Top

അടുത്ത തെരഞ്ഞെടുപ്പോടെ എങ്ങനെ ബിജെപിയെ താഴെയിറക്കാം; 'തന്ത്രം' പറഞ്ഞ് മുഖ്യമന്ത്രി

''ബിജെപി അധികാരത്തില്‍ തുടര്‍ന്ന് വരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഒന്നിച്ചു നില്‍ക്കുക.''

23 Sep 2022 4:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടുത്ത തെരഞ്ഞെടുപ്പോടെ എങ്ങനെ ബിജെപിയെ താഴെയിറക്കാം; തന്ത്രം പറഞ്ഞ് മുഖ്യമന്ത്രി
X

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഇടതുപക്ഷം അടക്കമുള്ള പാര്‍ട്ടികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ രാജ്യ താല്‍പര്യമുള്ള, മതനിരപേക്ഷത പുലരണമെന്ന് ആഗ്രഹിക്കുന്ന, ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഒറ്റ മനസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ കരുത്താര്‍ജ്ജിച്ച പാര്‍ട്ടികളുണ്ട്. ബിജെപിയെ പരാജയപ്പെടുത്തുന്ന കാര്യത്തില്‍ ഈ പാര്‍ട്ടികള്‍ക്കാണ് നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കുക. ബിജെപി അധികാരത്തില്‍ തുടര്‍ന്ന് വരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ പേരും ഒന്നിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പറഞ്ഞത് പ്രസക്തഭാഗങ്ങള്‍: ''രാജ്യം അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്ന് കൂടായെന്ന കാര്യത്തില്‍, രാജ്യം താല്‍പര്യമുള്ള, മതനിരപേക്ഷത പുലരണമെന്ന് ആഗ്രഹിക്കുന്ന, ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഓരേ മനസിലാണ്. എങ്ങനെയാണ് ഇത് പ്രാവര്‍ത്തികമാക്കുക. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍. അവിടെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍. ഇതിനിപ്പമൊരു ഏകീകൃതരൂപമില്ല. ഇപ്പോഴുള്ളത് ഒരിടത്ത് ഒരു പാര്‍ട്ടിയായിരിക്കാം. മറ്റൊരിടത്ത് വേറൊരു പാര്‍ട്ടിയായിരിക്കാം. അവരാണ് പ്രധാന പാര്‍ട്ടി.''

''ബിജെപി അധികാരത്തില്‍ തുടര്‍ന്ന് വരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഒന്നിച്ചു നില്‍ക്കുക. അങ്ങനെ വന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിലപാടായിരിക്കുമുണ്ടാകുക. ബിജെപിയെ പരാജയപ്പെടുത്താനാകും. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഏത് രീതിയില്‍ കൂട്ടുകെട്ട് വേണമെന്ന് തീരുമാനിക്കുക. വിവിധ സംസ്ഥാനങ്ങളിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നു. ബിജെപിയെ പരാജയപ്പെടുത്തി മറ്റുള്ളവര്‍ വരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പൊതുവായി ആലോചിച്ച് ബിജെപിയെ അധികാരത്തില്‍ എത്താതിരിക്കാനുള്ള നിലപാട് സ്വീകരിക്കുക. ഇതാണ് ഇന്നത്തെ ഇന്ത്യയില്‍ പ്രായോഗികമായിട്ടുള്ളത്. ഈ നിലപാടാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.''

''വിവിധ സംസ്ഥാനങ്ങളില്‍ കരുത്താര്‍ജ്ജിച്ച പാര്‍ട്ടികളുണ്ട്. ആ പാര്‍ട്ടികള്‍ക്കാണ് നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കുക. ഇവിടെ കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വന്ന് സംസാരിച്ചപ്പോള്‍, നമ്മുടെ നാട്ടില്‍ ആളുകള്‍ ശുദ്ധാത്മകള്‍ ആണല്ലോ. ഇതാ വന്നിരിക്കുന്ന നമ്മുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കരുതി അതിന്റെ കൂടെ ഒഴുകുന്ന നിലയുണ്ടായി. പിന്നെയാണ് അകിടി മനസിലായത്. തെരഞ്ഞെടുപ്പും കഴിഞ്ഞു. ഇതേ കാര്യം ഇനി പയറ്റാമെന്ന് കോണ്‍ഗ്രസ് വിചാരിക്കേണ്ട. അതൊക്കെ നാട്ടുകാര്‍ക്ക് നല്ല ബോധ്യപ്പെട്ടു. ജയിച്ച് പോയ അംഗങ്ങള്‍ ബിജെപിയെ ഫലപ്രദമായി എതിരിടുന്നില്ല. നാടിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ. നമ്മുടെ നാട് മുന്നോട്ട് പോകാന്‍ പാടില്ല പോലും. ഇതാണ് കോണ്‍ഗ്രസും ബിജെപിയും ആഗ്രഹിക്കുന്നത്. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്.''

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെയും മുഖ്യമന്ത്രി പരിഹസിച്ചു. ബിജെപി ശക്തികേന്ദ്രങ്ങളില്‍ കുറഞ്ഞ ദിവസവും കേരളത്തില്‍ 19 ദിവസവും യാത്ര നടത്തുന്നതിനെയാണ് മുഖ്യമന്ത്രി പരിഹസിച്ചത്. ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസമായി നിശ്ചയിച്ച യാത്ര വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ നാല് ദിവസമാക്കി ഉയര്‍ത്തിയതിനെയും മുഖ്യമന്ത്രി പരിഹസിച്ചു.

മുഖ്യമന്ത്രി പറഞ്ഞത്: ''ഇപ്പോള്‍ നടക്കുന്ന പദയാത്രയുടെ കാര്യം മാത്രം ആലോചിച്ചാല്‍ മതി. കേരളത്തില്‍ 19 ദിവസം. ഉത്തര്‍പ്രദേശില്‍ ആദ്യം നിശ്ചയിച്ചത് രണ്ട് ദിവസം. എന്തൊരു.. എന്താണിത്. എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം വന്നു. ഞങ്ങള്‍ മാത്രമല്ല. എല്ലാ വിഭാഗവും. അതോടെ ഉടന്‍ വര്‍ധിപ്പിച്ചു. നാല് ദിവസം. ഇവിടെ 19, അവിടെ നാല്. അവിടെ ബിജെപിയില്‍ നിന്ന് മുക്തമായോ. എവിടെയാണോ ബിജെപി ഏറ്റവും കരുത്തോടെയുള്ളത്. അവിടെ എന്ത് ചെയ്യുന്നു. എന്ത് പ്രചരണം നടത്തുന്നു. ഇതാണ് പ്രശ്നം.''


ഭാരത് ജോഡോ യാത്രയുടെ പ്രചരണബാനറില്‍ വിഡി സവര്‍ക്കറുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന പ്രചരണത്തിലാണ് കോണ്‍ഗ്രസ് മനസ് എന്നാണ് സംഭവത്തെ കാണിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യസമര ദേശാഭിമാനികളുടെ പട്ടികയില്‍ സവര്‍ക്കറെ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് മനസ് ആലുവയില്‍ തയ്യാറായതെന്നും അതില്‍ ആശ്ചര്യം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍: ''കുറച്ച് അപ്പുറത്താണ് ആലുവ. ഒരു നേതാവിന്റെ പദയാത്ര വരുന്നുണ്ട്. ആ പദയാത്രയെ സ്വീകരിക്കാന്‍ വച്ച പോസ്റ്ററുകളില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അടുത്താണ് സവര്‍ക്കരുടെ പടം വച്ചത്. എന്ത് വ്യത്യാസം. വര്‍ത്തമാനകാല ഇന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന പ്രചരണത്തിലാണ് കോണ്‍ഗ്രസ് മനസ് എന്നാണിത് കാണിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യസമര ദേശാഭിമാനികളുടെ പട്ടികയില്‍ സവര്‍ക്കറെ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് മനസ് ആലുവയില്‍ തയ്യാറായത്. ഇതില്‍ ആശ്ചര്യപ്പെടേണ്ട. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പല നേതാക്കള്‍, എഐസിസി നേതാക്കള്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, അങ്ങനെ പല പ്രധാനികള്‍ ബിജെപിക്ക് അകത്താണ്. ബിജെപിയുടെ നേതൃനിരയിലാണ്. ഭരണരംഗത്താണ്. ഇതില്‍ പ്രായവ്യത്യാസമൊന്നുമില്ല. ഏറ്റവും ഒടുവില്‍ ഗോവയില്‍ കണ്ടില്ലേ. ഇതാണ് രാജ്യത്ത് ഇന്നുള്ള അവസ്ഥ.''

''രാജ്യത്തെ ഒരു ജനവിഭാഗത്തെയും അന്യവത്കരിക്കാന്‍ പാടില്ല. ഇന്ന് കാണുന്ന രാജ്യം ഒരു വിഭാഗം സൃഷ്ടിച്ചത് അല്ല, എല്ലാവര്‍ക്കും അതിന്റേതായ പങ്കുണ്ട്. അതാണ് ഇടതുപക്ഷം സ്വീകരിച്ച നിലപാട്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ പല നാവുകളില്‍ നിന്നും ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ ആശയങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു കോണ്‍ഗ്രസ് അധ്യക്ഷന്‍ ഞാന്‍ വേണമെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം. ഇതാണ് കോണ്‍ഗ്രസിന്റെ മനസ്.''

Next Story