Top

'സന്ദീപിനെ കൊല്ലാന്‍ നിര്‍ദേശിച്ചത് ബിജെപി, തിരുവല്ലയില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ രഹസ്യയോഗം'; അന്വേഷിക്കണമെന്ന് സിപിഐഎം

ബിജെപി സംസ്ഥാന നേതാക്കള്‍ പത്തുദിവസത്തോളം പത്തനംതിട്ടയിലുണ്ടായിരുന്നു.

3 Dec 2021 3:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്ദീപിനെ കൊല്ലാന്‍ നിര്‍ദേശിച്ചത് ബിജെപി, തിരുവല്ലയില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ രഹസ്യയോഗം; അന്വേഷിക്കണമെന്ന് സിപിഐഎം
X

സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിന്റെ കൊലപാതകം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഐഎം. നവംബര്‍ അവസാനവാരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ തിരുവല്ലയില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നെന്നും ഈ യോഗത്തിലാണ് സന്ദീപ് കുമാറിനെ കൊല്ലാനുള്ള തീരുമാനമെടുത്തതെന്നും ജനീഷ് കുമാര്‍ എംഎല്‍എ ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലാണ് ജനീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

''ബിജെപി സംസ്ഥാന നേതാക്കള്‍ പത്തുദിവസത്തോളം പത്തനംതിട്ടയിലുണ്ടായിരുന്നു. തിരുവല്ലയില്‍ എത്തിയ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ അര്‍ധരാത്രി അസ്വാഭാവിക യോഗങ്ങള്‍ ചേര്‍ന്നു. ചില ആളുകളെ മാത്രം വിളിച്ചായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ യോഗങ്ങള്‍. ഒരു രാത്രി നടത്തിയ ഗൂഢാലോചനയാണ് സന്ദീപിന്റെ മരണത്തില്‍ കലാശിച്ചത്.'' സുരേന്ദ്രനും നേതാക്കളും നടത്തിയ രഹസ്യയോഗത്തെക്കുറിച്ച് പൊലീസ് അന്വേഷണിക്കണമെന്നും നിലവില്‍ പ്രതികളായവര്‍ക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്ത് സന്ദീപിനെ കൊല്ലാന്‍ സാധിക്കില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

സന്ദീപിന്റെ അരുംകൊല ആര്‍എസ്എസ് ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാല്‍ ഉന്നതതല അന്വേഷണം നടത്തണം. കൊലയാളി സംഘത്തെ ജനത്തിനിടയില്‍ നിന്നും ഒറ്റപ്പെടുത്തണം. ഇവരെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ജനം രംഗത്തിറങ്ങണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

''സിപിഐഎം പ്രവര്‍ത്തകരെ കൊലചെയ്യുന്നത് ആര്‍എസ്എസ് തുടരുകയാണ്. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ടിയുടെ 20 പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. ഇതില്‍ 15 പേരെ കൊന്നതും ബിജെപി ആര്‍എസ്എസ് സംഘമാണ്. ഇതിനകം കേരളത്തില്‍ ആര്‍എസ്എസ് ന്റെ കൊലക്കത്തിക്കിരയായത് 215 സിപിഐ എം പ്രവര്‍ത്തകരാണ്. രാഷ്ട്രീയ എതിരാളികളാകെ നടത്തിയ അക്രമത്തില്‍ 588 സിപിഐ എം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടു. ഇത്തരത്തില്‍ കൊല നടത്തി പാര്‍ടിയെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്ന് മുന്‍കാലങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ എം ന്റെ മുദ്രാവാക്യമല്ല, ആര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍പെടരുത്. ആത്മസംയമനം പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണം.''-കോടിയേരി പറഞ്ഞു.



Next Story

Popular Stories