ബിജെപി തെരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന് കോടതിയില്‍ തിരിച്ചടി
ശബ്ദ പരിശോധന സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഫോറന്‍സിക് ലാബില്‍ തന്നെ നടത്തണം
10 Nov 2021 10:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആവശ്യം തള്ളി കോടതി. ശബ്ദ പരിശോധന സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഫോറന്‍സിക് ലാബില്‍ തന്നെ നടത്തണമെന്ന് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
അതേസമയം, കേസുമായി ബന്ധപ്പെട്ട്് ജെആര്‍പി പ്രസീത അഴീക്കോടിന്റെ ഫോണില്‍ നിന്നും ക്രൈംബ്രാഞ്ചിന് കഴിഞ്ഞദിവസം നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ബിജെപി നല്കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീത അഴീക്കോടും സി.കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. തന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് പ്രസീത അഴീക്കോട് പറഞ്ഞു. ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടന്നെന്ന് പ്രസീത പറഞ്ഞു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രനെയും സികെ ജാനുവിനെയും ഉടന്‍ ചോദ്യംചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
കഴിഞ്ഞ മാര്‍ച്ച് മാസം ആദ്യം തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് 10 ലക്ഷം രൂപയും മാര്‍ച്ച് 26ന് ബത്തേരിയില്‍ വച്ച് 15 ലക്ഷം രൂപയും കെ സുരേന്ദ്രന് സികെ ജാനുവിന് കൈമാറിയെന്നായിരുന്നു ആരോപണങ്ങള്‍. ഇക്കാര്യം വ്യക്തമാക്കുന്ന ചില ഫോണ്‍ സംഭാഷണങ്ങളും അന്ന് പ്രസീത പുറത്തുവിട്ടിരുന്നു.