Top

'പി ടി തോമസ് ജയിച്ചത് തെറ്റിദ്ധാരണ മൂലം'; മന്ത്രിയാകുമെന്ന് തൃക്കാക്കരക്കാര്‍ കരുതിയെന്ന് എസ് സുരേഷ്

'യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി തന്നെ പി ടി തോമസിന്റെ സ്വപ്‌നങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായിട്ടുള്ള സ്ഥാനാര്‍ത്ഥിയാണ്'

21 May 2022 12:26 PM GMT
അരുണ്‍ മധുസൂദനന്‍

പി ടി തോമസ് ജയിച്ചത് തെറ്റിദ്ധാരണ മൂലം; മന്ത്രിയാകുമെന്ന് തൃക്കാക്കരക്കാര്‍ കരുതിയെന്ന് എസ് സുരേഷ്
X

തൃക്കാക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ പി ടി തോമസ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അദ്ദേഹം മന്ത്രിയാവുമെന്ന് തൃക്കാക്കരക്കാരുടെ തെറ്റദ്ധാരണ മൂലമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. കേരളത്തിന്റെ പരമ്പരാഗത രീതി പ്രകാരമാണ് അദ്ദേഹം അന്ന് ജയിച്ചത്. ഒരിക്കല്‍ എല്‍ഡിഎഫ് ആണെങ്കില്‍ അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് എത്തുമെന്ന തെറ്റിദ്ധാരണ മൂലമാണ് പി ടി തോമസ് വിജയിച്ചതെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മത്സരം നടത്തുന്ന ഏക മുന്നണി എന്‍ഡിഎയാണെന്നും രാഷ്ട്രീയ നേതാവ് എ എന്‍ രാധാകൃഷ്ണനാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ പ്രതീക്ഷ നല്‍കാവുന്ന ഏക എംഎല്‍എയും നേതാവും എന്‍ എന്‍ രാധാകൃഷ്ണനാണ്. തൃപ്പുണിത്തുറയിലും കൊച്ചി കോര്‍പ്പറേഷനിലും ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉണ്ടായ വിജയം പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പി ടി തോമസിന്റെ സ്വപ്‌നങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായിട്ടുള്ള സ്ഥാനാര്‍ത്ഥിയാണ്. തോമസ് കുടുംബാധിപത്യത്തിനും പാരമ്പര്യവാദത്തിനും എതിരായി നിലനിന്ന നേതാവാണ് പി ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ മുരളീധരനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടും എന്‍ഡിഎഫും ഉള്‍പ്പെടെയുള്ള ജിഹാദി- കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് സഖ്യങ്ങള്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് നേമത്തെ പരാജയം. ഒറ്റപ്പെട്ട സംഭവമാണത്. അതിന് അപ്പുറത്ത് ഒരു അര്‍ത്ഥവുമില്ല. ജിഹാദി- കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് സഖ്യമാണത്. ആ കൂട്ടുകെട്ട് തൃക്കാക്കരയിലും ഉണ്ടാവാതിരിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ബിജെപിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും സുരേഷ് പറഞ്ഞു.

എസ് സുരേഷിന്റെ വാക്കുകള്‍:

എറണാകുളം ജില്ലയിലും തൃക്കാക്കര മണ്ഡലത്തിലും ബിജെപിക്ക് നിര്‍ത്താന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് എ എന്‍ രാധാകൃഷ്ണന്‍. അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന ശുഭപ്രതീക്ഷയിലാണ് നേരത്തെ തന്നെ സംസ്ഥാന പ്രസിഡന്റ് ശക്തനായ സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ വരുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് തൃക്കാക്കര മണ്ഡലത്തില്‍ ഏക രാഷ്ട്രീയ മത്സരം നടത്തുന്നത് ബിജെപിയും എന്‍ഡിഎയുമാണ്. മത്സരിക്കുന്ന ഏക രാഷ്ട്രീയ നേതാവ് എ എന്‍ രാധാകൃഷ്ണനാണ്. തൃക്കാക്കരയുടെ വികസനം പറയുന്ന ഏക മുന്നണി എന്‍ഡിഎയുമാണ്. തൃക്കാക്കരയില്‍ പ്രതീക്ഷ നല്‍കാവുന്ന ഏക എംഎല്‍എയും നേതാവും എന്‍ എന്‍ രാധാകൃഷ്ണനാണ്. അതുകൊണ്ട് തികച്ചും ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ ദിവസം തൃപ്പുണിത്തുറയിലും എറണാകുളം നഗരത്തിലുമുണ്ടാക്കിയ അത്യുജ്ജലമായ വിജയം ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്നു. ഈ നാട്ടില്‍ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യാനുള്ള ജനങ്ങളുടെ മനസ്സാണ് അത് കാണിച്ചത്. അത് തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന് വിജയം നല്‍കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ഞങ്ങള്‍ ഉള്ളത്.

വികസനത്തെക്കുറിച്ച് പറഞ്ഞ എല്‍ഡിഎഫ് ഇന്ന് കല്ലും പറിച്ച് ഓടിയിരിക്കുകയാണ്. വികസനം എന്ന് പറയുന്നത് എല്‍ഡിഎഫിന്റെ വികസനമല്ല, നരേന്ദ്രമോദിയുടെ വികസനമാണ്. കാക്കനാട്ടേക്ക് കൊച്ചി മെട്രോ എത്തിക്കുക എന്നതാണ് ഇവിടുത്തെ ജനതയുടെ ലക്ഷ്യം. ആ ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന തൃക്കാക്കര നിവാസികളുടെ സ്വപ്‌നം അട്ടിമറിച്ചുകൊണ്ടാണ് നടക്കാത്ത കെ റെയിലിന്റെ പ്രചാരണ കോലാഹലങ്ങളും ഭരണകൂട ഭീകരതയുമൊക്കെ ഇടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. അത് ജനങ്ങള്‍ക്ക് മനസ്സിയായിരിക്കുന്നു. ജനങ്ങള്‍ എല്‍ഡിഎഫിന് എതിരാണ്. ജനം എല്‍ഡിഎഫിന്റെ കൊള്ള റെയിലിന്, അഴിമതി റെയിലിന് എതിരാണ്.

കെപിസിസി പ്രസിഡന്റിന് ഇടതുപക്ഷത്തെ വിമര്‍ശിക്കാനും ഇത്തരത്തിലുള്ള പരാമര്‍ശം നടത്താന്‍ യാതൊരു അവകാശവുമില്ല. ഇത്രയും കാലം എല്‍ഡിഎഫിനൊപ്പം ഒക്കചങ്ങാതിമാരായി നിന്നവരാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസും സിപിഐഎമ്മും കേരളമൊഴികെ മറ്റെല്ലാ സ്ഥലത്തും പരസ്യമായി ഒരുമിച്ചാണ്. കേരളത്തില്‍ അവര്‍ രഹസ്യമായി ഒരുമിച്ചാണ്. അതുകൊണ്ട് ഈ രണ്ടു മുന്നണികളും രണ്ടായിട്ട് മത്സരിക്കുന്നത് രാഷ്ട്രീയ പ്രസക്തി കേരളത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നു. തൃക്കാക്കരയില്‍ പ്രത്യേകിച്ച് നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കെപിസിസി പ്രസിഡന്റാണെങ്കിലും മുഖ്യമന്ത്രിയാണെങ്കിലും ഈ പരസ്പരമുള്ള പോര്‍വിളി ജനങ്ങളെ പറ്റിക്കാനും വഞ്ചിക്കാനും മാത്രമാണ്. അത് ആത്മാര്‍ത്ഥമായിട്ടുള്ള നിലപാടുകളുടെ എതിര്‍പ്പോ രാഷ്ട്രീയപരമായിട്ടുള്ള എതിര്‍പ്പോ അല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുള്ള വസ്തുതയാണ്.

യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി തന്നെ പി ടി തോമസിന്റെ സ്വപ്‌നങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായിട്ടുള്ള സ്ഥാനാര്‍ത്ഥിയാണ്. പി ടി തോമസ് കുടുംബാധിപത്യത്തിനും പാരമ്പര്യവാദത്തിനും എതിരായി നിലനിന്ന നേതാവാണ്. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് എതിരായിട്ടുള്ള സ്ഥാനാര്‍ത്ഥാണ് ഇപ്പോഴുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി ടി തോമസ് അന്ന് ജയിച്ചത് കേരളത്തിന്റെ പരമ്പരാഗത രീതി പ്രകാരമാണ്. ഒരിക്കല്‍ എല്‍ഡിഎഫ് ആണെങ്കില്‍ പിന്നീട് യുഡിഎഫ് വരുമെന്നുള്ള തെറ്റിദ്ധാരണയിലാണ് അദ്ദേഹത്തിന് കൂടുതല്‍ വോട്ട് ലഭിച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അദ്ദേഹം മന്ത്രിയാകും എന്നൊക്കെ വിചാരിച്ച് ആളുകള്‍ വോട്ട് ചെയ്തു. ഈ നാട്ടിന് എന്തെങ്കിലും ഗുണമുണ്ടായിക്കോട്ടെ, ഈ വെള്ളക്കെട്ടില്‍ നിന്നും ജനങ്ങള്‍ രക്ഷപ്പെടട്ടെ, കുടിവെള്ളമില്ലായ്മയില്‍ നിന്നും രക്ഷപ്പെടട്ടെ, എന്നൊക്കെ സ്വപ്‌നം കണ്ട ആളുകള്‍ യുഡിഎഫ് അധികാരത്തില്‍ വരട്ടെ, പി ടി മന്ത്രിയാവും എന്ന് തെറ്റിദ്ധരിച്ച് വോട്ട് ചെയ്തു. ഇന്ന് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഇല്ല, കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ല, ഇവിടെയൊന്നും തിരിച്ച് അധികാരത്തില്‍ വരുമെന്ന് നേരിയ പ്രതീക്ഷപോലും ഇല്ലാത്ത കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതില്‍ ഒരു പ്രസക്തിയുമില്ലെന്ന് മനസ്സിലാക്കുന്ന ഏറ്റവും തിരിച്ചറിവുള്ള പൗരന്മാര്‍ ഈ തൃക്കാക്കരയിലാണ് ഇള്ളത്. അതുകൊണ്ട് ഇപ്പോള്‍ കോണ്‍ഗ്രസിന് പി ടി തോമസിന്റെ ഗരിമ പറയുന്നതിന് കാര്യമില്ല. അദ്ദേഹത്തിന്റെ ആത്മാവിനെ വഞ്ചിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നത്, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത് എന്നുമാണ് വസ്തുത.

നേമത്ത് ഒ രാജഗോപാല്‍ എംഎല്‍എയായ സമയത്ത് 400 കോടി രൂപയുടെ വികസന പദ്ധതികള്‍ അഞ്ച് വര്‍ഷം കൊണ്ട് മാത്രം അവിടെ നടപ്പാക്കി. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം സ്മാര്‍ട്‌സിറ്റിയായില്ല. രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒ രാജഗോപാലിന്റെ പരിശ്രമം കൊണ്ടുമാത്രമാണ് സാധിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ വിഴിഞ്ഞം പദ്ധതിക്ക് പച്ചക്കൊടി കാട്ടാന്‍ തയ്യാറായത് തിരുവനന്തപുരം നഗരത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 10,000 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നത് ബിജെപിക്ക് തിരുനന്തപുരം നഗരസഭയിലും നേമത്തും ഉണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനമാണ്. സംശയമില്ല.

സ്മാര്‍ട് കൊച്ചി നരേന്ദ്രമോദിയുടെ പദ്ധതിയാണ്. അമൃത് നഗരം നരേന്ദ്രമോദിയുടെ പദ്ധതിയാണ്. കൊച്ചി മെട്രോയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നത് കേന്ദ്ര സര്‍ക്കരാണ്, കേന്ദ്ര റെയില്‍വേയാണ്, നഗരാസൂത്രണ വകുപ്പാണ് അത് എല്ലാവര്‍ക്കും അറിയാം. കൊച്ചിയില്‍ സെസ് ഏരിയയില്‍ നിര്‍ണ്ണായകമായിട്ടുള്ള സാമ്പത്തിക സഹായം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഈ നാട്ടില്‍ നടക്കുന്ന മുഴുവന്‍ പദ്ധതികളും, മുന്‍സിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതിനേക്കാള്‍, കൊച്ചി കോര്‍പ്പറേഷന്റെ തദ്ദേശീയമായ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതിനേക്കാള്‍, യുഡിഎഫ് ആണെങ്കിലും എല്‍ഡിഎഫ് ആണെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയതിനേക്കാള്‍, ഈ നാട്ടില്‍ ആയിരം കോടിയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നത് അങ്ങ് ഡല്‍ഹിയില്‍ ഇരിക്കുന്ന നരേന്ദ്രമോദിയുടെ സര്‍ക്കാരാണ്.

കെ മുരളീധരനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടും എന്‍ഡിഎഫും ഉള്‍പ്പെടെയുള്ള ഇവിടുത്തെ ജിഹാദി കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് സഖ്യങ്ങള്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് നേമത്തെ പരാജയം. ഒറ്റപ്പെട്ട സംഭവമാണത്. അതിന് അപ്പുറത്ത് ഒരു അര്‍ത്ഥവുമില്ല. ജിഹാദി- കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് സഖ്യമാണത്. ആ കൂട്ടുകെട്ട് തൃക്കാക്കരയിലും ഉണ്ടാവാതിരിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ബിജെപിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

STORY HIGHLIGHTS: BJP Leader and State Secretary S Suresh says PT Thomas won at Thrikkakara due to misunderstanding that he would become a minister

Next Story