Top

'പിശക് പറ്റി, പാര്‍ട്ടി നിലപാടിനോട് പൂര്‍ണ യോജിപ്പ്'; ആര്‍എസ്എസ് വേദിയിലെത്തിയതില്‍ ബീന ഫിലിപ്പ്

മേയറെന്ന നിലയില്‍ അമൃത് പദ്ധതിയുടെ ഭാഗമായാണ് തലസ്ഥാനത്ത് എത്തിയതെന്ന് ബീന ഫിലിപ്പ്.

10 Aug 2022 3:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിശക് പറ്റി, പാര്‍ട്ടി നിലപാടിനോട് പൂര്‍ണ യോജിപ്പ്; ആര്‍എസ്എസ് വേദിയിലെത്തിയതില്‍ ബീന ഫിലിപ്പ്
X

തിരുവനന്തപുരം: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്.

തനിക്ക് സംഭവിച്ചത് പിശകാണെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നെന്നും ബീന ഫിലിപ്പ് പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയത് പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമല്ല. മേയറെന്ന നിലയില്‍ അമൃത് പദ്ധതിയുടെ ഭാഗമായാണ് തലസ്ഥാനത്ത് എത്തിയതെന്ന് ബീന ഫിലിപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിത്. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കിയിരുന്നു.

ബാലഗോകുലം പരിപാടിയില്‍ ബീന ഫിലിപ്പ് പങ്കെടുത്തതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മേയര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബീന തിരുവനന്തപുരത്തെത്തിയത്.

ബാലഗോകുലം പരിപാടിക്ക് പോകുന്നതിന് പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയിട്ടില്ലെന്നാണ് സംഭവം വിവാദമായതിന് പിന്നാലെ ബീന ഫിലിപ്പ് പ്രതികരിച്ചത്. ബിജെപിക്കാര്‍ നടത്തുന്ന പല പരിപാടികളിലും പോകാറുണ്ട്. അവിടെയൊന്നും വര്‍ഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ലെന്നും ബീന വിശദീകരിച്ചിരുന്നു.

Next Story