'കോടതി സമക്ഷം ബിനീഷ് വക്കീല്‍'; ഇനി പുതിയ വേഷം, ഒപ്പം ഷോണും നിനുവും
2 Dec 2021 5:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ ബിനീഷ് കൊടിയേരിക്ക് ഇനി പുതിയ വേഷം. പ്രതിക്കൂട്ടിലല്ല ഇനി അഭിഭാഷകനായി ബിനീഷ് കൊടിയേരിയെ കോടതിയില്‍ കാണാം. നേരത്തെ വക്കീല്‍ വേഷം ധരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ലഹരിക്കായി കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ ബനീഷ് കുടങ്ങുന്നതും ജയിലില്‍ പോവുന്നതും.
പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന് നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് പുതിയ തുടക്കത്തിനൊരുങ്ങുന്നത്. എറണാകുളം ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ ഞായറാഴ്ച ഓഫീസ് തുറക്കും. കെട്ടിടത്തിന്റെ 651ാം നമ്പര്‍ മുറി ഓഫീസിനായി തയ്യാറായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പിസി ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കുമെന്നാണ് സൂചന. കൊടിയേരി ബാലകൃഷ്ണന് എത്തിയേക്കില്ല.
സഹപാഠികളായിരുന്ന ബിനീഷും ഷോണും നിനു മോഹന്‍ദാസും 2006 ല്‍ എന്‍ റോള്‍ ചെയ്തതാണ്. ഷോണ്‍ ജോര്‍ജ് രണ്ട് വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളൊന്നും തങ്ങളുടെ സംരഭത്തെ ബാധിക്കില്ലെന്നാണ് മൂവരും പറയുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് ഒക്ടോബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു ജാമ്യം ലഭിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ രണ്ടുദിവസം കൂടി ജയിലില്‍ തുടരേണ്ടി വന്നിരുന്നു. ജാമ്യത്തിനായി ആദ്യം കണ്ടെത്തിയ രണ്ട് പേര് അവസാനനിമിഷം പിന്മാറിയതോടെയാണ് ബിനീഷിന്റെ ജയില്‍മോചനം രണ്ടുദിവസം കൂടി നീണ്ടത്.
2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്, കന്നഡ നടി ഡി.അനിഖ എന്നിവരെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ചോദ്യം ചെയ്യലില്‍ ബിനീഷിന്റെ പേര് ഇവര്‍ പറഞ്ഞതോടെയാണ് 2020 ഒക്ടോബര്‍ മാസത്തില്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. 2020 നവംബര്‍ 11ന് രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിച്ചായിരുന്നു ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.
എന്നാൽ കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്നും ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി.