Top

അട്ടപ്പാടി മധു വധക്കേസ്; വിധി ഇന്ന്

ആൾക്കൂട്ട ആക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷം

17 March 2023 11:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അട്ടപ്പാടി മധു വധക്കേസ്; വിധി ഇന്ന്
X

പാലക്കാട്: അന്തിമ വാദം പൂർത്തിയായ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവധക്കേസിലെ വിധി ഇന്ന് പ്രഖ്യാപിച്ചേക്കും. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയാണ് കേസിലെ വിധി പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിലെ അന്തിമവാദം പൂർത്തിയായത്. നാടകീയ രംഗങ്ങൾക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറിയിരുന്നു.

77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായും മൊഴി നൽകിയത്. കൂറുമാറിയ വനം വകുപ്പിലെ താൽകാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.

കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടർമാരാണ് കേസിൽ നിന്നും മാറിയത്. 2022 ഫെബ്രുവരി 18നാണ് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രനും അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോനും ഹാജരായത്. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികൾ നിരന്തരം കൂറു മാറിയതോടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെടുകയും, രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. പ്രോസിക്യൂട്ടർമാർ മാറി മാറിയെത്തിയ കേസ്, പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

STORY HIGHLIGHTS: Attappadi Madhu case court verdict today

Next Story