Top

'കാവലുണ്ട്.. ഈ പതാകയ്ക്ക് കീഴില്‍...'; എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും

സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നാണ് സിപിഐഎം നിര്‍ദേശം.

30 Jun 2022 8:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാവലുണ്ട്.. ഈ പതാകയ്ക്ക് കീഴില്‍...; എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും
X

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ സ്ഥലത്തെത്തി സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും. മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ആന്റണി രാജു, ജിആര്‍ അനില്‍ എന്നിവരും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, പിബി അംഗം എംഎ ബേബി, ശ്രീമതി ടീച്ചര്‍, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എഎ റഹീം എംപി, വികെ പ്രശാന്ത് എന്നിവരും എകെജി സെന്ററിലെത്തിയിട്ടുണ്ട്.


സംഭവത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നാണ് സിപിഐഎം നിര്‍ദേശം.






''സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് എ.കെ.ജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്. പാര്‍ട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.''

''പാര്‍ട്ടി ഓഫീസുകളെ അക്രമിക്കുക, പാര്‍ട്ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ അക്രമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രകോപനപരമായ ഒന്നായ സംസ്ഥാന കേന്ദ്രത്തെ അക്രമിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാകണം. സംസ്ഥാനത്തെ യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണം.''-പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും, അവര്‍ക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. യു.ഡി.എഫും, ബി.ജെ.പിയും എല്ലാ വര്‍ഗ്ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിക്കുകയാണ്. ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാര്‍ടി സഖാക്കളും ഉയര്‍ത്തിപ്പിടിക്കണം. എ.കെ.ജി സെന്ററിന് നേരെ അക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫ് തന്ത്രങ്ങളില്‍ യാതൊരു കാരണവശാലും പാര്‍ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എകെജി സെന്ററിന് നേരെ ബോംബാക്രമണം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ കുറെ നാളുകളായി ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അതിന്റെ ബാക്കിപത്രമാണിതെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷ്യം എകെജി സെന്റര്‍ തന്നെയായിരുന്നെന്നും ഇപി പറഞ്ഞു.

''അതിഭയങ്കര ശബ്ദമായിരുന്നു കേട്ടത്. കോണ്‍ഗ്രസുകാര്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ ബാക്കി പത്രമാണിത്. കോണ്‍ഗ്രസിന്റെ പുതിയ കൂട്ടുക്കെട്ട് ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. അവരുടെ ലക്ഷ്യം ഓഫീസ് തന്നെയായിരുന്നു. കോണ്‍ഗ്രസ് അറിയാതെ ഇത് നടക്കില്ല. ബാക്കി കാര്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തണം. സെമി കേഡറിന്റെ പുതിയ പതിപ്പായി വേണം ഇതിനെ കാണാന്‍.''- ഇപി പറഞ്ഞു.

''എകെജി സെന്റര്‍ എന്ന് പറയുന്നതിന് വലിയ വൈകാരികതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ വളരെ വൈകാരികമായി അടുപ്പം പ്രകടിപ്പിക്കുന്ന സ്ഥലമാണ് സെന്റര്‍. അതിന് നേരെ ബോംബാക്രമണം നടക്കുന്നത് അത്യന്തം പ്രകോപനം സൃഷ്ടിക്കുന്ന കാര്യമാണ്. പ്രകോപനം സൃഷ്ടിക്കുക മാത്രമാണ് ലക്ഷ്യം. ശക്തമായ പ്രതിഷേധം ഉയരണം. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വികാരത്തിന് അടിമപ്പെട്ട് പോകരുത്. ഒരുതരത്തിലുമുള്ള അനിഷ്ടസംഭവങ്ങളും ഉണ്ടാവരുത്. പ്രതിഷേധ പ്രകടനത്തിന് അപ്പുറം മറ്റൊന്നും ഉണ്ടാകാതിരിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ ശ്രദ്ധിക്കണം.''-എ വിജയരാഘവന്‍ പറഞ്ഞു. സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ഉണ്ടായതെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

ഇന്നലെ രാത്രി 11.25നാണ് ബൈക്കില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോബു വീണത്. ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story