Top

'ഞാന്‍ പോകുന്ന ബിജെപി പരിപാടികളില്‍ വര്‍ഗീയത പറയുന്നില്ല'; ബാലഗോകുലം പരിപാടിക്ക് പാര്‍ട്ടി അനുവാദം വേണമെന്ന് തോന്നിയില്ലെന്ന് മേയര്‍

മുഴുവന്‍ സമയപ്രവര്‍ത്തനമെന്ന ശീലമില്ലാത്തത് കൊണ്ടായിരിക്കാം, കര്‍ശനമായിട്ടുള്ള നിയന്ത്രണമൊന്നും പാര്‍ട്ടി വച്ചിട്ടില്ലെന്ന് ബീന ഫിലിപ്പ്.

8 Aug 2022 12:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ പോകുന്ന ബിജെപി പരിപാടികളില്‍ വര്‍ഗീയത പറയുന്നില്ല; ബാലഗോകുലം പരിപാടിക്ക് പാര്‍ട്ടി അനുവാദം വേണമെന്ന് തോന്നിയില്ലെന്ന് മേയര്‍
X

കോഴിക്കോട്: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. ബാലഗോകുലം പരിപാടിക്ക് പോകുന്നതിന് പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയിട്ടില്ലെന്ന് ബീന ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്കാര്‍ നടത്തുന്ന പല പരിപാടികളിലും പോകാറുണ്ട്. അവിടെയൊന്നും വര്‍ഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ലെന്നും ബീന വിശദീകരിച്ചു.

''സ്ത്രീകളുടെ കൂട്ടായ്മ അമ്മമാരോട് സംസാരിക്കണമെന്ന് പറയുമ്പോള്‍ അത് നിഷേധിക്കാന്‍ എനിക്ക് പറ്റില്ല. ആര്‍എസ്എസിന്റെ പോഷക സംഘടനയെന്ന് ബാലഗോകുലത്തെ വിചാരിച്ചിരുന്നില്ല. അവരുമായി ബന്ധപ്പെട്ടവരാണെന്ന് അറിയാമായിരുന്നു. ബിജെപിക്കാര്‍ നടത്തുന്ന പല പരിപാടികളിലും ഞാന്‍ പോകാറുണ്ട്. അവിടെയൊന്നും വര്‍ഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ല. ബാലഗോകുലത്തിന്റെ പരിപാടിയിലേക്ക് പോകുന്നതിന് പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. മുഴുവന്‍ സമയപ്രവര്‍ത്തനമെന്ന ശീലമില്ലാത്തത് കൊണ്ടായിരിക്കാം, കര്‍ശനമായിട്ടുള്ള നിയന്ത്രണമൊന്നും എനിക്ക് മേല്‍ പാര്‍ട്ടി വച്ചിട്ടില്ല.''-ബീന ഫിലിപ്പ് പറഞ്ഞു.

ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിതെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.

ശിശുപരിപാലനത്തില്‍ കേരളം പിന്നിലാണെന്ന പരാമര്‍ശം ബീന ഫിലിപ്പ് ആവര്‍ത്തിച്ചു. നോര്‍ത്ത് ഇന്ത്യയിലെ ആള്‍ക്കാര്‍ ഏത് കുട്ടിയെയും വളരെ സ്‌നേഹത്തോടെ നോക്കും. അവരുടെ വീട്ടില്‍ ചെന്നാല്‍ അടുത്ത വീട്ടിലെ കുട്ടിക്ക് ഭക്ഷണം അത് പോലെ കൊടുക്കും. പക്ഷെ കേരളത്തില്‍ അങ്ങനെയല്ലെന്ന് ബീന ഫിലിപ്പ് അവകാശപ്പെട്ടു.

''ശിശു പരിപാലനത്തില്‍ കേരളം പിന്നിലാണ്. നോര്‍ത്ത് ഇന്ത്യയിലെ ആള്‍ക്കാര്‍ ഏത് കുട്ടിയെയും വളരെ സ്‌നേഹത്തോടെ നോക്കും. അവരുടെ വീട്ടില്‍ ചെന്നാല്‍ അടുത്ത വീട്ടിലെ കുട്ടിക്ക് ഭക്ഷണം അത് പോലെ കൊടുക്കും. പക്ഷെ കേരളത്തില്‍ അങ്ങനെയല്ല. വളരെ സ്വാര്‍ത്ഥത കുഞ്ഞുങ്ങളെ പഠിപ്പിക്കും. ഇതെല്ലാം എന്നോട് പറഞ്ഞത് നോര്‍ത്ത് ഇന്ത്യയിലെ എന്റെ ബന്ധുക്കളാണ്. ചേച്ചി കേരളത്തിലെ വന്നപ്പോഴാണ് ഇത് അറിയുന്നതെന്നാണ് അവര്‍ പറഞ്ഞത്. കുട്ടികളെ ഒരു വീട്ടിലേക്ക് പറഞ്ഞ് വിട്ട് കഴിഞ്ഞാല്‍, അവര്‍ കുഞ്ഞുങ്ങളെ ഒരുപോലെ കാണില്ല. കേരളത്തിലെ വീടുകളിലെ കുട്ടികളോടുള്ള സമീപനം തെറ്റാണ്. എല്ലാവരെയും അല്ല ഉദേശിച്ചേ. നോര്‍ത്ത് ഇന്ത്യയില്‍ കുട്ടികളെ പീഡിപ്പിക്കുന്ന കഥകള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്. അത് ഇവിടെയും കേള്‍ക്കുന്നുണ്ട്.''

Next Story