Top

'ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപി അംഗത്വം, തൗബ ചെയ്ത് മടങ്ങുകയാണ്'; സയ്യിദ് താഹ ബാഫഖി തങ്ങള്‍

ബാഫഖി തങ്ങളുടെ പേരക്കുട്ടിയെന്ന നിലയില്‍ എന്നെ വെച്ച് പരമാവധി മാര്‍ക്കറ്റ് ചെയ്യാനും മുസ്ലിം സമുദായക്കാരെ ബിജെപിയിലേക്ക് ആകർഷിക്കാനുമാണ് അവര്‍ ശ്രമിച്ചത്.

12 Oct 2021 4:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപി അംഗത്വം, തൗബ ചെയ്ത് മടങ്ങുകയാണ്; സയ്യിദ് താഹ ബാഫഖി തങ്ങള്‍
X

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപി അംഗത്വമെടുത്തതെന്ന് സയ്യിദ് താഹ ബാഫഖി തങ്ങള്‍. ബിജെപിയില്‍ നിന്ന് തൗബ ചെയ്ത് (ചെയ്ത തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പ് അപേക്ഷിച്ച്) മടങ്ങുകയാണെന്നും രാജിക്കാര്യം പരാമര്‍ശിച്ച് തങ്ങള്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എ കെ നസീര്‍, സംസ്ഥാന സമിതിയില്‍ നിന്ന് രാജിവെച്ച അലി അക്ബര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയായിരുന്നു രാജിയെന്നും സയ്യിദ് താഹ ബാഫഖി തങ്ങള്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു പ്രതികരണം.

ന്യൂനപക്ഷ സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയെന്ന നിലയില്‍ എന്നെ വെച്ച് പരമാവധി മാര്‍ക്കറ്റ് ചെയ്യാനും മുസ്ലിം സമുദായക്കാരെ ബിജെപിയിലേക്ക് ആകർഷിക്കാനുമാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ നിലവിലെ സ്ഥിതിയതല്ല. ബിജെപിയിലുള്ള 90 ശതമാനം മുസ്ലിംങ്ങളും പാര്‍ട്ടി വിടാന്‍ തീരുമാനത്തിലാണ്. അടുത്ത് തന്നെ അലി അക്ബര്‍ പ്രാഥമിക അംഗത്വമുള്‍പ്പടെ ഉപേക്ഷിച്ച് പാര്‍ട്ടി വിടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മകളുടെ വിവാഹം നടന്നതിനേക്കാള്‍ സന്തോഷമാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചുള്ള ഇമെയില്‍ അയച്ചപ്പോള്‍ ലഭിച്ചതെന്നും സയ്യിദ് താഹ ബാഫഖി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മതത്തെ വിറ്റ് തമ്മില്‍ കലാപമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ മുസ്ലിം സംഘടനകളെല്ലാം ബിജെപിക്ക് ഒപ്പമാണെന്ന് പ്രചരിപ്പിച്ചാണ് ഇവര്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടി വികസിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഒരു ജനതയും ബിജെപിയെ അംഗീകരിക്കുന്നില്ലെന്നതാണ് സത്യം. അതിന്റെ മികച്ച ഉദാഹരണമാണ് ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ്. ജനങ്ങള്‍ക്കിടയില്‍ ബിജെപിയെന്നാല്‍ മതതീവ്രവാദ സ്വഭാവമുള്ള പാര്‍ട്ടിയാണ്. ബിജെപിയിലുള്ളവരെ പുച്ഛത്തോടെയാണ് എല്ലാവരും നോക്കുന്നത്. മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാലും ഈ അവസ്ഥയുണ്ടാകില്ല.

അതേസമയം, ബിജെപി വിട്ട സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തുന്നില്ലെന്നും ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാനെന്ന നിലയില്‍ പ്രവര്‍ത്തനം തുടരാനാണ് തീരുമാനമെന്നും സയ്യിദ് താഹ ബാഫഖി തങ്ങള്‍ വ്യക്തമാക്കി.

മറ്റൊരു പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് നിലവില്‍ ചിന്തിക്കുന്നില്ല. എന്റെ പിതാവ് ഒരു സിപിഐഎം അനുഭാവിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട് നല്ല ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിലപ്പുറം ഞങ്ങളുടെ കുടുംബത്തിന് വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ല. ഇനി ഏതെങ്കിലും ഘട്ടത്തില്‍ മറ്റേതെങ്കിലും പാര്‍ട്ടിയുടെ അനുഭാവിയാകാന്‍ തീരുമാനിച്ചാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.'ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപി അംഗത്വം, സൗബ ചെയ്ത് മടങ്ങുകയാണ്'; സയ്യിദ് താഹ ബാഫഖി തങ്ങള്‍

Popular Stories

    Next Story