Top

'കേരളത്തെ പാപ്പരാക്കാന്‍ ബിജെപിയുടെ ഗൂഢ പദ്ധതി'; മാധ്യമങ്ങള്‍ വഴിയൊരുക്കരുതെന്ന് തോമസ് ഐസക്

ഒരു കാലത്തും പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളെ സര്‍ക്കാരിന്റെ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും കേന്ദ്രത്തിലായാലും, സംസ്ഥാനത്തിലായാലും ഇതാണ് അനുവര്‍ത്തിച്ചിരുന്ന നയമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു

9 Aug 2022 3:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തെ പാപ്പരാക്കാന്‍ ബിജെപിയുടെ ഗൂഢ പദ്ധതി; മാധ്യമങ്ങള്‍ വഴിയൊരുക്കരുതെന്ന് തോമസ് ഐസക്
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പാപ്പരാകുമെന്ന പ്രചരണം കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ബിജെപിയുടെ ഈ ഗൂഢ പദ്ധതിയുടെ പ്രചാരണം ചില മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. അങ്ങനെയൊരു അവസ്ഥയിലേക്ക് കേരളത്തെ കൊണ്ട് ചെന്നെത്തിക്കാനാണ് ഇവരുടെ ശ്രമമെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് കിഫ്ബി വഴി എടുക്കുന്ന വായ്പകളും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് എടുക്കുന്ന വായ്പകളായി കണക്കാക്കുമെന്നാണ്. ഒരു കാലത്തും പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളെ സര്‍ക്കാരിന്റെ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും കേന്ദ്രത്തിലായാലും, സംസ്ഥാനത്തിലായാലും ഇതാണ് അനുവര്‍ത്തിച്ചിരുന്ന നയമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരള സര്‍ക്കാര്‍ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം എന്തുകൊണ്ടാണ് ചില മാധ്യമങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുന്നത്? കൃത്യമായ ലക്ഷ്യമുണ്ട്. ആ ഒരു അവസ്ഥയിലേക്ക് കേരളത്തെക്കൊണ്ടുചെന്ന് എത്തിക്കുക. ധന വൈഷമ്യങ്ങള്‍ മൂര്‍ച്ഛിക്കാം. ചെലവ് ചുരുക്കേണ്ടി വന്നേക്കാം. സാധാരണഗതിയില്‍ ഒരു സംസ്ഥാന സര്‍ക്കാരും പാപ്പരാവില്ല.

ധനകാര്യ കമ്മീഷന്റെ തീര്‍പ്പുപ്രകാരമുള്ള വിഭവ കൈമാറ്റം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ല. ജി.എസ്.ടിയുടെ വിഹിതം ഓട്ടോമാറ്റിക്കായി ലഭിക്കും. പിന്നെ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ചെയ്യാവുന്നത് സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരിന് വര്‍ഷംതോറും അനുവദനീയമായ ജിഡിപിയുടെ 3 ശതമാനം വരുന്ന വായ്പ നിഷേധിക്കുകയാണ്. ഇതിനു കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഇതുവരെ സര്‍ക്കാര്‍ എടുക്കുന്ന വായ്പ എന്നതിന്റെ പരിധിയില്‍ താഴെപ്പറയുന്ന ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

1) ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ബോണ്ട് ഇറക്കി സമാഹരിക്കുന്ന വായ്പ. ഇതിനെയാണ് കമ്പോള വായ്പയെന്നു പറയുന്നത്.

2) കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടുകൂടി വിദേശ ഏജന്‍സികളില്‍ നിന്നും വാങ്ങുന്ന വായ്പകള്‍.

3) ദേശീയ സമ്പാദ്യ പദ്ധതി, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ സംവിധാനങ്ങളില്‍ നിന്നുള്ള വായ്പകള്‍.

4) പബ്ലിക് അക്കൗണ്ടില്‍ അതതു വര്‍ഷം ഉണ്ടാകുന്ന വര്‍ദ്ധനവ്.

5) കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു തരുന്ന വായ്പ.

കഴിഞ്ഞ വര്‍ഷം അവസാനം സി&എജി റിപ്പോര്‍ട്ടിനെ കരുവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു വാദം മുന്നോട്ടുവച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ ഓഫ് ബജറ്റ് വായ്പയും, സര്‍ക്കാര്‍ പിന്തുണയോടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളും സര്‍ക്കാര്‍ എടുക്കുന്ന വായ്പകളായി പരിഗണിക്കണം.

ഓഫ് ബജറ്റ് വായ്പയെന്നാല്‍, ബജറ്റ് കണക്കില്‍ ചെലവായി വകയിരുത്തിയിട്ടുള്ളതും എന്നാല്‍ ഇതിന് സര്‍ക്കാരിനു താല്‍ക്കാലികമായി വരുമാനം മതിയാവാതെ വരുന്നതുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി വഴി വായ്പയെടുത്ത് ചെലവാക്കുന്ന തുകയാണ്. ഇപ്രകാരം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടുന്ന ഒരു പ്രവണതയായിട്ടാണ് കരുതപ്പെടുന്നത്.

കേരളത്തിലെ പെന്‍ഷന്‍ വിതരണ കമ്പനി ഇതിന് ഉദാഹരണമാണ്. ഒരു മാസത്തെ പെന്‍ഷന് 820 കോടി രൂപ വേണം. ചില സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന്റെ കൈയില്‍ അതതു മാസത്തെ പണം ഉണ്ടാകണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെന്‍ഷന്‍ കമ്പനി സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ ബാങ്കുകളില്‍ നിന്നും മറ്റും വായ്പയെടുത്ത് മുടക്കമില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യും. സര്‍ക്കാരിന്റെ കൈയില്‍ പണം വരുമ്പോള്‍ ചെലവാക്കിയ പണം പലിശ സഹിതം കമ്പനിക്കു തിരികെ നല്‍കുകയും ചെയ്യും. ഇതു താല്‍ക്കാലികമായുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ് മാത്രമാണ്.

കേന്ദ്ര സര്‍ക്കാരും ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്താറുണ്ട്. പല സ്‌കീമുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി വായ്പയെടുത്തു പണം അഡ്ജസ്റ്റ് ചെയ്യാറുണ്ട്. 201920ല്‍ ഇത് 1.72 ലക്ഷം കോടി രൂപയും, 202021ല്‍ ബജറ്റ് മതിപ്പു കണക്കു പ്രകാരം 1.86 ലക്ഷം കോടി രൂപയും ആയിരുന്നു. കേരളത്തിലെ പെന്‍ഷന്‍ കമ്പനിയുടെ വായ്പയാവട്ടെ തിരിച്ചടവ് കിഴിച്ചാല്‍ 20003000 കോടി രൂപയേ വരൂ.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇണ്ടാസ് പെന്‍ഷന്‍ കമ്പനിയുടെ മുഴുവന്‍ വായ്പയും സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ കണക്കില്‍ ഉള്‍പ്പെടുത്തണമെന്നാണ്. ഇതിനൊരു ന്യായം പറയുന്നത് 202223ലെ ബജറ്റ് മുതല്‍ ഓഫ് ബജറ്റ് ബോറോയിംഗ് എടുക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്നാണ്. ശരി. കേരളവും അവസാനിപ്പിക്കാം. പക്ഷേ, കേന്ദ്രം ഇത്തരം വായ്പയെടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടു വായ്പയായി അവയെ പരിഗണിച്ചിട്ടില്ലല്ലോ. പക്ഷേ, കേരളത്തിന്റെ കാര്യത്തില്‍ മുന്‍കാല പ്രാബല്യത്തോടെ ഈ തത്വം എന്തിനു നടപ്പാക്കുന്നു?

കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ഇണ്ടാസ് കിഫ്ബി വഴി എടുക്കുന്ന വായ്പകളും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് എടുക്കുന്ന വായ്പകളായി കണക്കാക്കുമെന്നാണ്. ഒരു കാലത്തും പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളെ സര്‍ക്കാരിന്റെ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേന്ദ്രത്തിലായാലും, സംസ്ഥാനത്തിലായാലും ഇതാണ് അനുവര്‍ത്തിച്ചിരുന്ന നയം. സര്‍ക്കാര്‍ ഗാരണ്ടിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങള്‍ വായ്പയെടുക്കുന്നത്. വായ്പ തിരിച്ച് അടച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ബാധ്യതയാകും. അതുകൊണ്ടാണ് ഇവയെ കണ്ടിന്‍ജന്‍സി ബാധ്യത (ലയബിലിറ്റി) എന്നു പറയുന്നത്. ഈ വായ്പകളൊന്നും ഡയറക്ട് ലയബിലിറ്റി അല്ല.

എന്നാല്‍ കിഫ്ബി എടുക്കുന്ന വായ്പകള്‍ കണ്ടിന്‍ജന്‍സി ലയബിലിറ്റി അല്ല. ഡയറക്ട് ലയബിലിറ്റി ആണെന്നാണ് സി&എജി റിപ്പോര്‍ട്ട്. അതിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കാരണം കിഫ്ബി വായ്പയുടെ മുതലും പലിശയും സര്‍ക്കാര്‍ ബജറ്റിലെ പണം കൊണ്ടാണു തിരിച്ചടയ്ക്കുന്നത്. കിഫ്ബിയുടെ വരുമാനത്തില്‍ 25 ശതമാനമെങ്കിലും വരുമാനദായക പ്രൊജക്ടുകളില്‍ നിന്നാണെന്ന യാഥാര്‍ത്ഥ്യത്തെ എങ്ങനെ കേന്ദ്രത്തിനു നിഷേധിക്കാനാവും? ഇതിനു പുറമേ കിഫ്ബിയുടെ കോര്‍പ്പസ് ഫണ്ടിന്റെയും (2500 കോടി രൂപ) നിക്ഷേപങ്ങളുടെ പലിശയും വരുമാനമായിട്ടുണ്ട്. ഇവയൊന്നും തനതു വരുമാനം അല്ലെങ്കില്‍ നാഷണല്‍ ഹൈവേ അതോറിറ്റി പോലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെയും സര്‍ക്കാര്‍ ബജറ്റില്‍ നിന്നും നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായത്തോടെയും നടപ്പിലാക്കുന്ന ദശലക്ഷക്കണക്കിനു കോടിരൂപയുടെ വായ്പകളുടെ പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വായ്പയായി പരിഗണിക്കണ്ടേ?

ഇതിനുള്ള അന്തരീക്ഷം ഒരുക്കാനാണ് ഇഡിയുടെയും സി&എജിയുടെയും അന്വേഷണങ്ങളും നടപടികളും. കേരളത്തിന് എതിരായ ഈ ഗൂഢാലോചനയ്ക്കു താളംപിടിക്കുകയാണ് ചില മാധ്യമങ്ങളും അപൂര്‍വ്വം പണ്ഡിതന്മാരും.

Story highlights: 'BJP's secret plan to bankrupt Kerala'; Thomas Isaac that the media should not pave the way

Next Story

Popular Stories