Top

എവി ഗോപിനാഥും കെവി തോമസിന്റെ പാതയിലോ? 'വികസനകാര്യത്തില്‍ സര്‍ക്കാരിനൊപ്പം; നയിക്കാന്‍ കഴിവുള്ളവരെ ജനം തെരഞ്ഞെടുത്തു'

''ഈ നാടിനെ നയിക്കാന്‍ കഴിവുള്ളവരെ ജനങ്ങള്‍ തെരഞ്ഞെടുത്തു.''

22 May 2022 12:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എവി ഗോപിനാഥും കെവി തോമസിന്റെ പാതയിലോ? വികസനകാര്യത്തില്‍ സര്‍ക്കാരിനൊപ്പം; നയിക്കാന്‍ കഴിവുള്ളവരെ ജനം തെരഞ്ഞെടുത്തു
X

പാലക്കാട്: നാടിന്റെ വികസനകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പമാണെന്ന് പ്രഖ്യാപിച്ച് പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് എവി ഗോപിനാഥും. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള വേദിയില്‍ വച്ചാണ് ഗോപിനാഥ് ഇക്കാര്യം പറഞ്ഞത്.

വികസനകാര്യങ്ങളില്‍ രാഷ്ട്രീയമില്ലെന്നും കെ വി തോമസിനെ പോലെ ഞങ്ങളും ഒറ്റക്കെട്ടെന്ന് എവി ഗോപിനാഥ് വ്യക്തമാക്കി. കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് കൊണ്ടാണ് കെവി തോമസിനെ പോലെ വികസന കാര്യത്തില്‍ താനും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തും സര്‍ക്കാരിനൊപ്പമാണെന്ന് ഗോപിനാഥ് പ്രഖ്യാപിച്ചത്.

എവി ഗോപിനാഥിന്റെ വാക്കുകള്‍: ''എന്റെ ആത്മസുഹൃത്തായ കെവി തോമസ് പോലും പറഞ്ഞിരിക്കുന്നത്, വികസനകാര്യത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നാണ്. അപ്പോള്‍ എവി ഗോപിനാഥിന് പറയാന്‍ എന്താണ് മടി. ഞാന്‍ അല്ല, ഈ കൂടിയ ജനങ്ങളെല്ലാം, ഈ ഗ്രാമപഞ്ചായത്ത് വികസനകാര്യത്തില്‍ അങ്ങയുടെ കൂടെ ഒറ്റക്കെട്ടാണ്. അതില്‍ ഒരു സംശയവുമില്ല. കോണ്‍ഗ്രസോ, കമ്യൂണിസ്‌റ്റോ എന്നത് അല്ല ഞങ്ങളുടെ പ്രശ്‌നം. അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ കാര്യങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. ഈ നാടിനെ നയിക്കാന്‍ കഴിവുള്ളവരെ ജനങ്ങള്‍ തെരഞ്ഞെടുത്തു. ഇത് അംഗീകരിക്കാനുള്ള മാനസിക തയ്യാറെടുപ്പ് പണ്ടേ സ്വീകരിച്ചിട്ടുണ്ട്. അതാണ് അങ്ങയുടെ സാന്നിധ്യം ഇന്ന് ഇവിടെയുണ്ടാകാന്‍ കാരണം.'' കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ഗോപിനാഥിന്റെ പരാമര്‍ശം.

വികസന കാര്യത്തില്‍ എവി ഗോപിനാഥിനെപ്പോലെയുള്ളവര്‍ സഹകരിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയായി പറഞ്ഞു. നാടിന് പുരോഗതിയാണ് ആവശ്യമായി വേണ്ടത്. അതിന് വികസനം വരണം. ഗോപിനാഥ് സഹകരിക്കുമെന്ന് പറയുന്നത് നല്ല കാര്യമാണ്. ആ സഹകരണം കൂടുതല്‍ ശക്തമാക്കണമെങ്കില്‍ അതിനും തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story