'സുരേഷ് ഗോപി സ്വയം സ്ഥാനാര്‍ത്ഥിത്വവും സീറ്റും പ്രഖ്യാപിച്ചു'; ബിഡിജെഎസിന് അമര്‍ഷവും പ്രതിഷേധവും
ശിബിരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപിക്കെതിരെ വിമര്‍ശനാത്മകമായാണ് സംസാരിച്ചത്.
19 March 2023 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത സമ്മേളനത്തില്‍ സുരേഷ് ഗോപി സ്വയം സ്ഥാനാര്‍ത്ഥിത്വവും സീറ്റും പ്രഖ്യാപിക്കുന്ന വിധം പ്രസംഗിച്ചതില്‍ അമര്‍ഷത്തില്‍ ബിഡിജെഎസ്. ബിഡിജെഎസിന്റെ നേതാക്കളടക്കം പലരും ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്തു. ബിഡിജെഎസ് കൊച്ചിയില്‍ നടന്ന സംസ്ഥാന പഠന ശിബിരത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ബിജെപി നേതാക്കള്‍ എത്തിയിരുന്നില്ല. ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ അനിരുദ്ധ് കാര്‍ത്തികേയന്റെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്.
ശിബിരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപിക്കെതിരെ വിമര്‍ശനാത്മകമായാണ് സംസാരിച്ചത്. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്ന് തുഷാര്‍ പറഞ്ഞു. തങ്ങള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍ഡിഎഫും യുഡിഎഫും വരുമെന്നും കേരളത്തിലെ എന്‍ഡിഎ അദ്ധ്യക്ഷന്‍ കൂടിയായ തുഷാര്‍ അവകാശപ്പെട്ടു.
കൊച്ചിയില്‍ ബിഡിജെഎസ് സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യവെയായിരുന്നു തുഷാറിന്റെ പ്രതികരണം. ആറ് മാസത്തിനുള്ളില്‍ സംസ്ഥാന സമ്മേളനം നടത്തുകയും പാര്‍ട്ടി കരുത്ത് തെളിയിക്കുകയും ചെയ്യും. മാത്രമല്ല 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ണായക ശക്തിയാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് രൂപം കൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിയുടെ കരുത്ത് കേരളം കണ്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ 2000ല്‍ നിന്ന് 20,00030,000 വരെ എത്തി. ഇന്ന് കേരളത്തില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും. ഹിന്ദുത്വം കൊണ്ടുമാത്രം കേരളം ഭരിക്കാനാകില്ല. ന്യൂനപക്ഷ പിന്തുണയും ആവശ്യമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Story Highlights: bdjs against suresh gopi's anouncement