കോഴിക്കോട് ബീച്ചിലെ സംഘർഷം; പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് മേയർ
22 Aug 2022 5:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീതപരിപാടി നടത്തുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്ന് മേയർ ബീനാ ഫിലിപ്പ്. സ്റ്റാളുകൾ ഇടുന്നതിന് മാത്രമാണ് സംഘാടകർ അനുമതി തേടിയത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെ പരിപാടി നടത്തിയത് തെറ്റാണെന്നും മേയർ പ്രതികരിച്ചു. പരിപാടിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം ടിക്കറ്റ് വിറ്റെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. പൊലീസുകാരനെ ആക്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. മാത്തോട്ടം സ്വദേശി ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 70ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു.
കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ജെഡിടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. അവധി ദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍ പേരെത്തി. ഗായകരെത്തിയപ്പോള്‍ കാണികള്‍ ആവേശം കാണിച്ചതാണ് പ്രശ്നമുണ്ടാകാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു. കാണികളെ നിയന്ത്രിക്കാനായില്ല. യുവാക്കള്‍ പ്രകോപിതരായതാണ് പൊലീസ് ലാത്തി വീശുന്നതിന് കാരണമായതെന്നും സംഘാടകര്‍ പറഞ്ഞു.
മനപൂര്‍വമുണ്ടാക്കിയ പ്രശ്നമല്ല പരിപാടിക്കിടെയുണ്ടായതെന്നും സംഘാടകർ വ്യക്തമാക്കി. സംഘാടകര്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ വന്നിരുന്നു. ടിക്കറ്റ് വെച്ചായിരുന്നു ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. ആളുകള്‍ വര്‍ദ്ധിച്ചതോടെ ടിക്കറ്റ് കൊടുക്കുന്നത് നിര്‍ത്തിവെച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് സംഘാടകര്‍ പറയുന്നത്. പ്രകോപിതരായ ആളുകള്‍ സംഘാടകരുമായി തര്‍ക്കത്തിലായി. പിന്നീട് ഉന്തും തള്ളുമുണ്ടായതുമാണ് അപകടത്തിന് കാരണമായത്. തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. ആളുകള്‍ പൊലീസിന് നേരെ കുപ്പി എറിഞ്ഞതോടെയാണ് സംഘര്‍ഷം ബീച്ചിന് പുറത്തേക്ക് വ്യാപിച്ചത്.
STORY HIGHLIGHTS: Beena Philip said that organizers nit informed about the music program at the Kozhikode beach