Top

ബിജെപി വാദം പൊളിഞ്ഞു; താന്‍ ബിജെപിക്കാരന്‍ തന്നെയെന്ന് പ്രതി ജിഷ്ണു

തന്റെ രാഷ്ട്രീയം പ്രകടമാക്കുന്ന നിരവധി പോസ്റ്റുകളും ജിഷ്ണുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കാണാം.

3 Dec 2021 9:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി വാദം പൊളിഞ്ഞു; താന്‍ ബിജെപിക്കാരന്‍ തന്നെയെന്ന് പ്രതി ജിഷ്ണു
X

സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന ബിജെപി-ആര്‍എസ്എസ് വാദം പൊളിഞ്ഞു. താന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മറ്റി അധ്യക്ഷനാണെന്ന് ഒന്നാം പ്രതി ജിഷ്ണു തന്നെയാണ് ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. ഇതോടെ ജിഷ്ണുവിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന വാദമാണ് പൊളിഞ്ഞിരിക്കുന്നത്. കൊലപാതകത്തില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെള്ളപൂശി സംഭവത്തിന് പിന്നില്‍ സിപിഐഎമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബിജെപിയുടെ നീക്കം കൂടിയാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

മാത്രമല്ല, മുതിര്‍ന്ന ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പം ജിഷ്ണു അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്റെ രാഷ്ട്രീയം പ്രകടമാക്കുന്ന നിരവധി പോസ്റ്റുകളും ജിഷ്ണുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കാണാം.

അതേസമയം, സന്ദീപിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേര്‍പാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ പ്രതികളായ നാലു ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതുവരെ പിടിയിലായത്. പെരിങ്ങര ചാത്തങ്കേരി ജിഷ്ണു, പായിപ്പാട് കൊങ്കുപ്പറമ്പ് പ്രമോദ്, അഴിയിലത്തുചിറ നന്ദുഭവന്‍ പറത്തറത്തുണ്ടിയിവ് നന്ദുകുമാര്‍, ചെറുപുഴ മരുതുമപടി കുന്നില്‍ ഹൗസ് മുഹമ്മദ് ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പി.ബി സന്ദീപിനെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയത്. ചാത്തങ്കേരി എസ്എന്‍ഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയില്‍ തടഞ്ഞാണ് സന്ദീപിനെ ആക്രമിച്ചത്. നിലതെറ്റി റോഡില്‍ വീണ് എഴുന്നേല്‍ക്കുന്നതിനിടെ കുത്തിവീഴ്ത്തുകയായിരുന്നു. സന്ദീപിന്റെ നെഞ്ചത്തും പുറത്തും കൈയ്ക്കും കാലിനും വെട്ടേറ്റിരുന്നു.

സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസാണെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തിയിരുന്നു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഐഎം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. സിപിഐഎമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണം. സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

Popular Stories