Top

'മലയാളികൾക്ക് എന്നാണ് നേരം വെളുക്കുക'; വേദിയിലേക്ക് കളക്ടർ കുഞ്ഞുമായി എത്തിയ സംഭവത്തിൽ ബെന്യാമിൻ

'കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്നാണ് നമ്മൾ ആർജിക്കുക'

2 Nov 2022 6:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളികൾക്ക് എന്നാണ് നേരം വെളുക്കുക; വേദിയിലേക്ക് കളക്ടർ കുഞ്ഞുമായി എത്തിയ സംഭവത്തിൽ ബെന്യാമിൻ
X

പത്തനംതിട്ട: പൊതു വേദിയിൽ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ കുഞ്ഞുമായെത്തിയതിനെ തുടർന്നുണ്ടായ വിമർശനത്തിൽ പ്രതികരിച്ച് എഴുത്തുകാരൻ ബെന്യാമിൻ. പൊതുവേദികളിലും പാർലമെന്റിലും നിയമ നിർമ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളുണ്ട്. അവിടെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്ന് മുതലാണ് നമ്മൾ ആർജിക്കുക. എല്ലാത്തിലും കുറ്റം മാത്രം കാണുന്ന മലയാളികൾക്ക് എന്നാണ് നേരം വെളുക്കുക എന്നും ബെന്യാമിൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

കളക്ടറുടെ നടപടി അരോചകമാണെന്ന് ​ഗാനരചയിതാവ് രാജീവ് ആലുങ്കൽ വിമർശിച്ചിരുന്നു. പിന്നാലെ കളക്ടറെ വിമർശിച്ചും അനുകൂലിച്ചും പോസ്റ്റുകൾ വന്നു. രാജീവ് ആലുങ്കലിന്റെ വിമർശനത്തിൽ കളക്ടറുടെ ഭർത്താവും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥൻ രം​ഗത്തുവന്നിരുന്നു. 'ആറു ദിവസവും ജോലി ചെയ്തു ആകെയുള്ള ഞായറാഴ്ച അവധി ദിനത്തിൽ ഔദ്യോഗിക സ്വഭാവം ഇല്ലാത്ത ഒരു പ്രോഗ്രാമിൽ ക്ഷണം സ്വീകരിച്ചു പോയപ്പോൾ കുഞ്ഞിനെ കൊണ്ടുപോകുന്നത് അരോചകമല്ല. പിന്നെ അവധി ദിവസം അവൻ അമ്മയുടെ പുറകെ നടന്നാൽ പറ്റില്ല എന്ന് പറയാൻ കഴിയുമോ?. ഇവിടെ യുണൈറ്റഡ് നേഷനിലും വിദേശത്തെ ജന പ്രതിനിധി സഭകളിലും വനിതകൾ കൈകുഞ്ഞുങ്ങളെ കൊണ്ടുവരുന്നുണ്ട്. ലോകം മാറുകയാണ് നമ്മളും.' എന്ന് ശബരീനാഥൻ മറുപടി നൽകിയിരുന്നു.

ബെന്യാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം,

ഒരിക്കൽ കൊല്ലത്ത് ഒരു ചടങ്ങിന് പോയപ്പോൾ അവിടെ മുഖ്യാതിഥിയായി ഉണ്ടായിരുന്നത് അനുഗൃഹീത നടൻ നെടുമുടി വേണുവായിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിനിടയിൽ പറഞ്ഞ ഒരു പ്രധാന കാര്യം, ദീർഘദൂരം യാത്ര ചെയ്ത് ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ചിലവഴിക്കാമായിരുന്ന നിമിഷങ്ങളാണ്. എങ്കിലും നിങ്ങളുടെ സ്നേഹവും നിർബന്ധവും കണക്കിലെടുത്ത് ഞാനിവിടെ എത്തി എന്നായിരുന്നു. പൊതു ഇടത്തിൽ നിൽക്കുന്ന ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നം തന്നെ ആണിത്. അവരുടെ സ്വകാര്യ നിമിഷങ്ങൾ പലതും നഷ്ടപ്പെടുത്തിയാണ് അവർ പല പരിപാടികളിലും പങ്കെടുക്കുന്നത്.

ഇവിടെ ഇപ്പോൾ ഇത് പറയാൻ കാരണം പത്തനംതിട്ട ജില്ലാ കളക്ടർ പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ മകനെ പങ്കെടുപ്പിച്ചതിനെ വിമർശിച്ചു കൊണ്ട് ചിലർ എഴുതിയത് കണ്ടതുകൊണ്ടാണ്. അവർ ജില്ലാ കലക്ടർ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്. അവർക്കും സ്വകാര്യ നിമിഷങ്ങൾ ആവശ്യമുണ്ട്. തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചിലവഴിക്കാൻ അവർക്കും അവകാശമുണ്ട്. ആ സമയം നഷ്ടപ്പെടുത്തി ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുമ്പോൾ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാൻ ഉള്ളത്? അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാൻ ആവുന്നില്ല. പൊതുവേദികളിലും പാർലമെന്റിലും നിയമ നിർമ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്നാണ് നമ്മൾ ആർജിക്കുക? എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക?.

STORY HIGHLIGHTS: Benyamin respond on collector came to the stage with her baby

Next Story