Top

'ചിലരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടു'; കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ഇ ഡി ചോദിച്ചതെന്ന് ബിനീഷ് കോടിയേരി

കേരളത്തിലെ ചില കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ തന്നോട് ചോദിച്ചതെന്ന് ബിനീഷ് പറഞ്ഞു.

30 Oct 2021 4:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിലരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടു; കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ഇ ഡി ചോദിച്ചതെന്ന് ബിനീഷ് കോടിയേരി
X

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടിയ ബിനീഷ് കോടിയേരി കേരളത്തിലേക്ക് മടങ്ങി. സത്യം ജയിക്കുമെന്ന് പുറത്തിറങ്ങിയ ശേഷം ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നുമായിരുന്നില്ല ഇഡിയ്ക്ക് തന്നില്‍ നിന്നും അറിയേണ്ടിയിരുന്നതെന്നും ബിനീഷ് പറഞ്ഞു. കേരളത്തിലെ ചില കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ തന്നോട് ചോദിച്ചത്. ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് പറയിപ്പിക്കാന്‍ ഇഡി ശ്രമിച്ചു. ചിലരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാത്തതിനാലാണ് ഒരു വര്‍ഷം തനിക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും നാളെ കേരളത്തിലെത്തി മാധ്യമങ്ങളെ കാണുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.

കേസില്‍ ഒരു വര്‍ഷവും രണ്ട് ദിവസവും നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങിയത്. അഞ്ചുമണിയോടെ തന്നെ കര്‍ണാടക സെഷന്‍സ് കോടതിയിലെ 34ാം കോടതിയില്‍ നിന്നുള്ള പ്രത്യേക ദൂതന്‍ ബിനീഷ് കോടിയേരിയുടെ റിലീസിംഗ് ഓര്‍ഡറുമായി പരപ്പന അഗ്രഹാര ജയിലിലെത്തിയിരുന്നു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് ബിനീഷിന്റെ മോചനം.

ഒക്ടോബര്‍ 28ന് തന്നെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന് ജയിലില്‍ തുടരേണ്ടി വന്നിരുന്നു. ജാമ്യത്തിനായി ആദ്യം കണ്ടെത്തിയ രണ്ട് ജാമ്യക്കാര്‍ അവസാനനിമിഷം പിന്‍മാറിയതോടെയാണ് ഇന്നലെ ബിനീഷിന്റെ മോചനം തടസപ്പെട്ടത്. ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടക സ്വദേശികളായ ജാമ്യക്കാര്‍ പിന്മാറാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് മറ്റ് രണ്ട് ജാമ്യക്കാരെ കണ്ടെത്തിയെങ്കിലും ഇന്നത്തെ കോടതി നടപടികള്‍ പൂര്‍ത്തിയായിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എട്ടു മാസം നീണ്ടു നിന്ന വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.

നേരത്തെ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം തേടി ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകരുടെ വാദം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ് ബിനീഷിനായി ഹാജരായത്.

Next Story