'ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കുന്നു'; തിരുവല്ലയിലെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി
കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ അംഗീകരിക്കാതെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്.
3 Dec 2021 5:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ലയിലെ സിപിഐഎം ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതില്‍ ആര്‍എസ്എസിന് ബന്ധമില്ലെന്ന് ബിജെപി. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് പ്രഖ്യാപിച്ച സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും സിപിഐഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്ന പൊലീസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് സിപിഐഎം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ രംഗത്തുവന്നത്. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് എ വിജയരാഘവനെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
'വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഐഎം നേതാക്കള്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ അംഗീകരിക്കാതെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലയില്‍ മുന്‍ എംഎല്‍എയെ സിബിഐ പ്രതി ചേര്‍ത്തതോടെ പ്രതിരോധത്തിലായ സിപിഐഎമ്മും സര്‍ക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യാഗ്രതയിലാണ്. തുടര്‍ച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണെന്ന് അടിവരയിടുന്നതാണ്' എന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കൊലപാതകത്തില്‍ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാത്തങ്കരി സ്വദേശി ജിഷ്ണു, തിരുവല്ല കാവുംഭാഗം സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ്, ഫൈസല്‍ എന്നിവരാണ് ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടിയിലായത്. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികള്‍ക്ക് സന്ദീപിനോടുളള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.
ഒന്നാം പ്രതിയായ ജിഷ്ണു യുവമോര്‍ച്ചയുടെ മുന്‍ ഭാരവാഹിയാണ്. പ്രതികളില്‍ രണ്ടുപേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും കൊലപാതകവുമായി സംഘപരിവാറിന് ഒരു ബന്ധവുമില്ലെന്നും ബിജെപി പറഞ്ഞു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ജിഷ്ണു അടക്കമുള്ള അഞ്ച് പേരടങ്ങിയ സംഘമാണ് സന്ദീപിനെ വെട്ടിക്കൊന്നതെന്ന് സിപിഐഎം നേതാക്കള്‍ ഇന്നലെ ആരോപിച്ചിരുന്നു.
കുത്തേറ്റ് മരിച്ച സന്ദീപ് കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കേളേജില്‍ നടക്കും. ഇന്നലെ രാത്രിയാണ് തിരുവല്ല പെരിങ്ങര സിപിഐഎം ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാര്‍ കുത്തേറ്റ് മരിച്ചത്.