Top

'ആ ശിശിരം ഇനി ഓര്‍മ്മകളില്‍..'; പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

26 Nov 2021 1:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ ശിശിരം ഇനി ഓര്‍മ്മകളില്‍..; പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
X

ബിച്ചു തിരുമല (79) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്. സിനിമ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ലളിത ഭക്തി ഗാനങ്ങളും രചിച്ചു. അയ്യായിരത്തിലേറെ ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1975 ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'അക്കല്‍ദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. നടന്‍ മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.

ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായി 1942 ഫെബ്രുവരി 13നായിരുന്നു ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ. ചന്ദ്ര, ശ്യാമ, ദര്‍ശന്‍രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍. മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരായിരുന്നു ബിച്ചു.

കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ തൂലിക ചലിപ്പിച്ചത്. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ പങ്കാളിയായി. 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമായിരുന്നു അദ്ദേഹം എഴുതിയത്. ഇതില്‍ വേഷമിടുകയും ചെയ്തു. ഈ നാടകം ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി.

സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേക്കെത്തിയതോടെയാണ് ജീവിതം ബിച്ചു തിരുമലയുടെ ജീവിതം സിനിമയ്ക്ക് ഒപ്പം സഞ്ചരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു എകണോമിക്‌സില്‍ ബിരുദം നേടിയ ശേഷമായിരുന്നു ചെന്നൈ യാത്ര. എന്നാല്‍ ആദ്യ കാല സിനിമ പ്രവര്‍ത്തരുടേതിന് സമാനമായിരുന്നു ബിച്ചു തിരുമലയുടേയും ചെന്നൈ ജീവിതം. ഒടുവില്‍ സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ സഹായിയായി. 'ശബരിമല ശ്രീധര്‍മശാസ്താവ്' എന്ന ചിത്രത്തില്‍ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയില്‍ എഴുതിയ കവിത 'ഭജഗോവിന്ദം' എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. പക്ഷേ സിനിമ മ പുറത്തിറങ്ങിയില്ല.

രണ്ടുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബിച്ചു തിരുമലയെ തേടിയെത്തിയിട്ടുണ്ട്. ഇതിന് പുറമെ സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതി പി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.

Next Story

Popular Stories