Top

തൃക്കാക്കരയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് തീ വെച്ച കേസ്; അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്

ആക്രമണം ആസൂത്രിതമാണെന്നാണ് സ്ഥലത്തെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞത്.

8 May 2022 4:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് തീ വെച്ച കേസ്; അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്
X

എറണാകുളം: തൃക്കാക്കരയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് തീ വച്ച സംഭവത്തില്‍ അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ ചെമ്പറക്കി കരുവന്നൂര്‍ വീട്ടില്‍ രതീഷിനെയാണ് (40) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സഹോദരനും സജീവ ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിവരങ്ങള്‍.

ഞായര്‍ പുലര്‍ച്ചെ ഒന്നിനാണ് സിപിഐഎം അത്താണി വെസ്റ്റ് ബ്രാഞ്ച് അംഗവും ആശാ വര്‍ക്കറുമായ മഞ്ജുവിന്റെ വീടിന് തീയിട്ടത്. സംഭവസമയത്ത് മഞ്ജുവും കുടുംബവും ഇടപ്പള്ളിയിലെ ബന്ധുവീട്ടിലായിരുന്നു. ആളി കത്തിയ തീയില്‍ വീടിന്റെ ആധാരമടക്കമുള്ള രേഖകളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിച്ചു. വീടിനോട് ചേര്‍ന്നുള്ള കൂട്ടിലുണ്ടായിരുന്ന അഞ്ച് മുയലുകള്‍ പൊള്ളലേറ്റ് ചത്തു.

തന്നെ കൊല്ലുമെന്ന് രതീഷ് നിരന്തരം ഭീഷണി മുഴക്കിയിരുന്നതായി മഞ്ജു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തന്നെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ശ്രമാണ് നടന്നതെന്നും മഞ്ജു പറഞ്ഞു.

ആക്രമണം ആസൂത്രിതമാണെന്നാണ് സ്ഥലത്തെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം. മഞ്ജുവിന് സിപിഐഎം വീട് പുനര്‍നിര്‍മിച്ച് നല്‍കുമെന്നും മോഹനന്‍ പറഞ്ഞു. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദര്‍ശനന്‍, ഏരിയ സെക്രട്ടറി എ ജി ഉദയകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി.

Next Story