Top

'പോഷക ബാല്യം' കേന്ദ്രസര്‍ക്കാരിന്റേതെന്ന് ബിജെപി നേതാവ്; ഒരു ബന്ധവുമില്ലെന്ന് ഫേസ്ബുക്ക്

വ്യാജമാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ അജിത്ത് ഇതുവരെ തയ്യാറായിട്ടില്ല.

3 Aug 2022 4:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോഷക ബാല്യം കേന്ദ്രസര്‍ക്കാരിന്റേതെന്ന് ബിജെപി നേതാവ്; ഒരു ബന്ധവുമില്ലെന്ന് ഫേസ്ബുക്ക്
X

അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പോഷക ബാല്യം പദ്ധതിക്കെതിരായ ബിജെപി നേതാവ് കരമന അജിത്ത് നടത്തിയ വ്യാജപ്രചരണം പൊളിച്ച് ഫേസ്ബുക്ക്. പദ്ധതി കേന്ദ്രസര്‍ക്കാരിന്റെതാണെന്ന കരമന അജിത്തിന്റെ വാദം വ്യാജമാണെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്.


കരമന അജിത്ത് പറഞ്ഞത്: ''കേന്ദ്രസര്‍ക്കാരിന്റെ അക്ഷയപാത്ര പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ പേര് മാറ്റി പോഷക ബാല്യം എന്ന പേരില്‍ മുട്ടയും പാലും കൊടുക്കുന്നത് എന്ന് എത്ര പേര്‍ക്ക് അറിയാം. രാജ്യത്തുടനീളം കുട്ടികള്‍ക്ക് അങ്കണവാടി വഴി അക്ഷയപാത്ര പദ്ധതി നടപ്പിലാക്കിയ മോദി ഗവര്‍മെന്റിന് അഭിന്ദനങ്ങള്‍.''


എന്നാല്‍ കരമന അജിത്തിന്റെ ഈ പോസ്റ്റ് False information ആണെന്ന് പോസ്റ്റിന് അടിയില്‍ ഫേസ്ബുക്ക് ഫാക്ട് ചെക്ക് ടീം വ്യക്തമാക്കി. പോഷകബാല്യം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരുമായി യാതൊരു ബന്ധമില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു.

ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമാണ് കരമന അജിത്ത്. വ്യാജമാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ അജിത്ത് ഇതുവരെ തയ്യാറായിട്ടില്ല.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കിത്തുടങ്ങി. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലെ നാല് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഇത് ലഭ്യമാകും. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ് പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Next Story