Top

'ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി ഒരു ബന്ധവും സഭക്കില്ല'; സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്സ് ചർച്ച്

10 Jun 2022 10:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി ഒരു ബന്ധവും സഭക്കില്ല; സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്സ് ചർച്ച്
X

പത്തനംതിട്ട: സ്വർണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. തങ്ങൾക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്നും ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ പണമിടപാടുകൾ കെെകാര്യം ചെയ്യുക എന്നതല്ല തങ്ങളുടെ ജോലിയെന്നും സഭാ വക്താവ് സിജോ പന്തപ്പള്ളിൽ വ്യക്തമാക്കി.

'ഷാജിനെ മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് എനിക്ക് പരിചയം. അദ്ദേഹം മാധ്യമപ്രവർത്തന രംഗത്തില്ല എന്ന് മനസിലാകുന്നത് കഴിഞ്ഞ ദിവസത്തെ അഭിമുഖങ്ങൾ കണ്ടപ്പോഴാണ്. സഭയുമായി ബന്ധപ്പെട്ട അനുബന്ധ പ്രസ്ഥാനങ്ങളിലും ഷാജിന് യാതൊരു ബന്ധമില്ല. ബില്ലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ജോലി എന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ പണമിടപാടുകൾ കെെകാര്യം ചെയ്യുക എന്നതല്ല. ഞങ്ങൾക്ക് ഞങ്ങളുടെ സഭയുണ്ട്, ആശുപത്രികളുണ്ട്, പളളികളുണ്ട്, പ്രസ്ഥാനങ്ങളുണ്ട്, സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളുണ്ട്. അല്ലാതെ മറ്റുളളവരുടെ പണമിടപാടുകൾ കെെകാര്യം ചെയ്യലല്ല. എന്തുകൊണ്ടാണ് ഷാജ് അങ്ങനെ പറഞ്ഞുവെന്നതിനെ പറ്റി അറിയില്ല. ഒരു മാധ്യമത്തിനും ഞങ്ങൾ പണം നൽകിയിട്ടില്ല. ഞങ്ങൾ ആശുപത്രികൾ പോലുളള സ്ഥാപനമാണ് നടത്തുന്നത്. അതിന്റെ ഭാഗമായി പരസ്യങ്ങൾ എല്ലാ മാധ്യമസ്ഥാപനങ്ങൾക്കും നൽകാറുണ്ട്. അതല്ലാതെ ഒരു മാധ്യമസ്ഥാപനവുമായിട്ടോ രാഷ്ട്രീയ പാർട്ടികളുമായിട്ടോ അനാവശ്യമായിട്ടൊരു ബന്ധം ഞങ്ങൾ വെച്ചിട്ടിട്ടില്ല,' സിജോ പന്തപ്പള്ളിൽ പറഞ്ഞു.

'ബിലീവേഴ്സ് ചർച്ച് മുഖേന മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിൻറെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം. ഇക്കാര്യത്തിൽ സംഘടന പരാതിയുമായി മുന്നോട്ട് വന്നാൽ ഷാജ് കിരണിനെതിരെ കേസെടുത്ത് നടപടിയാക്കാനാണ് പൊലീസിൻറെ തീരുമാനം. കൊച്ചിയിൽ തുടരുന്ന ഷാജ് കിരണിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ല. സ്വപ്നാ സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റി. ഷാജ് കിരണുമായി അജിത് കുമാർ ഫോണിൽ സംസാരിച്ചു എന്നതിൻറെ അടിസ്ഥാനത്തിലാണ് മാറ്റം. ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല.

STORY HIGHLIGHTS: Believers Eastern Church denies allegations of Swapna

Next Story