില്‍പ്പന

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനത്തോളം അധിക വില്‍പ്പനയാണ് മേഖല ഇത്തവണ ലക്ഷ്യമിടുന്നത്

18 March 2023 12:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് കുപ്പിവെള്ള വിപണി കുതിക്കുന്നു; വേനല്‍ക്കാലത്ത് 80 കോടിയുടെ വില്‍പ്പന
X

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ള വില്‍പ്പനയില്‍ വന്‍ കുതിപ്പ്. വിപണിയില്‍ 80 കോടിയുടെ ബിസിനസാണ് വേനല്‍ക്കാല സീസണായ മാര്‍ച്ച് മുതല്‍ മേയ് വരെ നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാലം തെറ്റി പെയ്ത മഴ കാരണം കാര്യമായ ബിസിനസ് നടന്നിരുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനത്തോളം അധിക വില്‍പ്പനയാണ് മേഖല ഇത്തവണ ലക്ഷ്യമിടുന്നത്.

ഒരു വര്‍ഷം ശരാശരി 200 കോടി രൂപയുടെ കുപ്പിവെള്ളമാണ് കേരളത്തില്‍ വില്‍ക്കുന്നത്. ഇതില്‍ 40 ശതമാനം വില്‍പ്പനയും പ്രധാന സീസണായ മാര്‍ച്ച് മുതല്‍ മേയ് വരെയാണ് നടക്കുന്നത്. നേരത്തെ ഫെബ്രുവരി പകുതി മുതലായിരുന്നു സീസണ്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാര്‍ച്ച് പകുതി മുതലാണ് സീസണ്‍ ആരംഭിക്കുന്നത്.

അര ലിറ്റര്‍ മുതല്‍ അഞ്ച് ലിറ്റര്‍ വരെയുള്ള കുപ്പിവെള്ളമാണ് വിപണിയിലുളളത്. എന്നാല്‍ 20 രൂപ വില വരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിനാണ് ആവശ്യക്കാര്‍ ഏറെ. അര ലിറ്ററിന്റെ കുപ്പിവെളളം പൊതുവെ വിവാഹം പോലെയുളള പരിപാടികളിലാണ് ഉപയോഗിക്കുന്നത്.

കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ 20 ലിറ്റര്‍ വെള്ളത്തിന്റെ ജാറിന് ആവശ്യക്കാര്‍ കൂടുതലാണ്. 50 രൂപ മുതല്‍ 80 രൂപ വരെയാണ് ജാറിന്റെ വില. ഫ്‌ളാറ്റുകളില്‍ പാചകത്തിനായാണ് 20 ലിറ്ററിന്റെ ജാര്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

എന്നാല്‍ കേരളത്തിലെ കുപ്പിവെള്ള വിപണിയുടെ 40 ശതമാനവും കൈയ്യടക്കിയിരിക്കുന്നത് ബഹുരാഷ്ട്ര കമ്പനികളാണ്. ആവശ്യം മുന്നില്‍ക്കണ്ട് കമ്പനികള്‍ നേരത്തേ തന്നെ സ്റ്റോക്ക് എത്തിക്കും. കേരളത്തിലെ കമ്പനികള്‍ ഒന്നര ലക്ഷം കുപ്പിവെള്ളം വില്‍ക്കുന്നുണ്ട്. അതേസമയം ബഹുരാഷ്ട്ര കമ്പനികള്‍ ഒരു ലക്ഷത്തോളം കുപ്പിവെളളം വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുപ്പിവെള്ളവും കേരള വിപണിയില്‍ സജീവമാണ്. എന്നാല്‍ ഇവയ്ക്ക് ഗുണനിലവാരം കുറവാണെന്നാണ് അസോസിയേഷന്റെ ആരോപണം.

STORY HIGHLIGHTS: Bottled water sales are increasing in kerala

Next Story