'അമിത കൂലി ആവശ്യപ്പെട്ടു, യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി'; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ചേരാനെല്ലൂര്‍ സ്വദേശി സനുവിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്
18 March 2023 2:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: യാത്രക്കാരിയോട് അമിത കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചേരാനെല്ലൂര്‍ സ്വദേശി സനുവിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് യുവതി ഇടപ്പള്ളി വട്ടക്കുന്നത്തേക്ക് ഓട്ടോ വിളിച്ചത്. ഓട്ടോ ഇറങ്ങിയ യുവതി ഡ്രൈവര്‍ക്ക് 100 രൂപ നല്‍കി. എന്നാല്‍ ഇത് വാങ്ങാതെ 140 രൂപ ആവശ്യപ്പെടുകയായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന ആളാണെന്നും 100 രൂപയാണ് കൊടുക്കാറുള്ളതെന്നും യുവതി പറഞ്ഞെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ല.
തുടര്‍ന്ന് മോശമായ രീതിയില്‍ സംസാരിച്ചതോടെ യുവതി ആര്‍ടിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെഎസ് സനീഷ് ഓട്ടോ ഡ്രൈവറെ പിടികൂടി. സംഭവം ശരിയാണെന്ന് തിരിച്ചറിഞ്ഞതോടെ എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണന്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
STORY HIGHLIGHTS: Auto driver's licence suspended on women's complaint