Top

'കൂടുതല്‍ മദ്യശാലകള്‍ ആരംഭിക്കുന്നത് വിരോധാഭാസം'; ഐടി പാർക്കുകളില്‍ വേണ്ടത് പബ്ബുകളെന്ന് ബിജു രമേശ്

ഐടി പാര്‍ക്കുകളില്‍ ബാര്‍ റസ്റ്റോറന്റുകള്‍ അനുവദിക്കുന്നതിലൂടെ സ്വതന്ത്രമായി ജോലി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നത്

30 March 2022 8:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂടുതല്‍ മദ്യശാലകള്‍ ആരംഭിക്കുന്നത് വിരോധാഭാസം; ഐടി പാർക്കുകളില്‍ വേണ്ടത് പബ്ബുകളെന്ന് ബിജു രമേശ്
X

കൊച്ചി: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരാണെന്ന് ബാറുടമ ബിജു രമേശ്. ബോധവല്‍ക്കരണം നടത്തി മദ്യത്തിന്റെ ഉപയോഗം കുറക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ കൂടുതല്‍ വില്‍പ്പന ശാലകള്‍ അനുവദിക്കുന്നത് വിരോധാഭാസമാണെന്നും ബിജു രമേശ് റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു. മദ്യ കച്ചവടമല്ല, സര്‍ക്കാരിന്റെ തൊഴിലെന്നും ബിജു രമേശ് പറഞ്ഞു. മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ ഒഴിവാക്കാനായി ആധുനിക രീതിയില്‍ മദ്യശാലകള്‍ തുടങ്ങുകയല്ല വേണ്ടത്, മറിച്ച് നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളെ ആധുനികവല്‍ക്കരിക്കുകയാണ് ചെയ്യേണ്ടതെന്നും ബിജു രമേശ് നിര്‍ദേശിച്ചു.

ഐടി പാര്‍ക്കുകളില്‍ ബാര്‍ റസ്റ്റോറന്റുകള്‍ അനുവദിക്കുന്നതിലൂടെ സ്വതന്ത്രമായി ജോലി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നത്. ജോലിയുടെ പിരിമുറുക്കം കുറക്കാന്‍ പബ്ബുകളാണ് അവര്‍ ആവശ്യപ്പെട്ടത്. മദ്യശാലകള്‍ തുറക്കുന്നതിനോട് തികച്ചും വിയോജിപ്പാണെന്നും ബിജു രമേശ് പറഞ്ഞു.

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞത്. കമ്പനികളുടെ സൗകര്യപ്രദമായ സമയം കണക്കിലെടുത്ത് റസ്റ്റോറന്റുകള്‍ തുടങ്ങാനാണ് തീരുമാനം, ഇവിടെ വീര്യം കുറഞ്ഞ മദ്യം എത്തിക്കുമെന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് വിശദീകരിച്ചു.

സംസ്ഥാനത്ത് മദ്യ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കില്ല. വലിയ ക്യൂ പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിലും, ലഭ്യത കുറവുള്ള ഇടങ്ങളിലും മാത്രം ആധുനിക മദ്യഷോപ്പുകള്‍ ആരംഭിക്കാനാണ് തീരുമാനം. ആളുകള്‍ക്ക് ആവശ്യമുള്ളത് അകത്തേക്ക് കയറി വാങ്ങി പോകാനുള്ള സൗകര്യമുള്ള പ്രീമിയം സംവിധാനമാണ് ഉദ്ദേശിക്കുന്നത്. അവിടെ എല്ലാ വിലയിലുമുള്ള മദ്യവും വില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ നിലവിലുള്ള വൈനറികളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യസംരംഭകര്‍ക്കും ലൈസന്‍സ് അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു.ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തിലും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വൈന്‍ ഉള്‍പ്പെടെയുള്ള വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുകയെന്നതാണ് മദ്യ നയത്തില്‍ വന്ന ഏറ്റവും പുതിയ മാറ്റമെന്നും മന്ത്രി വ്യക്തമാക്കി.

2022 -23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ മദ്യനയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മാനസിക ഉല്ലാസത്തിനുള്ള സൗകര്യങ്ങളുടെ പരിമിതി നിക്ഷേപത്തിനായി എത്തുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വലിയ കമ്പനികളുടെ കടന്ന് വരവിന് ഇത് തടസമാകുന്നെന്ന് മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നത്. പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

Next Story