Top

'ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ സഭ ഉത്തരവാദിയാവുമോ'; ഷാജ് കിരണിനെതിരെ നിയമ നടപടിക്കെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്

ഓഡിയോ ക്ലിപ്പില്‍ ഇല്ലാത്ത കാര്യങ്ങള്‍ പത്ര സമ്മേളനത്തിനിടയ്ക്ക് വ്യക്തികള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ബീലിവേഴ്‌സ് സഭ അറിയിച്ചു

11 Jun 2022 2:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ സഭ ഉത്തരവാദിയാവുമോ; ഷാജ് കിരണിനെതിരെ നിയമ നടപടിക്കെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്
X

എറണാകുളം: ഷാജ് കിരണിന്റെ ആരോപണത്തില്‍ നിയമ നടപടിക്കൊരുങ്ങി ബീലിവേഴ്‌സ് ചര്‍ച്ച്. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നതിനൊന്നും ഉത്തരവാദിത്തമില്ല. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പണമിടപാടുകള്‍ നടത്തുകയെന്നതല്ല സഭയുടെ ജോലിയെന്നും ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന സ്വപ്‌നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഷാജ് കിരണ്‍ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നായിരുന്നു സ്വപ്‌ന വെള്ളിയാഴ്ച്ച ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടുകൊണ്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിശദീകരണം.

'സഭയും 57 ഭദ്രാസനങ്ങളിലെ പള്ളികളും സാമൂഹിക സന്നദ്ധ സേവനങ്ങളും സ്‌കൂളുകളും ആശുപത്രികളും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തി ഉത്തരവാദിത്തത്തോടെ വരികയാണ്. ഞങ്ങള്‍ക്ക് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പണമിടപാടുകള്‍ നടത്തുകയെന്നതല്ല ജോലി. ഷാജ് കിരണ്‍ എന്ന വ്യക്തിയുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു ബന്ധവും സഭക്കില്ല. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ എവിടെയങ്കിലും പോയി എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ സഭ എങ്ങനെ ഉത്തരവാദിയാവും. ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് ഷാജ് കിരണിനെതിരെ എത്രയും പെട്ടെന്ന് നിയമ നടപടി സ്വീകരിക്കും.' ഫാ. സിജോ പന്തപ്പള്ളില്‍ വിശദീകരിച്ചു.

ഓഡിയോ ക്ലിപ്പില്‍ ഇല്ലാത്ത കാര്യങ്ങള്‍ പത്ര സമ്മേളനത്തിനിടയ്ക്ക് വ്യക്തികള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ബീലിവേഴ്‌സ് സഭ അറിയിച്ചു. സഭയുടെ പേര് വലിച്ചിഴക്കാന്‍ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കുന്നു. പേരോ തെളിവുകളോ ഇല്ലാത്തതിനാല്‍ ആരുടേയും മുഖത്തേക്ക് ചെളിവാരിയെറിയില്ല. തെളിവുകള്‍ കിട്ടുന്ന മുറക്ക് അത് ചെയ്യുമെന്നാണ് അറിയിച്ചത്.

എന്നാല്‍ മുഖ്യമന്ത്രി- ബിലീവേഴ്‌സ് ചര്‍ച്ച ബന്ധമാരോപിച്ചത് കേട്ടുകേള്‍വിയിലാണെന്നാണ് ഷാജ് കിരണ്‍ റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞത്. ബിലീവേഴ്‌സ് ചര്‍ച്ചില്‍ പോയിട്ടുള്ളവരുടെ പേര് താന്‍ പുറത്ത് വിട്ടാല്‍ എല്ലാവരും പേടിക്കും, ഫണ്ട് ട്രാന്‍സ്ഫറിനെകുറിച്ച് എച്ച് ആര്‍ ഡി എസ് പലവട്ടം തന്നോട് ചോദിച്ചിരുന്നു. പിണറായിയുടേയും കോടിയേരിയുടേയും ഫണ്ട് എഫ്സിആര്‍എ കാരണം ക്യാന്‍സലായെന്ന് കേട്ടിട്ടുണ്ട് എന്നു മാത്രമാണ് താന്‍ പറഞ്ഞത്. സ്വപ്ന ഈ ഭാഗം ശബ്ദരേഖയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തുവെന്നുമാണ് ഷാജ് കിരണിന്റെ വാദം.

Next Story