Top

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; കോഴിക്കോടും കോട്ടയത്തും തിരുവനന്തപുരത്തും സംഘര്‍ഷം

25 Jan 2023 4:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; കോഴിക്കോടും കോട്ടയത്തും തിരുവനന്തപുരത്തും സംഘര്‍ഷം
X

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രദര്‍ശനം പലയിടത്തും സംഘര്‍ഷത്തിന് വഴിവെച്ചു. കോട്ടയം ജില്ലയിലെ വൈക്കത്തും കോഴിക്കോട് ബീച്ചിലും തിരുവനന്തപുരം വെള്ളായണിയിലും നടത്തിയ ഡോക്യുമെന്ററി പ്രദര്‍ശനം സംഘര്‍ഷത്തില്‍ കലാശിച്ചു. കേഴിക്കോട് ഫ്രറ്റേണിറ്റിയും വൈക്കത്ത് ഡിവൈഎഫ്‌ഐയും തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും നടത്തിയ പരിപാടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കോഴിക്കോട് ബീച്ചില്‍ ഫ്രറ്റേണിറ്റി നടത്താനിരുന്ന പരിപാടിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പൊതുസ്ഥലമായിരുന്നതിനാലാണ് അനുമതി നല്‍കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിപാടി നടത്തുമെന്ന് പറഞ്ഞ സമയത്തിന് മുന്‍പ് തന്നെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായി എത്തിയ സംഘാടകരെ പൊലീസ് തടഞ്ഞു. എല്ലാ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയും ഇവര്‍ കൊണ്ട് വന്ന ഉപകരണങ്ങള്‍ അടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വൈക്കത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലായി.

തിരുവനന്തപുരം വെള്ളയാണി ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശനം ഉണ്ടായിരുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇവിടേക്ക് പ്രതിഷേധവുമായി എത്തുകയും പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

STORY HIGHLIGHTS: BBC Documentary screening led to Clashes in Kozhikode Kottayam and Thiruvananthapuram

Next Story