'സിപിഐഎം സഹായിച്ചിട്ടില്ല, അച്ഛനും നിസ്സഹായനായിരുന്നു'; ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ
ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ
31 Oct 2021 6:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ. അച്ഛന് കോടിയേരി ബാലകൃഷ്ണനും യാതൊരു ഇടപെടലും നടത്താന്‍ കഴിഞ്ഞിട്ടില്ല, അദ്ദേഹം നില്ക്കുന്ന സ്ഥാനത്ത് നിന്നും ഇടപെടാന്‍ കഴിയില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും റെനീറ്റ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
ജയില്‍ മോചിതനായ ശേഷം ബിനീഷ് കോടിയേരി ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെയാകാമായിരുന്നുവെന്നും ഭാര്യ റെനീറ്റ പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടതിനോടൊന്നും വഴങ്ങാത്തത് കൊണ്ട് ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. ഇതില്‍ വാസ്തവമില്ലെന്നും റെനീറ്റ വ്യക്തമാക്കി.
'ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോലും ഞങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇടപെട്ടിരുന്നുവെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഇഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് യാതൊരു തരത്തിലും ഇടപെടാന്‍ സാധിച്ചിട്ടില്ല. അതുഎന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛന് നില്ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല.' റെനീറ്റ പറഞ്ഞു.
ഇത്തരം ആരോപണം ഉയര്‍ന്നപ്പോഴും ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ പറഞ്ഞു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടിയ ബിനീഷ് കോടിയേരി ഇന്ന് രാവിലെയാണ് നാട്ടിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിനീഷ് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് വ്യക്തമാക്കി. തിരുവനന്തപുരത്തെ വീട്ടിലേക്കാണ് താന്‍ പോകുന്നതെന്നും ബിനീഷ് പറഞ്ഞു. ആദ്യം വീട്ടിലെത്തി അച്ഛനേയും അമ്മയേയും കുടുംബത്തേയും കാണട്ടെ അതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് ഇത്ര നാള് ജയിലില്‍ കിടക്കേണ്ടി വന്നതെന്നും വൈകിയെങ്കിലും നീതി ലഭിച്ചുവെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നുമായിരുന്നില്ല ഇഡിയ്ക്ക് തന്നില്‍ നിന്നും അറിയേണ്ടിയിരുന്നതെന്ന് ഇന്നലെ മാധ്യമങ്ങളെ കാണവെ ബിനീഷ് പറഞ്ഞിരുന്നു. കേരളത്തിലെ ചില കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ തന്നോട് ചോദിച്ചത്. ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് പറയിപ്പിക്കാന്‍ ഇഡി ശ്രമിച്ചു. ചിലരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാത്തതിനാലാണ് ഒരു വര്‍ഷം തനിക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളെ കണ്ടതിന് ശേഷം പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസില്‍ ഒരു വര്‍ഷവും രണ്ട് ദിവസവും നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങിയത്. ഒക്ടോബര്‍ 28ന് തന്നെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന് ജയിലില്‍ തുടരേണ്ടി വന്നിരുന്നു. ജാമ്യത്തിനായി ആദ്യം കണ്ടെത്തിയ രണ്ട് ജാമ്യക്കാര്‍ അവസാനനിമിഷം പിന്മാറിയതോടെയാണ് ഇന്നലെ ബിനീഷിന്റെ മോചനം തടസപ്പെട്ടത്. ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടക സ്വദേശികളായ ജാമ്യക്കാര്‍ പിന്മാറാന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് മറ്റ് രണ്ട് ജാമ്യക്കാരെ കണ്ടെത്തിയെങ്കിലും ഇന്നത്തെ കോടതി നടപടികള്‍ പൂര്‍ത്തിയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എട്ടു മാസം നീണ്ടു നിന്ന വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. നേരത്തെ സെഷന്‍സ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം തേടി ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്സ്മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകരുടെ വാദം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഗുരു കൃഷ്ണകുമാര്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ് ബിനീഷിനായി ഹാജരായത്.