Top

'എന്റെ അടുത്ത സുഹൃത്തും ശിഷ്യനും ദിലീപിനൊപ്പം'; വ്യാജ പരാതിക്ക് പിന്നില്‍ അമിത ആരാധനയെന്ന് ബാലചന്ദ്ര കുമാര്‍

'ശാന്തിവിള ദിനേശ് ക്വാളിറ്റിയുള്ള ആളാണ്, അതാണ് ഇതുവരെ അദ്ദേഹത്തിന്റെ പേര് പറയാതിരുന്നത്'

18 Aug 2022 7:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ അടുത്ത സുഹൃത്തും ശിഷ്യനും ദിലീപിനൊപ്പം; വ്യാജ പരാതിക്ക് പിന്നില്‍ അമിത ആരാധനയെന്ന് ബാലചന്ദ്ര കുമാര്‍
X

കൊച്ചി: വ്യാജ പീഡന പരാതിക്ക് പിന്നില്‍ ദിലീപിനോട് അമിതമായി ആരാധനയുള്ള ഒരുകൂട്ടം ആളുകളാണെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. സ്‌കൂള്‍ കാലം മുതല്‍ ദിലീപിനോടൊപ്പമുള്ള സംവിധായകനായ ഒരു സുഹൃത്ത്, കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ചാനലുകളില്‍ വന്ന് അദ്ദേഹത്തിന് വേണ്ടി നിരന്തരം വാദിക്കുന്ന മറ്റൊരു സംവിധായകന്‍, തന്റെ ശിഷ്യനായിരുന്ന മറ്റൊരു സംവിധായകന്‍, ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന ഒരാള്‍, ദിലീപിന് വേണ്ടി മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു യൂട്യൂബ് ചാനലിന്റെ ഉടമസ്ഥന്‍, അതിന്റെ രണ്ട് പ്രവര്‍ത്തകര്‍ എന്നിവരാണ് ഈ വ്യാജപരാതിക്ക് പിന്നിലെന്നും ഇക്കാര്യങ്ങള്‍ പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

ശാന്തിവിള ദിനേശ് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും പിന്നീട് തോന്നിയ ശത്രുതയായിരിക്കാം വ്യാജ പരാതിക്ക് കൂട്ടുനിന്നതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ശാന്തിവിള ദിനേശ് എന്റെ അടുത്ത സുഹൃത്തായിരുന്നു. ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ് നടന്നവരുടെ കൂട്ടത്തില്‍ ഞാനും അദ്ദേഹവുമുണ്ടായിരുന്നു. പിന്നീടാണ് ഞാന്‍ പലതിനും സാക്ഷിയാകുന്നതും കഥ മാറുന്നതും. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇത് തുറന്നുപറയാന്‍ തയ്യാറായപ്പോള്‍ എനിക്കെതിരെ ആദ്യം തിരിഞ്ഞത് അദ്ദേഹമായിരുന്നു. ദിലീപിനോട് അദ്ദേഹത്തിന് ഭയങ്കര കൂറാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് എന്നോട് ശത്രുത തോന്നിയിരിക്കാം. ശാന്തിവിള ദിനേശ് ക്വാളിറ്റിയുള്ള ആളാണ്, അതാണ് ഇതുവരെ അദ്ദേഹത്തിന്റെ പേര് പറയാതിരുന്നത്.'

'ദിലീപിന്റെ പങ്കില്ലാതെ ഒന്നും നടക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഈ പരാതിമൂലം എനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി, ഒരു സിനിമ നഷ്ടപ്പെട്ടു, നാട്ടിലും ബന്ധുക്കള്‍ക്കിടയിലും ചീത്തപ്പേരുണ്ടായി. എന്റെ മകന് സ്‌കൂളില്‍ കൂട്ടുകാര്‍ക്കിടയില്‍ നിന്നും അധ്യാപകരില്‍ നിന്ന് പോലും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു. ഇതൊക്കെ വളരെ വേദനിപ്പിക്കുന്ന കാര്യമാണ്', ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.

പീഡന പരാതി വ്യാജമെന്ന പൊലീസ് കണ്ടെത്തലില്‍ സന്തോഷമുണ്ട്. പൊലീസ് വളരെ വിശദമായ അന്വേഷണം നടത്തിയാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ട് 40ഓളം പേജുണ്ട്, തെളിവുകള്‍ കൃത്യമായി പൊലീസ് പറയുന്നുണ്ട്. കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് അത്ഭുതകരമായി തോന്നുന്നു. വേറെ ഏതെങ്കിലും സ്ഥലത്തൊക്കെയാണെങ്കില്‍ വിശ്വസിക്കാം. കേരളത്തിലും ഇതൊക്കെ സംഭവിച്ചുതുടങ്ങിയിരിക്കുന്നു എന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നു.

ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പാവപ്പെട്ട ഒരു സ്ത്രീയെ വാടകയ്ക്ക് എടുത്ത്, അവര്‍ക്ക് കാശ് നല്‍കിയാണ് വ്യാജ പരാതി നല്‍കിയത്. പൊലീസ് വിശദമായ അന്വേഷണം നടത്തിയാണ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. 40ഓളം പേജുള്ള റിപ്പോര്‍ട്ടില്‍ തെളിവുകള്‍ കൃത്യമായി പറയുന്നുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

'പരാതിക്കാരിയുടെ വിലാസം വ്യാജമായാണ് നല്‍കിയിരിക്കുന്നത്, 44 വയസെന്ന് പറയുന്നു പക്ഷെ അവര്‍ 58 വയസുള്ളയാളാണ്. അവര്‍ക്കിത് എങ്ങനെ ചെയ്യാന്‍ തോന്നി എന്നത് തന്നെ അതിശയം തോന്നുന്നു. പൊലീസിനോട് പേരും തെറ്റിച്ചാണ് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്നും മനസിലായത്. അത് വായിക്കുമ്പോള്‍ ഇങ്ങനെയും മനുഷ്യരുണ്ടോ എന്നാണ് അതിശയം തോന്നിയത്. എന്തായാലും റിപ്പോര്‍ട്ട് കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. അടുത്ത നടപടിക്ക് വേണ്ടിയുള്ള ചര്‍ച്ചയിലാണ്', ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നില്‍ ദിലീപും സംഘവുമാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുള്ള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും തലശ്ശേരി സ്വദേശിയായ യുവതിക്ക് ദിലീപും സംഘവും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പരാതിക്കാരി ആത്മഹത്യപ്രേരണ കേസിലെ പ്രതിയുമാണ്.

നിലവില്‍ പരാതിക്കാരി ഒളിവിലാണ്. ഇവരുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും താമസ സ്ഥലത്തും നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും പരാതിക്കാരിയെ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം ആലുവ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലചന്ദ്ര കുമാറിനെതിരെ ദിലീപും സംഘവും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് വ്യാജ പരാതി സൃഷ്ടിച്ചതെന്നുമാണ് പ്രത്യേക പൊലീസ് സംഘം കണ്ടെത്തിയത്.

ഗൂഡാലോചനയ്ക്ക് പിന്നില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ഇടവനത്തോട് വ്യാസന്‍, സംവിധായകന്‍ ശാന്തിവിള ദിനേശ്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലായ ഭാര്ത ലൈവ് ഉടമ ജസ്റ്റിന്‍ ഡൊണാള്‍ഡ് എന്ന കണ്ണൂര്‍ സ്വദേശിക്കും പങ്കുളളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്നതായി യുവതി പറഞ്ഞ വീട് ജസ്റ്റിന്‍ ഡൊണാള്‍ഡും ദിലീപിന്റെ സുഹൃത്തായ മറ്റൊരു സിനിമ പ്രവര്‍ത്തകനും സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Story Highlights: Balachandra Kumar About Fake Complaint Against Him

Next Story