'അങ്ങനെ നോക്കിയാല്‍ അരിതയ്ക്കൊന്നും പിടിച്ച് നില്ക്കാന് പോലും കഴിയില്ല'; കത്തിന് ബിനീഷ് കോടിയേരിയുടെ മറുപടി
സൈബര്‍ ആക്രമണമെന്ന പ്രവണത കാലങ്ങളായി തുടരുന്നത് കോണ്‍ഗ്രസ്
24 Jan 2022 3:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐഎം അനുഭാവികളുടെ സൈബര്‍ ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയ അരിതാ ബാബുവിന് മറുപടിയുമായി ബിനീഷ് കോടിയേരി. സൈബര്‍ ആക്രമണമെന്ന പ്രവണത കാലങ്ങളായി തുടരുന്നത് കോണ്‍ഗ്രസാണെന്നും രാഷ്ട്രീയ മര്യാദ കോണ്‍ഗ്രസ് കാണിക്കാത്തിടത്ത് സിപിഐഎം കാണിച്ചിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു. 'സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുത്തിട്ട് വേണം, മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ എന്നാണ് അരിതയുടെ കത്തിന് തന്റെ മറുപടിയെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.
ബിനീഷ് കോടിയേരി പറഞ്ഞത്: ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍,കായംകുളത്ത് നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുമാരി: അരിതാ ബാബു മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് വായിച്ചു.'ഉരള് ചെന്ന് മദ്ദളത്തോട്' പരാതി പറയുന്നതായേ ആ കത്ത് വായിച്ചിട്ട് തോന്നിയുള്ളൂ. കാലങ്ങളായി, ഒരു അടിസ്ഥാനവുമില്ലാത്ത, വ്യക്തിപരമായി നിരവധി അധിക്ഷേപങ്ങള്‍ നേരിട്ട് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ച ആളാണ് നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്.ആരുടെയോ ഭാവനയില്‍ വിരിഞ്ഞ 'കമല ഇന്റര്‍നാഷണല്‍' എന്ന സാങ്കല്‍പ്പിക സൃഷ്ടിയുടെ പേരില്‍ വരെ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും വേട്ടയാടപ്പെട്ടു.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ബഹു:പൊതുമരാമത്ത് വകുപ്പ് മന്ത്രി സഖാവ് മുഹമ്മദ് റിയാസ്. പാര്‍ട്ടി അദ്ദേഹത്തെ ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. ഇത്തവണ അദ്ദേഹത്തെ പാര്‍ലമെന്ററി രംഗത്തേക്ക് നിയോഗിച്ചു. ബേപ്പൂരില്‍ നിന്ന് നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് മുഹമ്മദ് റിയാസിനെ, ഡി.വൈ.എഫ്.ഐ രംഗത്തെ സീനിയോറിറ്റി മാനദണ്ഡമാക്കി പൊതുമരാമത്ത് വകുപ്പിന്റെ ചുമതല നല്കി. മന്ത്രിസഭയില്‍ അംഗമാക്കി. ഏറ്റവും മികവുറ്റ രീതിയില്‍ ഇന്ന് ആ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്.എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഷയില്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവായതിന്റെ പേരില്‍ മാത്രം മന്ത്രിസഭയിലെത്തിയ ആളാണ്. കെ.പി.സി.സി പ്രസിഡന്റ് ട്വിറ്ററില്‍ നിന്ന് മുക്കിയ കത്തില്‍ പോലും ഈ പരാമര്‍ശ്ശങ്ങളുണ്ട്. ഇത്തരത്തില്‍ നിരവധി വ്യക്തിപരമായി അക്രമങ്ങള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നേരിട്ടുണ്ട്. ഇന്നും നേരിട്ട് കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ പിതാവിന്റെ തൊഴിലിനെ പോലും പരിഹസിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ജാതി അധിക്ഷേപങ്ങള്‍ അരിതാ ബാബുമാര്‍ സൗകര്യപൂര്‍വ്വം മറക്കുന്നുണ്ട്.
സ്വന്തം വീടിന് തീവച്ച്,അത് സി.പി.ഐ.എം പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവയ്ക്കാന്‍ നോക്കിയ പാറശാലയില്‍ നിന്നുള്ള നേതാവ്,കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു നിരപരാധിയായ യുവാവിനെ കുടുക്കാനായി,തന്നെ കൈയ്യേറ്റം ചെയ്തു എന്ന് പരാതിപ്പെട്ട പാലക്കാട് നിന്നുള്ള വനിതാ നേതാവ്,കെ.റെയില്‍ വിഷയത്തില്‍ കണ്ണൂരില്‍ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തപ്പോള്‍ മാല പൊട്ടിച്ചു എന്ന വ്യാജ പരാതി ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ്. അങ്ങനെ ഐക്യധാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് വന്നവരും വരേണ്ടവരും എല്ലാം ഉയര്‍ത്തുന്നത് നല്ല അസ്സല് ഇരവാദമാണ്.നിങ്ങള്‍ക്കൊപ്പമുള്ളവര്‍ ഇരയ്ക്കൊപ്പവും, അതേ സമയം വേട്ടക്കാരുടെ വേഷം തകര്‍ത്താടുന്നവരുമാണ്.
ഇന്നേ വരെ,പാര്‍ലമെന്ററി രംഗത്ത് കടന്ന് വന്നിട്ടില്ലാത്ത വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ 20 കൊല്ലമായി നിരന്തരമായി ഞാന്‍ വേട്ടയാടപ്പെടുന്നുണ്ട്. കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍,മാസ് അറ്റാക്കിംഗ് എനിക്കെതിരെ നടക്കുന്നുണ്ട്.അതിനെയെല്ലാം അതിജീവിച്ച് തന്നെയാണ് നില്‍ക്കുന്നത്. എന്നാല്‍ കഴിയുന്ന വിധം സമൂഹത്തില്‍, എന്റെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് തന്നെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍,സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് എന്ന നിലയില്‍, നിങ്ങളുടെ പാര്‍ട്ടി നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും നിരവധി അധിക്ഷേപങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്. ഇന്ന് വരെ,അതില്‍ ഒന്ന് പോലും വസ്തുതാപരമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തി,എന്നെ ഒക്കെ വേട്ടയാടിയതിനെ തുലനം ചെയ്ത് നോക്കിയാല്‍..അരിതയ്ക്കൊന്നും പിടിച്ച് നില്ക്കാന് പോലും കഴിയില്ല.
ഈ ഒരു പ്രവണത കാലങ്ങളായി തുടര്‍ന്ന് പോരുന്നത് നിങ്ങളുടെ പാര്‍ട്ടിയാണ്. ഒരു പരിധിക്കപ്പുറം, നിങ്ങളോ നിങ്ങളുടെ നേതാക്കളോ ഇത്തരം ആക്ഷേപങ്ങള്‍ക്ക് ഇരയായിട്ടില്ല. രാഷ്ട്രീയ മര്യാദ നിങ്ങള്‍ കാണിക്കാത്തിടത്ത്, ഞങ്ങള്‍ കാണിച്ചിട്ടുണ്ട്. മിതത്വവും മര്യാദയും ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ട്. ഒരു തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനെ വിവാഹം കഴിച്ചയാളും ബന്ധുക്കളും,അവര്‍ക്കും പിതാവിനുമെതിരെ ആരോപണങ്ങളുമായി അന്നത്തെ പാര്‍ട്ടി സെക്രട്ടറിയെ സമീപിച്ചപ്പോള്‍, ഒരു രാഷ്ട്രീയ മുതലെടുപ്പിനും തയ്യാറാകാതെ, അവരുടെ സ്വകാര്യത ചര്‍ച്ചയാക്കാന്‍ തയ്യാറാകാതെ,പരാതിക്കാരേ എ.കെ.ജി സെന്ററില്‍ നിന്ന് തിരിച്ച് പറഞ്ഞയച്ച ചരിത്രമാണ് ഞങ്ങള്‍ക്ക് ഓര്‍മ്മിപ്പിക്കുവാനുള്ളത്.
പ്രിയപ്പെട്ട കുമാരി അരിതാ ബാബു ആദ്യമേ തന്നെ, പുതിയതായി രൂപം കൊടുക്കുന്ന പാര്‍ട്ടി സിലബസ്സില്‍ ഇത്തരം മിനിമം മര്യാദകള്‍ ഉള്‍പ്പെടുത്താന്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടണം. കത്തിന്റെ മറുപടി ഏറ്റവും സിമ്പിളായി പറഞ്ഞാല്‍ ഏതാണ്ട് ഇത് പോലെയിരിക്കും. 'സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുത്തിട്ട് വേണം,മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍!'
പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ട് കൊടുത്തത് പ്രതിഭ
തനിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത് യു പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണെന്ന് അരിതാ ബാബു പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ട് കൊടുത്തതും പ്രതിഭയാണ്. അതിന് ശേഷം എഎം ആരിഫും പിവി അന്‍വറും പിന്നാലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഏറ്റെടുക്കുകയായിരുന്നെന്ന് അരിത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അരിതാ ബാബു പറഞ്ഞത്: ''പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടുകൊടുത്തത് യു. പ്രതിഭ എംഎല്‍എ തന്നെയാണ്. എംഎല്‍എയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് എല്ലാത്തിനും തുടക്കമിട്ടത്. ഒരു ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് എംഎല്‍എ ഇട്ട പോസ്റ്റ് ആരിഫ് എംപിയും പി.വി അന്‍വര്‍ എംഎല്‍എയും അടക്കമുള്ളവര്‍ പങ്കുവയ്ക്കുകയും പിന്നാലെ ഡിവൈഎഫ്ഐക്കാര്‍ ഏറ്റെടുക്കുകയുമായിരുന്നു. എംഎല്‍എ ഇട്ടത് ആ മാധ്യമത്തിന് എതിരായ പോസ്റ്റാണെങ്കിലും അങ്ങനെ ഒരു പോസ്റ്റ് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് എന്നെയാണ്. അത് ഡിവൈഎഫ്ഐയുടെ കൈയിലേക്ക് പോകാനും ഇങ്ങനെ ഒരു ചര്‍ച്ചയിലേക്ക് കൊണ്ടുവരാനും കാരണം എംഎല്‍എ തന്നെയാണ്. ഡിവൈഎഫ്ഐയുടെ സൈബര്‍ ഗുണ്ടകള്‍ എനിക്ക് നേരെയുള്ള അക്രമമായാണ് അതിനെ അഴിച്ചുവിട്ടത്. യു. പ്രതിഭ എംഎല്‍എയും ഒരു വനിതയാണ് എന്നകാര്യം അവര്‍ മറന്നു.''
''പുതിയ തലമുറയില്‍ നിന്നുള്ള ഒരാള്‍ എന്ന നിലയിലാകാം എനിക്ക് നേരെ ഇത്തരം സൈബര്‍ ആക്രമണം തുടരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ഥിയും വനിതയാണ് എന്ന പരിഗണന കൊടുത്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. രാഷ്ട്രീയം പറഞ്ഞു എന്നതിലപ്പുറം ഒരു രീതിയിലും വ്യക്തിഹത്യയിലേക്ക് പോയിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് വളര്‍ന്നുവരുന്ന ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള രസക്കേടുകളായിരിക്കാം ഇതിന് പിന്നിലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.''അരിത പറഞ്ഞു.