Top

'ചിതറിത്തെറിച്ചത് എന്റെ അഭിമാനമാണ്, തിരിച്ചു പിടിക്കും'; ഭാവന പറഞ്ഞത്, പൂർണ രൂപം

6 March 2022 10:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിതറിത്തെറിച്ചത് എന്റെ അഭിമാനമാണ്, തിരിച്ചു പിടിക്കും; ഭാവന പറഞ്ഞത്, പൂർണ രൂപം
X

അ‍ഞ്ച് വർഷത്തെ മൗനത്തിന് ശേഷം നേരിട്ട അതിക്രമത്തെക്കുറിച്ചും കടന്നു പോയ പ്രതിസന്ധികളെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി ഭാവന.മാധ്യമ പ്രവർത്തക ബർഖ ദത്തുമായുള്ള അഭിമുഖത്തിലാണ് നടി ആദ്യമായി തുറന്നു പറച്ചിൽ നടത്തിയത്. ആക്രമണം നേരിട്ട ശേഷം തന്റെ ജീവിതം മാറി മറഞ്ഞത്, ഇരയെന്ന പേരിട്ട് മുഖ്യധാരയിൽ നിന്നും തന്റെ പേര് തന്നെ അപ്രത്യക്ഷമായത്, സിനിമാ മേഖലയിൽ നിന്നുണ്ടായ മോശം പ്രതികരണങ്ങളും പിന്തുണയും തുടങ്ങിയ വിഷയങ്ങൾ ഭാവന സംസാരിച്ചു.

ജീവിതം മാറി മറിഞ്ഞു,

നേരിട്ട അതിക്രമം ജീവിതത്തെ മാറ്റിമറിച്ചു. അച്ഛന്‍ ജീവിച്ചിരുന്നു എങ്കില്‍ എനിക്ക് സംഭവിക്കില്ലായിരുന്നു എന്നുള്‍പ്പെടെ ചിന്തിച്ച സമയമായിരുന്നു അത്. പലപ്പോഴും സ്വന്തമായി കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്. 2017 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2020 ല്‍ വിചാരണ ആരംഭിച്ചു. കോടതിയില്‍ പോയ 15 ദിവസങ്ങള്‍ വളരെ ട്രോമാറ്റിക് ആയിരുന്നു. അവസാനത്തെ ഹിയറിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഇരയല്ല അതിജീവിതയാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു. അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. ഞാന്‍ കഷ്ണങ്ങളായി നുറുങ്ങി. ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന് ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. ഈ ആരോപണങ്ങള്‍ എന്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എന്റെ അഭിമാനം അവര്‍ തട്ടിയെടുത്തു. പിന്നെയും ഇത്തരം പരാമര്‍ശങ്ങളാല്‍ എന്നെ വേദനിപ്പിച്ചു.

അന്ന് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നില്ല. 2019 ലാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്യുന്നത്. അപ്പോള്‍ പോലും എനിക്ക് മോശം മെസേജുകള്‍ വന്നു. എന്ത് കൊണ്ട് ആത്മഹത്യ ചെയ്യുന്നില്ല എന്നെല്ലാം ചോദിച്ച് കൊണ്ട്. ഇതെല്ലാം കാരണം ഈ യാത്ര വളരെ മോശമായിരുന്നു.

തകർന്നിരുന്നു പക്ഷെ പിന്നോട്ടില്ല,

ചില സമയത്ത് ഞാന്‍ വളരെ തളര്‍ന്നു പോവും. എനിക്ക് പിന്തിരിയണമെന്ന് പല പ്രാവശ്യം തോന്നി. സാധാരണ ജീവിതം എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ പല പ്രാവശ്യം എല്ലാം ഒഴിവാക്കാന്‍ തോന്നിയിട്ടുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് പിടിച്ചു നിന്നത്.

എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം. എന്റെ അഭിമാനം കഷ്ണങ്ങളായി ചിതറി. എനിക്കത് തിരിച്ചു വേണം. എന്റെ കുടുംബം. എന്റെ സുഹൃത്തുക്കള്‍, ഡബ്ല്യുസിസി തുടങ്ങി നിരവധി പേര്‍ എനിക്കൊപ്പം നിന്നു. എനിക്കത് വാക്കുകളില്‍ പറയാന്‍ പറ്റില്ല. എനിക്ക് സംഭവിച്ചത് സംഭവിച്ചു. അതിലൂടെ കടന്നു പോയേ പറ്റൂ. പക്ഷെ എനിക്ക് പോരാടണം.ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുക എളുപ്പമല്ല. ചിലപ്പോള്‍ ഞാന്‍ വളരെ ദുഖിതയാണ്. ചിലപ്പോള്‍ നിരാശയിലും ചിലപ്പോള്‍ ദേഷ്യത്തിലും.

നഷ്ടപ്പെട്ട അവസരങ്ങളും തിരിച്ചു വരവും

തീര്‍ച്ചയായും എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ സംഭവത്തിന് ശേഷവും ചിലര്‍ എനിക്കാ അവസരങ്ങള്‍ നല്‍കിയിരുന്നു. ഞാന്‍ മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ശഠിച്ചിട്ടുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ഭദ്രന്‍ സാര്‍ , ഷാജി കൈലാസ് സാര്‍, ജയസൂര്യ തുടങ്ങിയവര്‍ എനിക്ക് അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും അതേ ഇന്ഡസ്ട്രിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മൂലം അഞ്ച് വര്‍ഷത്തോളം അത് എനിക്ക് നിരസിക്കേണ്ടി വന്നു. എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആ ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നിന്നു. എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തു. ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമയുടെ കഥകള്‍ കേള്‍ക്കുന്നുണ്ട്.

ഫലം നോക്കാതെ പോരാടും

നേരിട്ട ലൈംഗിതാതിക്രമങ്ങളെ പറ്റി നിരവധി പേര്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. അത് വളരെ ഞെട്ടിക്കുന്നതും ദുഖകരവുമായിരുന്നു. ഞാന്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നത് ശരിയായ തീരുമാനമാണെന്ന് എനിക്ക് വ്യക്തമാണ്. എന്താണ് ഫലമെന്നതിനെ പറ്റി ആശങ്കപ്പെടാതെ ശക്തമായി പോരാടും.

STORY HIGHLIGHT: BHAVANA OPENS UP ABOUT THE CASE

Next Story