'കേരളം'; 'ഹൃദയപൂര്‍വ്വം ഡിവൈഎഫ്ഐ'യിലെ വൈറല്‍ കുറിപ്പ് പങ്കുവച്ച് ബിന്ദുകൃഷ്ണയും
കേരളം എന്ന ക്യാപ്ഷനോടെയാണ് ബിന്ദുകൃഷ്ണ കുറിപ്പ് പങ്കുവച്ചത്.
25 Jan 2023 11:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ നല്കുന്ന 'ഹൃദയപൂര്‍വ്വം' പൊതിച്ചോറില്‍ നിന്നും കിട്ടിയ വൈറല്‍ കുറിപ്പ് പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും. കേരളം എന്ന ക്യാപ്ഷനോടെയാണ് ബിന്ദുകൃഷ്ണ കുറിപ്പ് പങ്കുവച്ചത്. അമ്മ വീട്ടിലില്ലാത്തതിനാല്‍ ഭക്ഷണത്തിന് രുചിയില്ലെങ്കില്‍ ക്ഷമിക്കണം. സ്കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണെന്ന കുറിപ്പാണ് പൊതിച്ചോറിനൊപ്പം ഉണ്ടായിരുന്നത്.
'ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ. ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളില്‍ പോകാനുള്ള തന്ത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ..' കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്ന ഈ കുറിപ്പ് നിമിഷ നേരങ്ങള്‍ കൊണ്ട് വൈറലാവുകയായിരുന്നു. ഇടതുനേതാക്കള്‍ അടക്കമുള്ളവര്‍ കുറിപ്പ് പങ്കുവച്ചിരുന്നു.
ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം നല്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വം പൊതിച്ചോറ്. വര്‍ഷങ്ങളായി ആശുപത്രികളില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്. ഒരുവര്‍ഷം ലക്ഷക്കണക്കിന് പൊതിച്ചോറാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.