Top

മഞ്ജു വാര്യരുടെ മൊഴിയെടുക്കും; ക്രൈം ബ്രാഞ്ച് നടപടി ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍

മഞ്ജു ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചെന്നും ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞിരുന്നു.

22 April 2022 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഞ്ജു വാര്യരുടെ മൊഴിയെടുക്കും; ക്രൈം ബ്രാഞ്ച് നടപടി ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍
X

കൊച്ചി: കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചുണ്ടായ മൊഴിയെടുക്കല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. നിര്‍ണായകമായ പല വിവരങ്ങളും മഞ്ജുവില്‍ നിന്നും ലഭിച്ചു എന്നാണ് സൂചന. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളും ഓഡിയോ സംഭാഷണവും ഉള്‍പ്പെടുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപ് ഡിലീറ്റ് ചെയ്ത പല ഫോണ്‍നമ്പറുകളേകുറിച്ചും മഞ്ജുവിന്റെ മൊഴിയെടുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയതായി വിവരമുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നൃത്ത വേദികളില്‍ തിരികെ വരാനുണ്ടായ സാഹചര്യമാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്. മഞ്ജു ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചെന്നും ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞിരുന്നു. സ്റ്റേജില്‍ കയറുന്നതിന് മുന്നേ അനുഗ്രഹം ചോദിച്ച് വിളിച്ച മഞ്ജുവിനോട് വളരെ മോശമായ ഭാഷയില്‍ ദിലീപ് സംസാരിച്ചു. തന്റെ കൈയില്‍ പൈസ ഇല്ലെന്നും ഡാന്‍സ് കളിച്ചേ പറ്റൂ എന്നും മഞ്ജു പറഞ്ഞിരുന്നു. തന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തതും മഞ്ജു ചൂണ്ടിക്കാട്ടി. കുപ്രചരണങ്ങള്‍ ഏറെ ഉണ്ടായിട്ടും ദിലീപില്‍ നിന്നും അകലാനുള്ള കാരണങ്ങളേക്കുറിച്ച് മഞ്ജു ഇത്രയും കാലം മൗനം പാലിക്കുകയായിരുന്നു. മഞ്ജു വാര്യരുടെ അനുവാദം വാങ്ങിയാണ് താനീ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറയുകയുണ്ടായി.

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് മുന്നിലുള്ള നിര്‍ണായക സാഹചര്യ തെളിവാണ് മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായ അകല്‍ച്ച. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഭാഗ്യ ലക്ഷ്മി വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിന്റെ സഹോദരനും നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയുമായ അനൂപിനെ, അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. കോടതിയില്‍ മഞ്ജുവിനെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് വിലയിരുത്തലുണ്ട്. 'മഞ്ജു സ്വാര്‍ത്ഥ ചിന്താഗതിക്കാരിയാണ്, മീനാക്ഷിയോടും വീട്ടിലെ മറ്റ് കുട്ടികളോടും സ്‌നേഹമില്ല, മദ്യപിച്ച് വീട്ടിലെത്തും, സംശയരോഗമുണ്ട്, ഡാന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിലീപിനോട് അനുവാദം ചോദിക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടുപോയി, അതിനേത്തുടര്‍ന്ന് ദിലീപില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നു,' തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ശബ്ദരേഖയിലുള്ളത്.

മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യാന്‍ കൂടുതല്‍ പണം ചോദിച്ചെന്ന് അനൂപിനേക്കൊണ്ട് പറയിപ്പിക്കാന്‍ അഭിഭാഷകന്‍ ശ്രമിക്കുന്നതും ശബ്ദരേഖയിലുണ്ട്. '10 ലക്ഷം രൂപ പ്രതിഫലമെന്നതില്‍ കുറവ് വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ദിലീപിനെ കരിക്കകം ക്ഷേത്രക്കാര്‍ വിളിച്ചെന്ന് പറയണം. ഇതനുസരിച്ച് ദിലീപേട്ടന്‍ മഞ്ജുച്ചേച്ചിയെ വിളിച്ചു. തന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ തുക കുറയ്ക്കാന്‍ തയ്യാറായില്ലെന്ന് പറയണം' എന്നും ശബ്ദരേഖയിലുണ്ട്.

ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:ഒരുപാട് കഥകളിവര്‍ നിര്‍മ്മിക്കുന്നുണ്ട് എന്നത് ഈ കുറഞ്ഞ ദിവസങ്ങളിലായി ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. കാരണം ഇവര്‍ തമ്മില്‍ സംസാരിച്ച കുറേ അധികം ശബ്ദങ്ങള്‍ പുറത്ത് വന്നിരുന്നു. പറയാതെ ഡാന്‍സിന് പോയി അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്നുള്ള രീതിയില്‍ ഒരിടത്ത് പറഞ്ഞ് അനൂപ് കേട്ടിരുന്നു. ഇതില്‍ ഒരു വിഷയത്തില്‍ ഞാനൊരു ദൃക്‌സാക്ഷിയാണ്. ദൃക്‌സാക്ഷിയെന്ന് വച്ചാല്‍ ഞാനൊരു ഭാഗമാണ് ആ വിഷയത്തില്‍. എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവും ഇല്ല. ഒരു പ്രാവശ്യം എന്തോ കണ്ടിട്ടേയുള്ളു ആ സമയത്ത്. അപ്പോ എനിക്ക് മഞ്ജുവിനോട് ഒരു അടുപ്പവുമില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും. അപ്പോ കരിക്കകം ക്ഷേത്രത്തില്‍ ഡാന്‍സ് കളിച്ചതിനെ കുറിച്ച് എവിടെയോ ഒരിടത്ത് ഞാന്‍ വായിച്ചു. അനൂപ് പറഞ്ഞതായിട്ട് വായിച്ചിരുന്നു. കരിക്കകം ക്ഷേത്ത്രിലുള്ളവര്‍ എന്നെയാണ് അന്ന് വിളിച്ചത്. എന്നെ വിളിച്ചിട്ട് പറഞ്ഞു മാം, നിങ്ങള്‍ എങ്ങനെയെങ്കിലും മഞ്ജു വാര്യരെ സംഘടിപ്പിച്ചു തരുമോ ഞങ്ങളുടെ ഉത്സവകാലത്ത് ഡാന്‍സിന് എന്ന്. ഞാന്‍ പറഞ്ഞു എനിക്കൊരു പരിചയവുമില്ലെന്ന്. അയ്യോ അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്ന് പറഞ്ഞു. ഞാന്‍ ഗീതു മോഹന്‍ദാസിനെയാണ് വിളിച്ചത്. എനിക്ക് മഞജു വാര്യരെ പരിചയം ഇല്ല. നമ്പറില്ല. അപ്പോ ഗീതു പറഞ്ഞു എന്റെ പൊന്നു ചേച്ചി, ചേച്ചിക്കെന്താ മഞ്ജുവിനെ വിളിച്ചാല്‍, ഞാന്‍ നമ്പര്‍ തരാം. ചേച്ചി മഞ്ജുവിനെ വിളിച്ച് നേരിട്ട് ചോദിക്കെന്ന്.

അന്ന് ദിലീപും മഞ്ജുവും തമ്മില്‍ പ്രശ്‌നമുള്ളത് കൊണ്ട് ദിലീപിനെ വിളിക്കാന്‍ തോന്നിയില്ല. ഞാന്‍ മഞ്ജുവിനെ വിളിച്ചു. മഞ്ജു ഡാന്‍സ് കളിക്കുവോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, എനിക്ക് കളിച്ചേ പറ്റൂ. ഞാന്‍ സാമ്പത്തികമായിട്ട് വളരെ പ്രശ്‌നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. അപ്പോ പൈസയില്ല എന്റെ കയ്യില്, പൈസ വേണം എന്നിങ്ങനെ പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു. ഇങ്ങനെയൊരു അമ്പലം പറഞ്ഞിട്ടുണ്ട്. പേയ്‌മെന്റ് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞു. എന്റെ റോള്‍ അവിടെ കഴിഞ്ഞു. അവര്‍ രണ്ട് പേരും തമ്മില്‍ സംസാരിച്ചു. ചോദിച്ച പേയ്‌മെന്റ് തന്നെ അവര്‍ ഓക്കെ പറഞ്ഞു. നല്ല രീതിയില്‍ ഒരു പേയ്‌മെന്റ് പറഞ്ഞു. മഞ്ജു എന്നെ വിളിച്ച് പറഞ്ഞു. ഞാന്‍ ഇതുവരെയും ഇത് എവിടെയും പറയാത്ത കാര്യമാണ്. പക്ഷേ ഇതിനെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതുകൊണ്ടാണ് ഞാന്‍ ഇത് പറഞ്ഞത്.

അന്ന് രാത്രി ഒന്നരമണിയായപ്പോ എനിക്കൊരു കോള്‍ വന്നു. നോക്കുമ്പോള്‍ ദീലീപ് ആയിരുന്നു. അപ്പോ എനിക്ക് ദേഷ്യം വന്നു. എന്തിനാണ് ഈ രാത്രിയിലൊക്കെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോ ഇവിടെ കുറച്ച് പ്രശ്‌നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തില് ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തത് എന്ന് ചോദിച്ചു. ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തതല്ല. രണ്ട് പേരെ കണക്റ്റ് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. അവള്‍ അത് കളിക്കാന്‍ പാടില്ല എന്ന് പറഞ്ഞു. അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങള് നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലെ എന്ന് പറഞ്ഞു. അപ്പോ എന്റെയടുത്ത് പറഞ്ഞു. ചേച്ചിയെ ഭയങ്കര സ്‌നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാ കേള്‍ക്കും എന്ന് പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു 14 വര്‍ഷം കൂടെ ജീവിച്ച നിങ്ങള്‍ക്കവളെ സ്വാധീനിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെ സ്വാധീനിക്കാന്‍ കഴിയും, ഞാന്‍ സംസാരിക്കില്ല എന്ന് പറഞ്ഞു. അപ്പോ എന്റെ അടുത്ത് കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. കുറച്ച് രൂക്ഷമായി തന്നെ സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു. അങ്ങനെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ഞാന്‍ അപ്പോ തന്നെ മഞ്ജുവിന് ഒരു മെസേജ് അയച്ചു, രാവിലെ എന്നെ വിളിക്കണം അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. രാവിലെ ആറ്- ആറര ആവുമ്പോ മഞ്ജു എന്നെ വിളിച്ചു.അപ്പോ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്‌നമാണങ്കില്‍ ഡാന്‍സ് നിര്‍ത്തിക്കൂടേ ചോദിച്ചു. അപ്പോ എന്നോട് പറഞ്ഞു ചേച്ചി ഈ പ്രശ്‌നം ഞാന്‍ ഡീല്‍ ചെയ്‌തോളാം, ചേച്ചി ഇതിനെക്കുറിച്ച് ഒന്നും അറിയണ്ട. കുറച്ച് പ്രശ്‌നമുണ്ട് ചേച്ചി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് അവര്‍ ഡാന്‍സ് കളിച്ചു. ഇതാണ് ആ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത്. അല്ലാതെ അവര്‍ തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും അങ്ങനെയൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. ഗുരുവായൂര്‍ ഡാന്‍സ് കളിക്കാന്‍ പോവുന്നതിന് മുന്‍പ് ഒക്കെ ഞാന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്. വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് ദീലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇതോന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ട്, ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെര്‍മിഷനോട് കൂടി ഞാന്‍ ഇപ്പോള്‍ ഇത് പറയുകയാണ് , ഇങ്ങനെയുള്ള തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് പറയുന്നത്.നടിയുടെ വിഷയമുണ്ടായ സമയത്ത് ഇദ്ദേഹമൊരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി, കൂടാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ കൂടെ കൂടിയിട്ടാണ് ഇത് സംഭവിച്ചത് എന്ന്. അപ്പൊ ഇദ്ദേഹം നില്‍ക്കുന്ന അവസ്ഥ ആരുടെ കൂടെ കൂടിയിട്ടാണ് ഇങ്ങനെ മോശമായ അവസ്ഥയില്‍ എത്തി നിന്നത്. അപ്പൊ ഒരു സ്ത്രീയെക്കുറിച്ച്, അത് അതിജീവിത ആവട്ടെ, മഞ്ജു വാര്യര്‍ ആവട്ടെ, ആരും ആവട്ടെ അവരെക്കുറിച്ച് ഇങ്ങനെ തെറ്റായ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുക, കോടതിയില്‍ വന്നു നിങ്ങള്‍ അവര്‍ മദ്യപിക്കും എന്ന് പറയണം. മദ്യപിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. മഞ്ജു മദ്യപിക്കുകയോ ഇല്ലയോ എന്നത് എനിക്കറിയില്ലാ, എന്റെ വിഷയവുമല്ലത്. കോടതിയില്‍ ഇങ്ങനെ പറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇങ്ങനെയാണോ ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്നത്.

Story Highlights: bhagyalakshmis revelation crime branch to record manju warriers statement

Next Story